.

.

Friday, January 27, 2012

മേഘങ്ങളെ വെള്ളപൂശാം

സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനായി സമുദ്രത്തിനു മുകളിലുള്ള മേഘങ്ങളെ വെളുപ്പിക്കുന്നത് ആഗോളതാപനത്തെ ചെറുക്കുമെന്ന് പഠനം.

മേഘങ്ങള്‍ രൂപപ്പെടുന്ന ജലകണങ്ങളുടെ വലുപ്പം കുറയ്ക്കുന്നതു വഴിയാണ് വെളുപ്പിക്കല്‍ സാധ്യമാകുന്നത്. ഈ പദ്ധതിയനുസരിച്ച് വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷപ്രവാഹം മൂലം ഭൂഖണ്ഡങ്ങളെ ഈര്‍പ്പമുള്ളതാക്കാനും വര്‍ധിച്ച മഴയ്ക്കും സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

വലിയ തുള്ളികളുള്ള മഴമേഘങ്ങള്‍ ചാരനിറത്തിലുള്ളതും സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നവയുമാണ്. അതേസമയം ചെറിയ തുള്ളികളടങ്ങിയ മേഘങ്ങള്‍ വെളുത്തതും കൂടുതല്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവയുമാണ്. കടല്‍ജലം ആകാശത്തില്‍ വളരെ ഉയരത്തില്‍ നിന്ന് അന്തരീക്ഷത്തിലേയ്ക്ക് വളരെ സൂക്ഷ്മമായി തളിക്കുക (Sണ്മത്സന്റത്ന) വഴിയാണ് ഇത് പ്രായോഗികമാക്കുന്നത്. ഇവയിലെ തീരെചെറിയ ലവണപദാര്‍ഥങ്ങള്‍ ഘനീഭവിച്ച് ചെറിയ മേഘകണികകളായിത്തീരുന്നു.

ഇത് ചെയ്യുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ അറിയാന്‍ ആഗോള കാലാവസ്ഥാ സിസ്റ്റത്തിന്റെ ഒരു കംപ്യൂട്ടര്‍ സിമുലേഷന്‍ ഗവേഷകര്‍ ഉപയോഗിച്ചു. മാതൃകയില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്ദ്രത ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കി.

ഇവിടെ മേഘങ്ങളെ കൂടുതല്‍ പ്രതിഫലിപ്പിക്കത്തക്കതാക്കാന്‍ സമുദ്രത്തിനു മുകളിലുള്ള മേഘത്തുള്ളികളുടെ വലുപ്പം കുറച്ചു. കരപ്രദേശത്തിനു മുകളിലുള്ള മേഘങ്ങള്‍ക്ക് മാറ്റമൊന്നും വരുത്തിയില്ല. പ്രതീക്ഷിച്ചതുപോലെ വെളുത്ത മേഘങ്ങള്‍ കൂടുതല്‍ സൂര്യവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ചൂടിനെ ഇല്ലാതാക്കുകയുംചെയ്തു.

ഏതായാലും സമുദ്രത്തിനു മുകളിലെ മേഘങ്ങള്‍ കരപ്രദേശത്തെ കൂടുതല്‍ തണുപ്പിക്കുകയും നനവുള്ളതാക്കുകയും ചെയ്തത് ഗവേഷകരെ അത്ഭുതപ്പെടുത്തി.

ഈ കംപ്യൂട്ടര്‍ മാതൃകയില്‍, കടലിലെ പ്രതിഫലിപ്പിക്കുന്ന മേഘങ്ങള്‍ കരയിലെ അപേക്ഷിച്ച് കടലിനു മുകളിലുള്ള വായുവിനെ തണുപ്പിച്ചു. അങ്ങനെ മണ്‍സൂണിനു കാരണമാകുന്ന വായുപ്രവാഹം സാധ്യമായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കാര്‍ണൈജി ഇന്‍സ്റ്റിറ്റ്യൂഷനും സംയുക്തമായാണ് ഈ പഠനം നടത്തിയത്.
Manoramaonline >> Environment >> Global Warming(എസ് സഹന)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക