.

.

Monday, January 30, 2012

അടിത്തട്ട് തുരന്നും മണലൂറ്റ്: കടലുണ്ടിപ്പുഴയ്ക്ക് മരണമണി

പാണ്ടിക്കാട്: പുഴയുടെ അടിത്തട്ട് തുരന്നുള്ള അനധികൃത മണലൂറ്റില്‍ കടലുണ്ടിപ്പുഴ നശിക്കുന്നു. വേനലില്‍ പുഴ വറ്റിത്തുടങ്ങിയതോടെ ഒറവമ്പുറം, ആനക്കയം, പന്തല്ലൂര്‍ ഭാഗങ്ങളിലാണ് പുഴയില്‍ കുഴികുഴിച്ച് മണലും പുഴങ്കല്ല് ശേഖരണവും നടത്തുന്നത്. മണലൂറ്റാന്‍ വേണ്ട അരിപ്പകളും ട്യൂബും കൊട്ടയുമെല്ലാം പുഴയോരത്ത് തന്നെ സ്ഥാപിച്ച് രാപകല്‍ വ്യത്യാസമില്ലാതെ പരസ്യമായാണ് മണലൂറ്റ് നടക്കുന്നത്. പലയിടത്തും വന്‍ മണല്‍ക്കൂനകള്‍ രൂപപ്പെട്ടിട്ടും കാര്യമായ പരിശോധനകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പുഴയുടെ പലഭാഗത്തും 25 അടിയിലധികം വ്യാസവും പത്തടിയിലധികം ആഴവുമുള്ള നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമാകുന്നതോടെ ഇവ കയങ്ങളായി മാറി അപകടങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. കുഴികളെത്തുടര്‍ന്ന് പുഴ നീര്‍ച്ചാലാവുകയും പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. പലഭാഗത്തും ഇപ്പോള്‍തന്നെ തോടിന്റെ വീതിയിലാണ് പുഴയൊഴുകുന്നത്.
പോലീസോ റവന്യു അധികൃതരോ പുറപ്പെടുമ്പോഴേക്കും മണലെടുക്കുന്നവര്‍ക്ക് വിവരം ലഭിക്കും. പരിശോധകര്‍ സ്ഥലത്തെത്തുമ്പോള്‍ മണല്‍ക്കൂനകളും കുറച്ച് വലകളും കൊട്ടകളും മാത്രമാണ് ഇവര്‍ക്ക് കാണാന്‍ കഴിയുക. കഴിഞ്ഞ ദിവസം ചിറ്റത്ത് പാറക്കടവില്‍ നിന്ന് മണല്‍ വാരാനുള്ള സാമഗ്രികള്‍ പോലീസ് കണ്ടെടുത്തിരുന്നു.
30 Jan 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക