പതിനെട്ടു മില്ലിമീറ്റര്‍ വ്യാസമുള്ള നാണയത്തിന്റെ പുറത്തിരുന്നാല്‍ പോലും ഇത്തിരിക്കുഞ്ഞനായ തവള. ഇതാണു സസ്തനികള്‍, മല്‍സ്യവര്‍ഗങ്ങള്‍, പക്ഷികള്‍, ഉഭയജീവികള്‍ തുടങ്ങിയവയടങ്ങിയ നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ചെറുത്. പാപുവ ന്യൂഗിനിയയിലാണു യുഎസിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഈ ഇത്തിരിക്കുഞ്ഞനെ കണ്ടെത്തിയിരിക്കുന്നത്. ഏഴു മില്ലിമീറ്റര്‍ (0.27 ഇഞ്ച്) ആണ് ഈ തവളയുടെ നീളം. ഇതുമായ സാമ്യമുള്ള മറ്റൊരു വര്‍ഗത്തില്‍ അല്‍പം കൂടി വലുപ്പമുള്ള തവളയെയും കണ്ടെത്തിയിട്ടുണ്ട്. കാടുകളുടെ അടിത്തട്ടിലെ ചെടികളുടെ ഇലകളില്‍ ജീവിക്കുന്ന ഇവയുടെ ആവാസവ്യവസ്ഥ തന്നെയാണു വലുപ്പക്കുറവിനു കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്. ഇതിനിടെ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയുടെ ഉള്‍പ്രദേശത്തും പുതിയൊരു കക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. കണ്ടാല്‍ മഞ്ഞയും കറുപ്പും കലര്‍ന്ന നിറവുമായി സുന്ദരന്‍. പക്ഷേ, ഒരു കടി കിട്ടിയാല്‍ നമ്മുടെ കാര്യം കട്ടപ്പുക. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണു കണ്ടെത്തപ്പെട്ട പുതുമുഖം. 60 സെന്റീമീറ്റര്‍ (2.1 അടി) നീളമുള്ള പാമ്പിന്റെ കണ്ണുകള്‍ക്കു മുകളിലായി കൊമ്പു പോലെ രണ്ടു ശല്‍കങ്ങള്‍ ഉണ്ട്. മാറ്റില്‍ഡാസ് ഹോണ്‍ഡ് വൈപ്പര്‍ എന്നാണിതിനു പേരിട്ടിരിക്കുന്നതെന്ന് സൂടാക്സ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത പാമ്പുപിടിത്തക്കാരെ ഭയന്ന് ഇതിനെ കണ്ടെത്തിയ യഥാര്‍ഥ സ്ഥലം ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല.
Manoramaonline >> Environment >> Wonders(ജിജീഷ് കൂട്ടാലിട)
No comments:
Post a Comment