.

.

Sunday, January 1, 2012

എന്താണീ ജൈവ വൈവിധ്യം?

ജീവന്റെ വൈവിധ്യമാണ് ജൈവ വൈവിധ്യം. നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങള്‍, വൈജാത്യങ്ങള്‍, പുനരുല്‍പാദന രീതികള്‍, ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അവസ്ഥാഭേദങ്ങള്‍, ആവാസ വ്യവസ്ഥകള്‍, ആകൃതി എന്നിവയുടെ ആകെത്തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതല്‍ ഒരു മില്ലിമീറ്ററിന്റെ പത്തു ലക്ഷത്തിലൊന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഐക്യരാഷ്ട്ര സംഘടനയിലെ പരിസ്ഥിതി സമിതി നിര്‍ണയിച്ച ലോകത്തിലെ 17 ശ്രേഷ്ഠ ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. മറ്റു മഹാജൈവവൈവിധ്യ കേന്ദ്രങ്ങള്‍- ഒാസ്ട്രേലിയ, ബ്രസീല്‍, ചൈന, കൊളംബിയ, കോംഗോ, ഇക്വഡോര്‍, ഇന്തൊനീഷ്യ, മഡഗാസ്കര്‍, മലേഷ്യ, മെക്സിക്കോ, ന്യൂഗിനിയ, പെറു, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, ഐക്യനാടുകള്‍, വെനസ്വേല.
ജൈവവൈവിധ്യത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

1. ജനിതക വൈവിധ്യം (Genetic diversity):
ഒരേതരം സ്പീഷീസുകളിലുള്ള ജീവജാലങ്ങളിലെ ജനിതക സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള വൈവിധ്യം ഉദാഹരണം. മാന്‍ വര്‍ഗത്തിലെ പുള്ളിമാനും കലമാനും കേഴമാനും തമ്മിലുള്ള വ്യത്യാസം. അവയിലെ ജനിതക വൈവിധ്യമാണ് വര്‍ണ - വലുപ്പത്തിനടിസ്ഥാനം.

2. ജീവജാതി വൈവിധ്യം (Species diversity):
ജൈവമണ്ഡലത്തിലെ ആവാസവ്യവസ്ഥയില്‍ കണ്ടുവരുന്ന സസ്യ-ജന്തു സൂക്ഷ്മജീവി വര്‍ഗങ്ങളുടെ ആകെ എണ്ണം, അവ തമ്മിലുള്ള പരസ്പരാശ്രയത്വം, വൈജാത്യങ്ങള്‍ എന്നിവയാണ് ഇതുകൊണ്ടു ലക്ഷ്യംവയ്ക്കുന്നത്.

3. ആവാസ വ്യവസ്ഥയിലെ വൈവിധ്യം:
ജീവികളും ചുറ്റുമുള്ള ജൈവ-അജൈവ ജനിതക വിഭാഗങ്ങളും നിരന്തരമായ ബന്ധത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ശൃംഖലയാണ് ആവാസ വ്യവസ്ഥാ വൈവിധ്യം. ഇത് മണ്ണ്, കാലാവസ്ഥ, മഴയുടെ അളവ്, ഭൂപ്രകൃതി എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണം: കണ്ടല്‍വനങ്ങള്‍, കടല്‍, കാട്, പുല്‍മേടുകള്‍, ശുദ്ധജലാശയം, മരുഭൂമി എന്നിവ.

ഒാരോ ആവാസവ്യവസ്ഥയും പാരിസ്ഥിതികമായും ഘടനാപരമായും വ്യത്യാസപ്പെട്ടിരിക്കും. ജൈവമണ്ഡലത്തിന്റെ വ്യാപ്തി ഭൂമിയിലും ആഴക്കടലിലും അന്തരീക്ഷത്തിലെ ഒാക്സിജന്റെ സാന്നിധ്യമുള്ള ഏതാനും കിലോമീറ്ററിലുമായി പരിമിതപ്പെട്ടിരിക്കുന്നു.
                                                                                                       Manoramaonline >> Environment >> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക