.

.

Sunday, January 1, 2012

വെള്ളത്തിനു വേണ്ടി പോരാട്ടം

ആഗതമാവുകയാണ് അന്താരാഷ്ട്ര ജലവര്‍ഷം. പോയകാലത്തു പോരാട്ടം മണ്ണിനും സ്വത്തിനും വേണ്ടി ആയിരുന്നെങ്കില്‍ വരും കാലത്തെ പോരാട്ടം ജീവന്‍ നിലനിര്‍ത്താന്‍ ഇറ്റു ജലത്തിനു വേണ്ടിത്തന്നെ . സംശയമന്യേ തെളിയിക്കപ്പെട്ടു കഴിഞ്ഞു ഈ വസ്തുത. അതു കൊണ്ടാണു ജലത്തിനായി ഈ വര്‍ഷം മാറ്റി വയ്ക്കപ്പെട്ടത്.

ആഗോളതലത്തില്‍ മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണു ജലസ്രോതസുകളുടെ ദൗര്‍ലഭ്യവും നാശവും . വര്‍ധിച്ച ജനസാന്ദ്രതയും വന നശീകരണവും വ്യവസായവത്കരണവും നഗരവത്കരണവുമെല്ലാം ജല ദൗര്‍ലഭ്യത്തിനു കാരണമാണെന്ന് അറിയാത്ത കുഞ്ഞുങ്ങള്‍ പോലുമുണ്ടാവില്ലിന്ന്. വനങ്ങള്‍ ഭൂമിയുടെ ശ്വാസകോശങ്ങളെങ്കില്‍ നീര്‍ത്തടങ്ങള്‍ വൃക്കകളാണ്. വയറിനു വേണ്ടി നാം നമ്മുടെ വൃക്കകള്‍ മുറിച്ചു മാറ്റുന്നു എന്നാണ് ഇല്ലിനോയ്സിലെ ലോ പ്രൊഫസറായ എറിക്ഫ്രേഫോക് എന്ന പ്രകൃതിസ്നേഹി കുറിച്ചത്.

താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നടത്തുന്ന വെട്ടിപ്പിടിത്തങ്ങള്‍ ഭൂമിയില്‍ മഴയില്ലാതാക്കുന്നു. നീരാവിയെ തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള വൃക്ഷങ്ങള്‍ ഉണ്ടെങ്കിലല്ലേ നീരാവി മഴയായി മണ്ണിനെയും മനുഷ്യനെയും മനസിനെയും കുളിര്‍പ്പിക്കൂ ? കണ്ടല്‍ കാടുകള്‍ ജലം സംരക്ഷിക്കുന്നതോടൊപ്പം സുനാമി പോലുള്ള ദുരന്തങ്ങളെ തടയുകയും ചെയ്യും. നമുക്കിതു മനസിലായതാകട്ടെ കേരളത്തെ വിറപ്പിച്ച സുനാമി ദുരന്തത്തിനു ശേഷവും.

അന്തര്‍സംസ്ഥാന നദീ ജലതര്‍ക്കങ്ങളുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്. കൃഷ്ണ, ഗോദാവരി, കാവേരി, നര്‍മദ, സത്ലജ്, യമുന, ഇന്‍ഡസ്... അളവില്ലാതെ ജീവജലം പേറിയൊഴുകുന്ന നദികള്‍ നിരവധി.

രാജ്യങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും നിലനില്‍ക്കുന്ന നദീ ജല തര്‍ക്കങ്ങള്‍ യുദ്ധങ്ങള്‍ക്കു വരെ കാരണമാകാം. ഇതു മുന്നില്‍ക്കണ്ടാണു ലോകം ഇന്‍റര്‍നാഷണല്‍ വാട്ടര്‍ റിസോഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക പരിഹാര വേദികള്‍ക്കു രൂപം നല്‍കിയത്. ഇത്തരം വേദികളുടെ ഇടപെടലില്‍ ഏതാനും അന്താരാഷ്ട്ര നദീജല തര്‍ക്കങ്ങള്‍ക്കു ഭാഗിക പരിഹാരം കണ്ടെത്താനും സാധിച്ചിട്ടുണ്ട് . മെക്കോങ്, ഡാന്യൂബ് നദീജല തര്‍ക്കങ്ങള്‍ ഇങ്ങനെയാണ് പരിഹരിക്കപ്പെട്ടത്.

ഹംഗറിയും സ്ലോവാക്യയുമാണ് ഡാന്യൂബിന്‍റെ ഉപയോക്താക്കളെങ്കില്‍ മെക്കോങ്ങിന് തായ്ലന്‍ഡ്, വിയറ്റ്നാം, ലാവോസ്, കംബോഡിയ, ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് അവകാശികള്‍. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഭൂഗര്‍ഭ ജലത്തര്‍ക്കം വിരല്‍ചൂണ്ടുന്നൊരു വസ്തുതയുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലെ അന്തര്‍ സംസ്ഥാന നദീജലം പങ്കുവയ്ക്കല്‍ ഭൂഗര്‍ഭക്കുഴലുകളിലൂടെ ആയിക്കൂടാ? വലിയൊരു പരിധി വരെ ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ അവയ്ക്കാകുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അണക്കെട്ടുകളില്‍ ജലവിതാനം ഏറുന്നതു ഭൂകമ്പത്തിനു കാരണമാകുന്നു എന്നു ഭൗമ ശാസ്ത്രജ്ഞര്‍ പറഞ്ഞു തുടങ്ങിയിട്ടു നാളേറെയായി. ലാത്തൂര്‍ ഭൂകമ്പം കെയ്ന അണക്കെട്ടിന്‍റെ സൃഷ്ടിയായി വിലയിരുത്തപ്പെട്ടതും അങ്ങനെയാണ്.അണക്കെട്ടുകളില്‍ മിതമായ തോതില്‍ ജലം നിലനിര്‍ത്തി അധികം വരുന്നത് ഭൂഗര്‍ഭ കുഴലുകള്‍ വഴി വിതരണം ചെയ്യുന്നതു ചിന്തിക്കാവുന്നതേയുള്ളു.

വനവും വന്‍വൃക്ഷങ്ങളും നശിപ്പിച്ചും അക്കേഷ്യ വനങ്ങള്‍ വച്ചു പിടിപ്പിച്ചും ഭൂഗര്‍ഭ ജലം വറ്റിക്കല്‍ തകൃതിയായി നടത്തിയും കോണ്‍ക്രീറ്റ് ഇട്ടു വെള്ളം മണ്ണില്‍ താഴാതെ നോക്കാനുമല്ലാതെ പുല്‍ത്തകിടി നട്ടും രാമച്ചവേലി തീര്‍ത്തു വെള്ളം മണ്ണില്‍ താഴ്ത്താനുള്ള വിവേകം നമുക്കില്ലാതെ പോയി.

ലോകത്തില്‍ ഏറ്റവും ശുദ്ധവും രുചികരവുമായ ജലം രണ്ടിടത്താണുള്ളത്. സ്വിറ്റ്സര്‍ലണ്ടിലും പിന്നൊന്ന് കേരളത്തിലെ വാഗമണ്ണിലും..സ്വിറ്റ്സര്‍ലന്‍ഡുകാര്‍ അവരുടെ നദികളില്‍ മാലിന്യം നിക്ഷേപിക്കില്ലെന്നു മാത്രമല്ല, നദികളിലൂടെ ഒഴുകിവരുന്ന ഇലകളും ചപ്പു ചവറുകളും മറ്റും ബോട്ടുകളില്‍ സഞ്ചരിച്ചു നീക്കം ചെയ്യുകയും ചെയ്യും. ഇവിടെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ മാരകമായ മാലിന്യങ്ങളൊഴുക്കി പൊയ്കകളെ മാലിന്യക്കനാലുകളും പുഴകളെ മരണദൂതികളുമാക്കാന്‍ മത്സരിക്കുകയാണു നാം.ഇനിയും ഉണര്‍ന്നു ചിന്തിച്ചില്ലെങ്കില്‍ ശുദ്ധജലത്തിനു വേണ്ടിയാവും വരാനിരിക്കുന്ന പോരാട്ടങ്ങള്‍.

1.1.2012 Metrovaartha (റീന വര്‍ഗീസ്)

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക