.

.

Sunday, January 8, 2012

തേക്കടിയില്‍ കാഴ്ചവിരുന്ന്

വന്യമൃഗങ്ങളെ കാണാന്‍ സഞ്ചാരികള്‍ തേക്കടിയില്‍ ബോട്ട് യാത്ര നടത്തുമ്പോള്‍ ഇന്നലെ കാട്ടാനകള്‍ സഞ്ചാരികളെ തേടി തേക്കടി വാഹന പാര്‍ക്കിങ് സ്ഥലത്തെത്തി. കുട്ടിയാന അടക്കം മൂന്ന് ആനകളാണ് രാവിലെ മുതല്‍ തേക്കടി ആമപാര്‍ക്കില്‍ നിലയുറപ്പിച്ചത്. വൈകിട്ട് മൂന്നു മണിയോടെ വനപാലകരെത്തി വാഹനങ്ങളെയും സഞ്ചാരികളെയും മാറ്റി ആനകള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സൌകര്യം ഒരുക്കിയതോടെ അവ തടാകത്തിലൂടെ നീന്തി കാട്ടില്‍ മറഞ്ഞു.

റോഡ് മുറിച്ചുകടന്നു മറുകരയിലേക്കു പോകുന്നതിനായി രാവിലെ ഒന്‍പതിനാണ് ആനകള്‍ ആമപാര്‍ക്കില്‍ എത്തിയത്. എന്നാല്‍ വാഹനത്തിരക്കു മൂലം റോഡരികില്‍ വനത്തിനുള്ളില്‍ ആനകള്‍ നിലയുറപ്പിച്ചു. ഉച്ചയ്ക്കുശേഷവും ഇവ മടങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ റോഡ് കടന്നല്ലാതെ ആനകള്‍ കാടുകയറില്ലെന്നു വനപാലകര്‍ക്കു മനസ്സിലായി.

പെരിയാര്‍ വന്യജീവി സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ സജ്ഞയന്‍കുമാര്‍, അസി.ഫീല്‍ഡ് ഡയറക്ടര്‍ ബി. ജോസഫ് എന്നിവര്‍ കൂടിയാലോചിച്ച് ആനകളെ മറുകരയില്‍ എത്തിക്കുന്നതിനു തീരുമാനിക്കുകയായിരുന്നു. രാവിലെമുതല്‍ തീറ്റയും വെള്ളവുമില്ലാതെ റോഡ് മുറിച്ചുകടക്കണമെന്ന തീരുമാനത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്ന ആനകള്‍ സഞ്ചാരികളെ ആക്രമിച്ചേക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥര്‍ ഇൌ തീരുമാനമെടുത്തത്.

ആയുധങ്ങളുമായി റേഞ്ച് ഒാഫിസര്‍മാരും ഗാര്‍ഡുമാരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റി വഴിയൊരുക്കി. വാഹനങ്ങളും ബഹളങ്ങളുമില്ലെന്നു കണ്ടതോടെ അര മണിക്കൂറിനു ശേഷം ആനകള്‍ ശാന്തരായി റോഡ് മുറിച്ചുകടന്നു. വിനോദസഞ്ചാരികളുടെ ദൃഷ്ടിയില്‍ നിന്നു മറയുന്നതുവരെ വനപാലകര്‍ ആനകളെ പിന്‍തുടര്‍ന്നു.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക