കോതമംഗലം: സംസ്ഥാന വിനോദ സഞ്ചാരത്തിന്റെ ഭാവി വനം ടൂറിസത്തില്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പുനരാരംഭിച്ച ജലാശയ വിനോദ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം ടൂറിസത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടേക്കാട് പക്ഷിസങ്കേതം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്നു കൊടുക്കുവാന്‍ വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സങ്കേതത്തില്‍ കൂടുതലായി കണ്ടുവരുന്ന മാക്കാച്ചികാട (സിലോണ്‍ ഫ്രോഗ്മൗത്ത്) യുടെ ആവാസ വ്യവസ്ഥക്കു ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുക്കി വൈല്‍ഡ് ലൈഫ് അധികൃതര്‍ പ്രവേശനം നിരോധിച്ചിരുന്നത്.
വ്യവസ്ഥകള്‍ക്കു വിധേയമായി വാച്ച് ടവര്‍ വരെയുള്ള മേഖലയിലേക്ക് ട്രക്കിംഗിനും പക്ഷി നിരീക്ഷണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതി തയ്യാറാക്കി ഒരാഴ്ച കൊണ്ട് സമര്‍പ്പിക്കാന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് ഡിഎഫ്ഒ സാബി വര്‍ഗീസിന് മന്ത്രി നിര്‍ദ്ദേശം നല്കി.
ആഭ്യന്തര സഞ്ചാരികള്‍ക്ക് പ്രവേശനത്തിന് 100 രൂപയും വിദേശികള്‍ക്ക് 250 രൂപയും ഫീസ് ഈടാക്കും. പ്രത്യേക പാക്കേജും തയ്യാറാക്കും. കമ്പ്യൂട്ടറൈസ്ഡ് പ്രവേശന ടിക്കറ്റും സ്ഥല സംബന്ധമായ പൂര്‍ണ വിവരങ്ങളും അടങ്ങിയ ബ്രോഷറും നല്കും.
തട്ടേക്കാട് ഭൂതത്താന്‍കെട്ട് എന്നീ കേന്ദ്രങ്ങളില്‍ ഇ-ടോയിലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ശുദ്ധീകരിച്ച കുടിവെള്ള സംവിധാനവും വനംവകുപ്പിന്റെ ശബരിതീര്‍ത്ഥം കുപ്പിവെള്ളം സ്റ്റാളുകള്‍ വഴി വിതരണം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
തട്ടേക്കാട് എക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലമലയിലേക്കും പഴയ ഭൂതത്താന്‍കെട്ടിലേക്കും ട്രക്കിംഗിനുള്ള സാധ്യതകള്‍ പഠിച്ച് പദ്ധതി തയ്യാറാക്കും.
ഭൂതത്താന്‍കെട്ടില്‍ കെടിഡിസിയുടെ അധീനതയില്‍ ഉള്ള 15 ഏക്കര്‍ സ്ഥലത്ത് കെഎഫ്ഡിസിയുമായി സഹകരിച്ച് സിനിമാ ചിത്രീകരണത്തിനുള്ള ലൊക്കേഷന്‍ ഒരുക്കും.
ഉദ്ഘാടന ശേഷം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഹൗസ് ബോട്ടില്‍ ടി.യു. കുരുവിള എംഎല്‍എ, കെഎഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്താ ജോയി, സി.ജെ. എല്‍ദോസ്, ഡിഎഫ്ഒ സാബി വര്‍ഗീസ്, റെയിഞ്ച് ഓഫീസര്‍മാരായ അന്‍വര്‍, ശശി, സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. റോണി മാത്യു തുടങ്ങിയവര്‍ക്കൊപ്പം തട്ടേക്കാട് പക്ഷി സങ്കേതം വരെ കാനന ഭംഗി ആസ്വദിച്ച് ആദ്യയാത്ര നടത്തി.
14 Jan 2012 Mathrubhumi Eranamkulam
No comments:
Post a Comment