.

.

Saturday, January 21, 2012

കണ്‍നിറയെ കടച്ചിക്കുന്ന്

ചെങ്കുത്തായ കുന്നിന്‍ചെരിവുകളിലൂടെയുള്ള ദുര്‍ഘടം പിടിച്ച കാട്ടുപാത, ചുറ്റിലും ആനച്ചൂര്, ഇല്ലിമുള്ളുകള്‍ക്കിടയിലൂടെ ശ്വാസമടക്കി പിടിച്ച് കൊണ്ടുള്ള കഠിന യാത്ര, ചുവടൊന്നു പിഴച്ചാല്‍ അഗാധമായ കൊക്കയിലേക്ക്... കാടിന്റെ വന്യതയും സാഹസിക യാത്രയും ഒരുമിച്ച് ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് വയനാട്-നിലമ്പൂര്‍ വനാതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന കടച്ചിക്കുന്ന് വെള്ളച്ചാട്ടം. ഏകദേശം അഞ്ഞൂറടിയോളം ഉയരത്തില്‍ നിന്നു പതിക്കുന്ന ഇൌ വെള്ളച്ചാട്ടത്തെ മലബാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമെന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

പ്രകൃതിയുടെ മനോഹരിയെന്ന വിളി കേള്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ഇടമാണ് കടച്ചിക്കുന്ന് വെള്ളച്ചാട്ടം. ജൈവസമ്പത്താല്‍ സമൃദ്ധമായ കാടിനു നടുവിലായാണ് വെള്ളച്ചാട്ടം. അഞ്ഞൂറടിയോളം ഉയരത്തില്‍ നിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിനു താഴത്തുനിന്നാല്‍ വെള്ളം സ്പ്രേ ചെയ്യുന്നതു പോലെയുള്ള അനുഭൂതിയാണ്. കണ്ണീര്‍കണം പോലുള്ള ജലം നേരെ ചാലിയാറിലേക്കാണ് ഒഴുകിപോകുന്നത്. ചാലിയാറിലേക്കുള്ള യാത്രയ്ക്കിടെ മൈലുകള്‍ക്കപ്പുറത്തുള്ള സണ്‍റൈസ് വാലിയില്‍ നിന്നുള്ള ജലവുമായി സംഗമിക്കും. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന പാറക്കൂട്ടങ്ങളാണ് മറ്റൊരു പ്രത്യേകത. രണ്ടു വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. ചെങ്കുത്തായ പാറക്കൂട്ടങ്ങളുടെ താഴെ ഭാഗത്താണ് രണ്ടാമത്തെ വെള്ളച്ചാട്ടം. ഭീമന്‍ പാറകളെ കീറിമുറിച്ച് ഒഴുകി വരുന്ന ജലം കൊടുംതണുപ്പാണ് സമ്മാനിക്കുക. വഴുവഴുപ്പുള്ള പാറകളില്‍ അള്ളിപ്പിടിച്ചു വേണം മുകളിലുള്ള പ്രധാന വെള്ളച്ചാട്ടത്തിലെത്താന്‍. സൂക്ഷിച്ചു ചുവടുവച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്. മുകളിലെത്തിയാല്‍ പ്രകൃതിയൊരു മനോഹര ശില്‍പിയാണെന്ന് ആരും പറഞ്ഞുപോകും. പച്ചപ്പാര്‍ന്ന വനങ്ങള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം ദൂരത്ത് പാറക്കൂട്ടങ്ങള്‍. അവയ്ക്കിടയിലൂടെ ഒഴുകുന്ന പാലരുവി. നയനമനോഹരമായ കാഴ്ചകള്‍ക്ക് ഇവിടെ അവസാനമില്ല.

തിരിച്ചു കാടിറങ്ങുമ്പോള്‍ പരുക്കന്‍ പാത വഴുക്കന്‍ പ്രതലത്തിനു വഴിമാറും. താഴോട്ടിറങ്ങുമ്പോള്‍ ഇല്ലിമുള്ളുകളാണ് വഴിമുടക്കികളായതെങ്കില്‍ തിരിച്ചു കയറുമ്പോള്‍ വഴുവഴുപ്പുള്ള പാറകള്‍ വില്ലനായി മാറും. ഇൌ പാറകളില്‍ പിടിച്ചുകയറിയെ മുകളിലത്തെ വനത്തില്‍ എത്താന്‍ കഴിയുകയുള്ളു. വനത്തിലെത്തിയാല്‍ മണിക്കൂറുകളോളം തലകുനിച്ചുള്ള യാത്രയാണ് കാത്തിരിക്കുന്നത്. ഇതു പിന്നിട്ടാല്‍ വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചു കൊണ്ടുള്ള അതിസാഹസിക യാത്രയും തരണം ചെയ്യണം. ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിപ്പെടുമ്പോള്‍ ഏതു വമ്പനായാലും ഒന്നു നെടുവീര്‍പ്പിട്ടു പോകും.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചിക്കുന്ന് എന്ന ഗ്രാമത്തിലാണ് വെള്ളച്ചാട്ടം. കോഴിക്കോട്-ഉൌട്ടി റോഡില്‍ നിന്നു രണ്ടര കിലോമീറ്റര്‍ ദൂരമകലെയാണ് ഇൌ ഗ്രാമം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും ആസ്വദിക്കാം. വടുവന്‍ചാലില്‍ നിന്നു നാലുകിലോമീറ്റര്‍ ദൂരവും കല്‍പറ്റയില്‍ നിന്നു മേപ്പാടി വഴി 20 കിലോമീറ്റര്‍ ദൂരവും യാത്ര ചെയ്താല്‍ ഇവിടേക്ക് എത്തിപ്പെടാം.

എളുപ്പവഴി
കടച്ചിക്കുന്ന്-കോട്ടനാട്മൂല-പുതിയപാടി വഴി എളുപ്പത്തില്‍ എത്തിച്ചേരാം.

അധികൃതരുടെ ഇടപെടല്‍ കൂടിയുണ്ടായാല്‍ കടച്ചിക്കുന്ന് വെള്ളച്ചാട്ടത്തെ ലോകമറിയുമെന്നത് തീര്‍ച്ചയാണ്. ടൂറിസം മാപ്പില്‍ എന്നെങ്കിലുമൊരിക്കല്‍ ഇൌ വെള്ളച്ചാട്ടവും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാര്‍.
Manoramaonline >> Environment >> Travel(ജെയ്സണ്‍ കെ തോമസ്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക