.

.

Thursday, January 5, 2012

നൂറു രൂപയ്ക്ക് പൈപ്പ് കമ്പോസ്റ്റ്

ഉറവിടത്തിലെ മാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോര്‍പറേഷനിലെ ഒരു ലക്ഷം വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു. കോര്‍പറേഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഇതിനുള്ള പദ്ധതി തയാറാക്കിവരികയാണ്. ഇത്രയും കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതോടെ റോഡിലെത്തുന്ന മാലിന്യത്തില്‍ വലിയ അളവുവരെ കുറവുണ്ടാവുമെന്നാണു കണക്കാക്കുന്നത്. ബയോഗ്യാസ് പ്ളാന്റ് അല്ലാതെയും മാലിന്യസംസ്കരണ മാര്‍ഗങ്ങളുണ്ടെന്ന പ്രചാരണത്തിനു കൂടി പദ്ധതി ഉപകരിക്കും.

വീടിനോടു ചേര്‍ന്നു പത്തടി സ്ഥലമെങ്കിലും ഉള്ളവര്‍ക്കു പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയും. രണ്ടു പൈപ്പുകളും അതിനുള്ള അടപ്പും അടങ്ങിയ യൂണിറ്റിനു 340 രൂപയോളം വില വരും. ഇതിന്റെ 75% സബ്സിഡി ലഭിക്കുമെന്നതിനാല്‍ നൂറു രൂപയില്‍ താഴെ മാത്രമേ ഒരു വീടിനു ചെലവ് വരികയുള്ളു. ഇതു സ്ഥാപിക്കാനുള്ള ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാനാണ് ആലോചന.

ഒന്നര മീറ്റര്‍ വീതം നീളമുള്ള പിവിസി പൈപ്പോ സിമന്റ് പൈപ്പോ ഉപയോഗിക്കാം. 250 മില്ലീമീറ്റര്‍ വ്യാസം ഉണ്ടായിരിക്കും ഇതിന്. ഇത് ഒരടി താഴ്ചയില്‍ കുത്തനെ കുഴിച്ചിടും. ഇതില്‍ ആദ്യം കുറച്ചു ചാണകം നിക്ഷേപിക്കും. അതിനു മുകളിലേക്കു ദിവസവും ഉണ്ടാവുന്ന മാലിന്യം നിക്ഷേപിച്ചു പൈപ്പ് അടച്ചുവയ്ക്കാം. മാലിന്യത്തില്‍ നിന്നുള്ള ജലാംശം മണ്ണിലേക്കു താഴ്ന്നിറങ്ങി പൊയ്ക്കൊള്ളും. ശേഷിക്കുന്ന മാലിന്യം പൈപ്പിനകത്തു കിടന്നു കമ്പോസ്റ്റാവും. ഒന്നരമാസം കൊണ്ടാണ് ഒരു പൈപ്പിലെ മാലിന്യം കമ്പോസ്റ്റാവുക. അപ്പോഴേക്കും അടുത്ത പൈപ്പ് സ്ഥാപിക്കുകയും നിലവിലുള്ളത് ഇളക്കിയെടുത്ത് അതിനകത്തെ കമ്പോസ്റ്റ് പുട്ടുകുറ്റി കുത്തുന്ന തരത്തില്‍ കുത്തി പുറത്തെടുക്കുകയും ചെയ്യാം. ഈ കമ്പോസ്റ്റ് ഉപയോഗിച്ചു വീട്ടുവളപ്പിലും ടെറസിലും ചട്ടികളിലും പച്ചക്കറി കൃഷി നടത്തുകയും ചെയ്യാം.

അഞ്ചു പേരടങ്ങുന്ന കുടുംബത്തിനു മാലിന്യം സംസ്കരിക്കാന്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് മതി. രണ്ടര കിലോ മാലിന്യം ദിവസവും നിക്ഷേപിക്കാം. ഇറച്ചിയുടെയും മീനിന്റെയും അവശിഷ്ടങ്ങളും മുട്ടത്തോടുമെല്ലാം സംസ്കരിക്കാന്‍ കഴിയും. വീടിനോടു ചേര്‍ന്ന് അല്‍പം മണ്ണെങ്കിലും ഉള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. പൈപ്പ് അടച്ചുവയ്ക്കുന്നതിനാല്‍ ദുര്‍ഗന്ധവുമുണ്ടാവില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

നഗരത്തില്‍ അങ്ങിങ്ങായി വീണ്ടും മാലിന്യ നിക്ഷേപം കണ്ടുതുടങ്ങി. പ്ളാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിട്ടു പോവുകയാണു ചിലര്‍. പിടിപി നഗര്‍ മരുതംകുഴി റോഡ്, മെഡിക്കല്‍കോളജ്, പൂന്തീ റോഡ്, ശ്രീചിത്ര ക്വാര്‍ട്ടേഴ്സ് ലെയ്ന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം വീണുതുടങ്ങി. ശുചീകരണ തൊഴിലാളികള്‍ മാലിന്യം റോഡരികിലിട്ടു കത്തിക്കുന്നുമുണ്ട്.

ഹോട്ടലുകളിലെ മാലിന്യം എടുക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒരു ചാക്ക് മാലിന്യം എടുക്കാന്‍ 1000 രൂപയാണ് ആവശ്യപ്പെടുന്നതെന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു മാലിന്യം കുഴിച്ചുമൂടുകയാണു പല ഹോട്ടലുകാരും. ഹോട്ടലുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്നതു കോര്‍പറേഷന്‍ നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. സര്‍ക്കാര്‍ സ്ഥലത്തു മാലിന്യം കുഴിച്ചുമൂടൂന്ന രീതിയും വിജയകരമല്ല. ഒരിക്കല്‍ കുഴിയെടുത്ത സ്ഥലത്തു മാലിന്യം കമ്പോസ്റ്റായിത്തീരുന്നതിനു മുന്‍പു തന്നെ വീണ്ടും കുഴിയെടുക്കേണ്ടിവരുന്നതു ദുരിതമായിരിക്കുകയാണ്.

വീടുകളില്‍ പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്നവര്‍ക്കു മാലിന്യപ്രശ്നത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ കഴിയുന്നുണ്ട്. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും മീനിന്റെയുമെല്ലാം അവശിഷ്ടം വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷിച്ചുകൊള്ളും.
Manoramaonline(അനില്‍ കുരുടത്ത്)>> Environment >> Save earth

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക