.

.

Saturday, January 28, 2012

ജല്ലിക്കെട്ട്: വിദേശ പ്രതിഷേധവും

ജല്ലിക്കെട്ടിനെതിരെ വിദേശത്തു നിന്നും പ്രതിഷേധം. അയര്‍ലന്‍ഡ് ആസ്ഥാനമായ മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ റൈറ്റ്സ് ആക്ഷന്‍ നെറ്റ്വര്‍ക്കാണു ജല്ലിക്കെട്ടിനെതിരെ രംഗത്തെത്തിയത്. കാളകളെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ വിനോദം നിര്‍ത്തലാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായിക്കെഴുതിയ കത്തില്‍ സംഘടനാ സ്ഥാപകന്‍ ജോണ്‍ കാര്‍മോഡി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജല്ലിക്കെട്ടിന് അനുമതി നല്‍കിയെന്നുള്ളതു ദൌര്‍ഭാഗ്യകരമായ കാര്യമാണെന്നു ജോണ്‍ കാര്‍മോഡി പറഞ്ഞു.

മൃഗങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നറിയാം. എന്നിട്ടും ഇത്തരത്തിലുള്ള വിനോദങ്ങള്‍ എങ്ങനെയാണ് ഈ രാജ്യത്തു നടക്കുന്നതെന്നറിയില്ല. മല്‍സരത്തിനു മുന്‍പു കാളകള്‍ക്കു നിര്‍ബന്ധിച്ചു മദ്യം നല്‍കുന്നതായി പോലും കേള്‍ക്കുന്നുണ്ടെന്നു കാര്‍മോഡി പറഞ്ഞു.
കാളകളെ ക്രൂരമായ രീതിയില്‍ പീഡിപ്പിക്കുന്ന ഈ കായിക വിനോദത്തിനെതിരെ ഇന്ത്യ നിലപാടെടുത്തില്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കാര്‍മോഡി പറഞ്ഞു.

ഇന്ത്യയിലേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നു വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും കാര്‍മോഡി പറഞ്ഞു.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക