.

.

Saturday, January 14, 2012

വയനാട്ടിലെ കാലാവസ്ഥ 2030ഓടെ മാറുമെന്ന്

അമ്പലവയല്‍: വയനാട്ടിലെ കാലാവസ്ഥയില്‍ 2030ഓടെ കാര്യമായ വ്യതിയാനമുണ്ടാകുമെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കാലാവസ്ഥാ വിഭാഗത്തിന്‍റ റിപ്പോര്‍ട്ട്.മഴ കൂടുതലാകുന്നതോടെ ചരിവുള്ള പ്രദേശമായ വയനാട് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട് .
ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആഗോളതല കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ പഠനത്തിന്‍െറ വിവിധ രീതികളും ഇന്‍റര്‍ ഗവണ്‍മെന്‍റ് പ്ളാനല്‍ ഓണ്‍ കൈ്ളമറ്റ് ചെയ്ഞ്ച് അംഗീകരിച്ച മാതൃകയും ഉപയോഗിച്ചാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ (ആര്‍.എ.ആര്‍.എസ്) പഠനം നടത്തിയത്. കാലാവസ്ഥ വ്യതിയാനം വഴി മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാവാന്‍ സാധ്യതയുണ്ട്. മണ്ണില്‍ അമ്ളത കൂടാനും ഇടയാക്കും. കാര്‍ഷിക കലണ്ടര്‍ ഒരുമാസം നേരത്തേയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റം ജില്ലയിലെ നെല്‍കൃഷിയെയും നാണ്യവിളകളെയും കാര്യമായി ബാധിക്കും.
വേനല്‍മഴയുടെ കുറവ് വരള്‍ച്ച വര്‍ധിക്കാനും ഇടയാക്കും. അന്തരീക്ഷത്തിലെ താപനിലയിലും മാറ്റം സംഭവിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വിവിധ മാതൃകകളുടെ ശരാശരി കണക്കാക്കി 2050 വരെ വയനാട്ടില്‍ വരുന്ന മാറ്റങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥക്കനുസരിച്ച് കൃഷിചെയ്യുന്ന വയനാട്ടില്‍ ഇതോടെ കാര്‍ഷിക രംഗത്തും മാറ്റം വേണമെന്നാണ് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷിയിലും ജീവിതത്തിലും വരുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി കുറക്കാന്‍ പഠനം ഏറെ ഗുണം ചെയ്യുമെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. കെ. സുനില്‍ പറഞ്ഞു.
ഈ കണ്ടെത്തലുകള്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ കോട്ടം വരുത്തുമെന്നതിനാല്‍ മുന്‍ കരുതലുകളും പദ്ധതികളും ആവശ്യമാണ്. ഭാവിയില്‍ കാലാവസ്ഥയിലുണ്ടായേക്കാവുന്ന സംഭവങ്ങളുടെ പരമ്പരകള്‍ ലോകത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇത് പ്രാദേശിക തലത്തില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല.
ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന മഴ ജൂലൈ മാസത്തോടെ കൂടുതല്‍ ലഭ്യമാവുകയാണ്. ഇത് ശരാശരി കണക്കനുസരിച്ച് 2000 മില്ലീ മീറ്റര്‍ വരെയാണ്. മാറുന്ന സാഹചര്യത്തില്‍ 2020 മുതല്‍ 2030 വരെ മഴ ആരംഭിക്കുന്നത് മേയ് മാസത്തിലും കൂടിയ മഴ ജൂണിലുമായിരിക്കും. മഴയുടെ തോത് 3500 മി. മീറ്റര്‍ വരെയായി ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2050ഓടെ ഇത് ഇന്നത്തെ അവസ്ഥയിലേക്ക് ആകുമെങ്കിലും മഴയുടെ തോത് കുറയില്ളെന്നാണ് നിഗമനം. വേനല്‍ മഴയിലും ഗണ്യമായ കുറവുണ്ടാകും.നിലവില്‍ ശരാശരി 70 മി. മീറ്റര്‍ വേനല്‍ മഴയാണ് വയനാട്ടില്‍ ലഭിക്കുന്നത്.
ഇത് 2020ഓടെ 43.6 മി. മീറ്റര്‍ ആയി കുറയും. 2050ല്‍ വേനല്‍മഴ 61.6 മി. മീറ്ററാകും. 2010ല്‍ വയനാട്ടില്‍ ലഭിച്ച ശരാശരി വേനല്‍ മഴ 106 മി. മീറ്ററാണ്. 2020ഓടെ ലഭിക്കുന്ന മഴയുടെ അളവ് കൂടുമെങ്കിലും മഴക്കാലത്തിന്‍െറ കാലപരിധി കുറയാന്‍ സാധ്യതയുണ്ട്.
14.1.2012 Madhyamam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക