.

.

Wednesday, January 4, 2012

ബബിള്‍ ഗം മുതല്‍ പ്രഥമന്‍ വരെ ചക്കയില്‍നിന്ന് നൂറോളം വിഭവങ്ങള്‍

കണ്ണൂര്‍: തൊടിയിലെ പ്ലാവില്‍ നിന്ന് പഴുത്ത് വീണുപോവുന്ന ചക്ക ഉപയോഗിച്ച് എത്ര വിഭവങ്ങള്‍ ഉണ്ടാക്കാം. ഒന്ന്, രണ്ട്, മൂന്ന്, പത്ത്, ഇരുപത്... തെറ്റി. ചക്കയില്‍നിന്ന് നൂറോളം വിഭവങ്ങളുണ്ടാക്കാമെന്ന് വയനാട് കല്‍പ്പറ്റയിലെ പത്മിനി ശിവദാസ് പറയുന്നു. പറയുക മാത്രമല്ല അവ ഉണ്ടാക്കി കാണിച്ചു തരികയും ചെയ്യും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന 'പൊലിക' സംസ്ഥാന കാര്‍ഷിക മേളയിലെ ഭക്ഷ്യ സംസ്‌കരണ പവലിയനിലെത്തിയാല്‍ പത്മിനി ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യും. ചക്ക മാത്രമല്ല പത്മിനിയുടെ കൈയില്‍ കാച്ചിലും അച്ചാര്‍ മുതല്‍ പായസം വരെയുള്ള വിഭവങ്ങളായി മാറും.

തെങ്ങിന്റെ കാര്യത്തില്‍ ഉപയോഗമില്ലാത്ത ഒരു ഭാഗവുമില്ലെന്ന് പറയുന്നത് പോലെ ചക്കയുടെ കാര്യത്തിലും ഉപേക്ഷിക്കാന്‍ ഒന്നുമില്ലെന്നാണ് പത്മിനിയുടെ പക്ഷം. ചക്കയരക്കുപയോഗിച്ച് ബബിള്‍ ഗം ഉണ്ടാക്കാം. ചക്കയുടെ മടല്‍ ദാഹശമനി, ജാം തുടങ്ങിയവ ഉണ്ടാക്കാന്‍ ഒന്നാന്തരമാണ്. ചക്കവരട്ടി, ചക്ക അച്ചാര്‍, ചക്ക ഉണ്ണിയപ്പം, ചക്ക വട, ചക്ക അട, ചക്ക പക്കുവട, ചക്ക ചിപ്‌സ്, ചക്ക മിക്‌സ്ചര്‍, ചക്ക പ്പായസം, ചക്ക പ്രഥമന്‍, ചക്ക ജെല്ലി, ചക്ക വൈന്‍, ചക്ക മിഠായി തുടങ്ങി ചക്കച്ചുളയും പഴുത്ത ചക്കയുമുപയോഗിച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ അനവധി.

ചക്ക കട്‌ലറ്റ്, ചക്ക കബാബ്, ചക്ക ബിരിയാണി തുടങ്ങിയവ ഇതിനു പുറമെയാണ്. ചക്കക്കുരുവും മോശമല്ല. പായസം, ഉപ്പുമാവ്, ചക്കക്കുരു-റവ ഉപ്പുമാവ്, ചക്കക്കുരു സൂപ്പ്, സൂപ്പ് പൗഡര്‍, ചമ്മന്തിപ്പൊടി തുടങ്ങിയവയാണ് ചക്കക്കുരു വിഭവങ്ങള്‍. സദ്യ കഴിഞ്ഞ് നല്‍കാവുന്ന ഡെസര്‍ട്ടുകളും ചക്കയില്‍നിന്ന് തയ്യാറാക്കാം.

ചക്ക സ്‌കോച്ച് എഗ്ഗാണ് മറ്റൊരു വിഭവം. ചക്കയില്‍നിന്ന് ഇത്രയുമാണെങ്കില്‍ കാച്ചില്‍ 25ഓളം വിഭവങ്ങളായാണ് മാറുന്നത്. സ്വയം പരീക്ഷിച്ച് കണ്ടെത്തിയതാണ് ചക്ക വിഭവങ്ങളെന്ന് പത്മിനി പറഞ്ഞു. പാഴായിപ്പോകുന്ന ചക്കയില്‍നിന്ന് ഒരു കുടുംബത്തിനാവശ്യമായ ഉത്പന്നങ്ങളെല്ലാം തയ്യാറാക്കാം. അടുത്ത സീസണ്‍ വരെ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം. വിപണിയിലെത്തിക്കാനായാല്‍ നല്ലൊരു വരുമാന മാര്‍ഗവുമാണ്- അവര്‍ ഉറപ്പു നല്‍കുന്നു.

ചക്ക വിഭവങ്ങള്‍ മാത്രമല്ല വാഴനാരുപയോഗിച്ച് കൗതുക വസ്തുക്കളുണ്ടാക്കുന്നതും ചന്ദനത്തിരി, സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയവയുടെ നിര്‍മാണവും പഠിക്കാം. വാഴനാരുപയോഗിച്ച് നാല്‍പ്പതിലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് പരിശീലനം. ടെക്‌സ്റ്റൈല്‍ പ്രിന്റിങ്, ഹാന്‍ഡ് എംബ്രോയ്ഡറി കുന്തന്‍ വര്‍ക്ക്, കാന്താ വര്‍ക്ക്, സര്‍ദോസി തുടങ്ങിയവും പരിശീലിക്കാം. തൊഴില്‍ പരിശീലന പവിലിയനിലെത്തി പേര് നല്‍കിയാല്‍ മതി. ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന പരിശീലനത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാം. 'പൊലിക' സമാപിക്കുന്ന ജനവരി എട്ടുവരെ ഇതിന് അവസരമുണ്ടാവും.

Posted on: 04 Jan 2012 Mathrubhumi Kannur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക