.

.

Monday, January 9, 2012

അഗസ്ത്യാര്‍കൂട തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വനംവകുപ്പ് ഒരുങ്ങി

വിതുര: കേരളത്തിലെ രണ്ടാമത്തെ വലിയ ഗിരിശൃംഗമായ അഗസ്ത്യാര്‍കൂടത്തേക്കുള്ള ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് വനംവകുപ്പിന്റെ വിപുലമായ തയ്യാറെടുപ്പുകളായി. പൈതൃക വനമേഖലയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ള അഗസ്ത്യാര്‍കൂടത്തിന് പോറല്‍ ഏല്‍ക്കാത്തവണ്ണം തീര്‍ഥാടനം സംഘടിപ്പിക്കാനാണ് തീരുമാനം. പാസ് വിതരണം 11ന് തിരുവനന്തപുരം പി.ടി.പി. നഗറിലെ ഓഫീസില്‍ തുടങ്ങും.

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ബോണക്കാട് വഴി മാത്രമേ യാത്ര അനുവദിച്ചിട്ടുള്ളൂ. ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍വരെ മാത്രമേ വാഹനത്തില്‍ വരാന്‍പറ്റൂ. പിന്നെ 22 കിലോമീറ്റര്‍ കാല്‍നടയായി കാനനയാത്ര. പിക്കറ്റ് സ്റ്റേഷന്‍, ലാത്തിമൊട്ട, കരമനയാര്‍, വാഴപ്പയന്തിയാര്‍, അട്ടയാര്‍, അതിരുമല എന്നീ ആറ് പ്രധാന ഇടത്താവളങ്ങളില്‍ വനംവകുപ്പിന് കേന്ദ്രങ്ങളുണ്ട്. തീര്‍ഥാടകരെ അനുഗമിക്കാന്‍ ഓരോ കേന്ദ്രത്തിലും അഞ്ച് ഗൈഡുകള്‍ വീതമുണ്ടാവും. മൂന്നുവര്‍ഷം മുമ്പ് രണ്ട് തീര്‍ഥാടകരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമാണ് ഇത്തരം സംവിധാനമൊരുക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ചത്.

പ്ലാസ്റ്റിക്, മദ്യം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ തീര്‍ഥാടകരുടെ ബാഗ് പരിശോധനയുണ്ടാകും. തീര്‍ഥാടകരെ 15 പേരുള്ള സംഘമായി തിരിച്ചാവും രാവിലെ കയറ്റിവിടുക. യാത്രാമധ്യേ പാചകം അനുവദിച്ചിട്ടില്ല. തീര്‍ഥാടകര്‍ക്കായി വനംവകുപ്പിന്റെ രണ്ട് കാന്റീനുകള്‍ പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഭക്ഷണപ്പൊതികളും ഇവിടെ കിട്ടും. രണ്ട് പകലും ഒരു രാത്രിയുമാണ് തീര്‍ഥാടനത്തിന്റെ സാധാരണ ദൈര്‍ഘ്യം.

ലോകത്ത് ഇവിടെ മാത്രം കാണപ്പെടുന്ന സസ്യങ്ങളുടെ സാന്നിധ്യമാണ് അഗസ്ത്യാര്‍കൂടത്തിന് പൈതൃക പദവി നേടിക്കൊടുത്തത്. കേരളത്തിലെ നെയ്യാര്‍, തമിഴ്‌നാട്ടിലെ കളക്കാട്-മുണ്ടന്‍തുറൈ വനം റെയിഞ്ചുകളുടെ പരിധിയില്‍ വരുന്ന അഗസ്ത്യാര്‍കൂട മേഖലയിലേക്കുള്ള പ്രവേശനഭാഗമായ ബോണക്കാട് പക്ഷേ, പേപ്പാറ വന്യജീവി റെയ്ഞ്ചിലാണ്. മുന്‍വര്‍ഷങ്ങളിലെപ്പോലെ മകരവിളക്ക് ദിനത്തില്‍ തുടങ്ങുന്ന തീര്‍ഥാടനം ശിവരാത്രിദിവസം സമാപിക്കും. 350 രൂപയാണ് പാസ് വില.
Mathrubhumi Thiruvananthapuram News. 09 Jan 2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക