.

.

Thursday, January 12, 2012

കടലാമകളുടെ സംരക്ഷകര്‍ക്ക് വനമിത്ര പുരസ്കാരം

ഇൌറ്റില്ലം തേടിയെത്തുന്ന കടലാമകള്‍ക്ക് സുരക്ഷിത തീരമൊരുക്കിയും ആവാസ വ്യവസ്ഥ നിലനിര്‍ത്താന്‍ കണ്ടലുകള്‍ വച്ചു പിടിപ്പിച്ചും സംരക്ഷിച്ചും വനവല്‍ക്കരണം നടത്തിയും പ്രകൃതി സ്നേഹികളുടെ ഹൃദയത്തിലിടം തേടിയവര്‍ക്ക് ഒടുവില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരം. കൊളാവിപ്പാലത്തെ തീരം പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വനമിത്ര പുരസ്കാരമാണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറിയത്.

സംസ്ഥാന വനം വകുപ്പ് ജൈവവൈവിധ്യ മേഖലയിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ബയോഡൈവേഴ്സിറ്റി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതിയാണ് ഇൌ ബഹുമതി നല്‍കുന്നത്.

രണ്ടു പതിറ്റാണ്ടു മുന്‍പാണ് 12 അംഗ സംഘം കടലാമ സംരക്ഷണ യജ്ഞത്തിന് തുടക്കമിടുന്നത്. എം. ടി. സുരേഷ്ബാബു, ചെറിയാവി സുരേഷ്ബാബു, ദിനേശ്ബാബു, കെ. സുരേന്ദ്രബാബു, പി. സതീശന്‍, കൊളാവി വിജയന്‍, പി. കെ. പ്രകാശന്‍, കെ. ടി. പ്രകാശന്‍, കെ. ടി. രമേശന്‍, സി. സദാനന്ദന്‍, പി. സജീവന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഒരു പത്രവാര്‍ത്തയാണ് ഇവരെ ഇതിലേക്ക് നയിച്ചത്. കടലാമകളെ വിവേചനമില്ലാതെ വേട്ടയാടി വിപണനം നടത്തുന്നതും മുട്ടകള്‍ മുഴുവന്‍ മറ്റുള്ള ജീവികളുടെ ഭക്ഷണമായിത്തീരുകയും ചെയ്യുന്നതിനാല്‍ ഇവ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണെന്നായിരുന്നു അത്.

ഇൌ പുതിയ അറിവ് ഇവരെ കടലാമ സംരക്ഷണ പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. തുടര്‍ന്ന് കൊളാവി തീരത്തെ പൂഴി മണലില്‍ മാനം നോക്കിക്കിടന്ന് ഇവര്‍ രാവേറെ ചര്‍ച്ച ചെയ്തു. ഒടുവില്‍ കടലാമകള്‍ക്കും മുട്ടകള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

തീരമില്ലെങ്കില്‍ കടലാമകളില്ല എന്ന തിരിച്ചറിവ് തീരസംരക്ഷണത്തില്‍കൂടി ശ്രദ്ധചെലുത്താന്‍ ഇവരെ പ്രേരിപ്പിച്ചു. അതോടെ മണലൂറ്റുകാരുടെ കണ്ണിലെ കരടായി മാറാന്‍ ഏറെ സമയം വേണ്ടിവന്നില്ല. മണലൂറ്റുകാരുമായി നിരന്തര സംഘര്‍ഷവും മര്‍ദനവും കേസുകളും ഒഴിയാബാധയായി മാറി. എന്നിട്ടും കടലാമ സംരക്ഷണ പ്രവൃത്തിയുമായി ഇവര്‍ മുന്നോട്ടുതന്നെ പോയി. നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം 98-ല്‍ വനം വകുപ്പിന്റെ അംഗീകാരവും സഹായവും ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കടലാമകള്‍ സുരക്ഷിത തീരം തേടി പ്രജനനത്തിനായി ഇവിടെയെത്തുന്നത്. വേലിയേറ്റത്തിനനുസരിച്ച് രാത്രിയിലും പുലര്‍ച്ചെയുമാണ് ആമകള്‍ മുട്ടയിടാന്‍ തീരമണയുന്നത്. ഒലിവ് റിഡ്ലി വിഭാഗത്തില്‍പ്പെട്ട കടലാമകളാണ് ഇവിടെ തീരം തേടിയെത്തുന്നത്. തിക്കോടി ആവിക്കല്‍ മുതല്‍ കോട്ടക്കടപ്പുറം വരെയുള്ള എട്ടു കി. മീ. തീരത്താണ് ഇവ പതിവായി മുട്ടയിടാനെത്തുന്നത്. തീരം പ്രവര്‍ത്തകര്‍ ഉറക്കമൊഴിച്ച് ഉൌഴമിട്ടു മുട്ടതേടിയിറങ്ങും. ആമയുടെ കാലടിപ്പാടുകള്‍ നോക്കിയാണ് മുട്ടകണ്ടെത്തുന്നത്.

കൊളാവി പ്രദേശത്ത് 11 തരം കണ്ടലുകളുണ്ട്. ചുള്ളി, ഉപ്പട്ടി, പ്രാന്തന്‍, നക്ഷത്ര, പെന്‍സില്‍ അഥവാ കുറ്റി, വള്ളി, എഴുത്താണി, ചൊന, നൊച്ചി. ഒതളങ്ങ, പുഴമുഞ്ഞ എന്നിവയാണവ. ഇവയില്‍ ആദ്യത്തെ അഞ്ചെണ്ണം നട്ടുപിടിപ്പിച്ചവയില്‍പ്പെടുന്നു. 98-ല്‍ കൊളാവി അഴിമുഖത്ത് ഒന്നര ഏക്കറില്‍ പ്രാന്തന്‍ കണ്ടല്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ് തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭൂവിസ്തൃതി വ്യാപിപ്പിക്കുകയായിരുന്നു. കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ഇവര്‍ക്ക് ലഭിച്ചതോടെ നഴ്സറി ആയി നടത്താനാരംഭിച്ചു. കോട്ടപ്പുഴയോരത്തും അഴിമുഖ തുരുത്തിലും ഏക്കറുകളോളം കണ്ടല്‍ക്കാടുകള്‍ നഴ്സറിയായി മത്സരിച്ചു വളരുന്നു.

ആയിരക്കണക്കിന് കണ്ടല്‍ തൈകളും വൃക്ഷത്തൈകളും തീരം പ്രവര്‍ത്തകര്‍ ഒരുക്കി വിവിധ കോളജുകളിലെയും സ്കൂളുകളിലെയും എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. നാടിന്റെ പലഭാഗങ്ങളിലും പഠന ക്ളാസ്, സ്ളൈഡ് പ്രദര്‍ശനം എന്നിവയും നടത്തിവരുന്നു.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക