.

.

Friday, January 13, 2012

തവളകളിലെ കുഞ്ഞനെ കണ്ടെത്തി

ലൂസിയാന: ലോകത്തിലെ ഏറ്റവും ചെറിയ തവള വര്‍ഗത്തെ പാപ്പുവ ന്യൂ ഗിനിയില്‍ കണ്ടെത്തി. പീഡൊഡൊഫ്രൈനെ അമൗന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞന്‍ തവളയ്ക്ക് ഏഴ് മില്ലിമീറ്ററേ നീളമുള്ളൂ. പൂര്‍ണവര്‍ളര്‍ച്ചയെത്തിയാല്‍ 7.7 മില്ലി മീറ്റര്‍ നീളമുണ്ടാകും. നട്ടെല്ലുള്ള ജീവികളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും ചെറു ജീവി ഈ തവളയായേക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് സര്‍വകലാശാലയിലെ ക്രിസ് ഓസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പപ്പുവ ന്യൂ ഗിനി കാടുകളില്‍ നിന്ന് കുഞ്ഞന്‍ തവളയെ കണ്ടെത്തിയത്. കരിയിലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കരിയില നിറമുള്ള തവളയെ വളരെ പ്രയാസപ്പെട്ടാണ് കണ്ടെത്തിയതെന്ന് ശാസ്ത്ര പ്രസിദ്ധീകരണമായ പ്രോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.

സാധാരണ തവളകള്‍ ആഹാരമാക്കുന്ന ഷഡ്പദങ്ങളെക്കാള്‍ ചെറിയ ജീവികളാണ് കുഞ്ഞന്‍ തവളയുടെ ആഹാരം. തേളുപോലുള്ള ജീവികള്‍ ഈ തവളകളെ ആഹാരമാക്കും.

പീഡൊഫ്രൈന്‍സിനെ കണ്ടെത്തും മുമ്പ് ബ്രസീലിലെ സുവര്‍ണ തവളയും ക്യൂബയിലെ മോണ്ടെ ഇബെറിയ എല്യൂത്ത് തവളയുമായിരുന്നു ലോകത്തെ ഏറ്റവും ചെറിയ തവളകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു സെന്റീ മീറ്ററില്‍ താഴെയായിരുന്നു രണ്ടിന്റെയും വലിപ്പം. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ചെറുതെന്ന സ്ഥാനം പീഡോസൈപ്രിസ് പ്രൊജെനെറ്റിക എന്ന മത്സ്യത്തിനായിരുന്നു.
13 Jan 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക