.

.

Tuesday, January 10, 2012

വയനാടിന്റെ കുളിര് തേടി സഞ്ചാരികളുടെ പ്രവാഹം

മാനന്തവാടി: ജനുവരിയുടെ തണുപ്പില്‍ വയനാടന്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്. മുല്ലപ്പെരിയാര്‍ പ്രശ്നം സജീവമായതോടെ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ ഉൌട്ടി അടക്കമുള്ള കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പോക്ക് കുറഞ്ഞതും വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടാന്‍ ഇടയാക്കി.

മുന്‍പ് വയനാട് കണ്ടാസ്വദിച്ച ശേഷം കര്‍ണാടകയിലേക്ക് കടന്ന് മൈസൂര്‍, കുടക്, ബാംഗൂര്‍ എന്നിവിടങ്ങളിലേക്ക് പോയിരുന്ന സംഘങ്ങള്‍ ഇപ്പോള്‍ പരമാവധി സമയം ജില്ലയില്‍ തന്നെ ചെലവിടുകയാണ്. രാത്രിയാത്രാ നിരോധനത്തോടെ കര്‍ണാടകയാത്ര ദുഷ്കരമായതും കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കെത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നിന്ന് കര്‍ണാടക അധികൃതര്‍ പ്രവേശന ഫീസായി വന്‍തുക വാങ്ങുന്നതുമാണ് കാരണം.

അമ്പലവയലിലെ എടക്കല്‍ ഗുഹയില്‍ ക്രിസ്മസ് സീസണില്‍ വന്‍ സന്ദര്‍ശകത്തിരക്കാണ് അനുഭവപ്പെട്ടത്. വീതികുറഞ്ഞ ഗോവണികളിലൂടെയും ഒറ്റയടിപ്പാതയിലൂടെയും ഉള്ള ഗുഹയിലേക്കുള്ള യാത്രക്ക് തടസ്സമാകുമെന്നതിനാല്‍ സന്ദര്‍ശകരെ ഒാരോ മണിക്കൂര്‍ വീതം പ്രവേശന കവാടത്തിലും ടിക്കറ്റ് കൌണ്ടറിലും തടഞ്ഞ് വച്ചാണ് തിരക്ക് നിയന്ത്രിച്ചത്.

വന്യ മൃഗങ്ങളെ അടുത്ത് കാണാന്‍ കഴിയുമെന്നതിനാല്‍ വയനാട് വന്യജീവി സങ്കേതത്തിലും സന്ദര്‍ശകരുടെ തിരക്ക് ഏറിയിട്ടുണ്ട്. മുത്തങ്ങയിലും തോല്‍പെട്ടിയിലും വനപാത സന്ദര്‍ശകര്‍ക്കായി തുറക്കുന്നതിന് മുന്‍പ് തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നടക്കമുള്ള വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ എത്തി കാത്ത് നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്.

ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രധാന സാന്നിധ്യമായിരുന്ന കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയാണ്. ദ്വീപിന്റെ വാഹകശേഷിയെക്കുറിച്ചുള്ള പഠനം നടത്തിയ ശേഷമേ ഇനി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്ന കാര്യം തീരുമാനിക്കൂ. ഇൌ വിവരം അറിയാതെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ഒട്ടേറെ സഞ്ചാരികള്‍ നിത്യവും കുറുവയിലെത്തി നിരാശരായി മടങ്ങുന്നു.

കുഴിനിലം റോസ് പാര്‍ക്കില്‍ ഇന്നുമുതല്‍ ഫ്ളവര്‍ ഷോ ആരംഭിക്കുകയാണ്. മുന്‍ വര്‍ഷത്തേത് പോലെ ഇക്കുറിയും ഫ്ളവര്‍ഷോക്ക് ഒട്ടേറെ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും അവര്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യം ഏര്‍പ്പെടുത്തുന്നതിന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധ ഏജന്‍സികളാണ് ജില്ലയില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

ബാണാസുരയില്‍ വൈദ്യുതി ബോര്‍ഡും, മുത്തങ്ങ, തോല്‍പെട്ടി, കുറുവാ ദ്വീപ് എന്നിവ വനം വകുപ്പിന്റെ കീഴിലും, എടക്കല്‍ ഗുഹയും പഴശ്ശികുടീരവും പുരാവസ്തു വകുപ്പിന് കീഴിലുമാണ്. ഇവയെ കോര്‍ത്തിണക്കി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് സൌകര്യപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന് കഴിയുന്നുമില്ല.
Manoramaonline Wayand News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക