.

.

Thursday, January 12, 2012

മൃഗശാലയില്‍ വൈറസ് ബാധ

തിരുവനന്തപുരം മൃഗശാലയില്‍ അതീവഗുരുതരമായ വൈറസ് ബാധ. ഇതേതുടര്‍ന്ന് കുറുക്കന്‍മാരെ ഒന്നടക്കം ദയാവധത്തിന് വിധേയരാക്കിയതിന് പിന്നാലെ വെൈറസ് ബാധിച്ച് കഴുതപ്പുലികളും ചത്തു. സിംഹം അടക്കം മൃഗങ്ങള്‍ക്കും വൈറസ് ബാധിച്ചതായി ആശങ്കയുണ്ട്.

മൃഗങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന കാനൈന്‍ ഡിസ്റ്റെമ്പര്‍ എന്ന വൈറസാണ് മൃഗശാലയില്‍ പടര്‍ന്ന് പിടിക്കുന്നത്. കുറുക്കന്‍മാരിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. നാല് കുറുക്കന്‍മാര്‍ രോഗം ബാധിച്ച് ചത്തു. മറ്റു പോംവഴിയില്ലാതെ നാലണ്ണത്തിനെ ദയാവധത്തിന് വിധേയരാക്കി. കഴിഞ്ഞ ദിവസമാണ് കഴുതപ്പുലികളില്‍ വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഇവയെ കൊല്ലാന്‍ തീരുമാനിച്ചിരിക്കെ രണ്ടും ഉടനടി ചത്തു. ഏഴരവയസുകാരന്‍ കുമാര്‍, പതിനാലുകാരന്‍ രാഹുല്‍ എന്നിവയാണ് ചത്തത്. സിംഹം, കടുവ ഉള്‍പ്പെടെയുള്ള മറ്റുമൃഗങ്ങളിലേക്ക് കൂടി വൈറസ് വ്യാപിച്ചിട്ടുണ്ടോയെന്ന ആശങ്കയിലാണ് മൃഗശാലാ അധികൃതര്‍.

വൈറസ് ബാധ ഏറ്റാലും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കാലതാമസമുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി. വൈറസ് പ്രതിരോധമാര്‍ഗങ്ങളും ഫലപ്രദമല്ല. ഫലപ്രദമായ മരുന്നുകളും വിപണിയില്‍ ഇല്ല. ഇതോടെ മൃഗശാലയില്‍ അടുത്തിടെയുണ്ടായ കൂട്ടമരണങ്ങളെല്ലാം കാരണം ഈ വൈറസ് ആണെന്നാണ് വിലയിരുത്തല്‍. മൃഗശാലയിലെ കൂട്ടമരണങ്ങള്‍ അസ്വാഭാവികമാണെന്ന് മനോരമ ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഡോകടറെ നീക്കം ചെയ്തിരുന്നു. വര്‍ഷങ്ങളായി പരിപാലനത്തിലുണ്ടായ അനാസ്ഥ ഇപ്പോള്‍ മൃഗശാലയിലെ നിലനില്‍പിനെ തന്നെ ഭീഷണിയിലാക്കിയിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ആശങ്കപ്പെടുന്നതുപോലെ വൈറസ് ബാധ ഇനിയും വ്യാപിച്ചാല്‍ മൃഗശാല അടച്ചിടേണ്ടിവരുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക