.

.

Friday, January 6, 2012

വരവായി ചിറകുള്ള അതിഥികള്‍

കടലുണ്ടിയില്‍ കാഴ്ചയുടെ വിരുന്നൊരുക്കി ദേശാടനപ്പക്ഷികള്‍ വരവായി. പക്ഷിസങ്കേതത്തില്‍ ഇടക്കാലത്ത് കുറഞ്ഞ പക്ഷികളുടെ വരവ് ഈ വര്‍ഷം കൂടിയതായാണ് പ്രാദേശിക പക്ഷിനിരീക്ഷകരുടെ വിലയിരുത്തല്‍. രാവിലെയും വൈകിട്ടും വര്‍ണമനോഹരക്കാഴ്ച ഒരുക്കിയാണ് സ്വദേശികളും വിദേശികളുമായ ദേശാടനപ്പക്ഷികള്‍ ഇവിടെ വിഹരിക്കുന്നത്.

വിവിധയിനം കടല്‍ക്കാക്കകള്‍, ചോരക്കാലി, പച്ചക്കാലി, ഗോള്‍ഡന്‍ പ്ലോവര്‍, വൈറ്റ് ഐബീസ്, സ്​പൂണ്‍ ബില്‍, നീര്‍ക്കാട, ചാരമുണ്ടി, പെരുമുണ്ടി, തിരമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, തിരക്കാട, കരിന്തലയന്‍ മീന്‍കൊത്തി, പുള്ളിമീന്‍കൊത്തി. കാക്കമീന്‍ കൊത്തി, ചെറിയമീന്‍ കൊത്തി, കരിക്കൊച്ച, മഴക്കൊച്ച, ചിന്നകൊക്ക്, പാതിരാകൊക്ക്, ചെറുകൊച്ച, മഞ്ഞക്കൊച്ച, പവിഴക്കാലി തുടങ്ങിയ വിവിധയിനം പക്ഷികളാണ് ഈ വര്‍ഷം കൂടുതലായി ഇവിടെ എത്തിയിരിക്കുന്നത്. തണുപ്പു കൂടുന്ന പുലര്‍കാലങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. സപ്തംബര്‍ മുതല്‍ ആരംഭിച്ച സീസണില്‍ ഡിസംബര്‍ പകുതിയോടെയാണ് പക്ഷിസങ്കേതത്തില്‍ കൂടുതലായി അതിഥികളെത്തിത്തുടങ്ങിയത്.

വേലിയിറക്കം അനുഭവപ്പെടുന്ന വൈകുന്നേരങ്ങളില്‍ കടലുണ്ടിക്കടവ് പാലത്തില്‍ നിന്ന് ഈ മനോഹരമായ കാഴ്ച ആസ്വദിക്കാനാകും.

പക്ഷിസങ്കേതത്തിന് അല്പം ദൂരെയായുള്ള ഒലിപ്രംകടവിന്റെ തെക്കുഭാഗത്തുള്ള തട്ടാന്‍-ചുറ്റിമാടിലും ഇപ്പോള്‍ ധാരാളമായി പക്ഷികളുണ്ടെന്ന് റിസര്‍വ് വാച്ചര്‍ പറഞ്ഞു. ഇവിടെ 26-ഓളം മയിലുകളെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. കടലുണ്ടിപ്പുഴയില്‍ ജനവാസമില്ലാത്ത 20 ഏക്കര്‍ വിസ്തൃതിയുള്ള തുരുത്തിയാണിത്. തോണിമാര്‍ഗമേ ഇവിടെ എത്താനാകൂ. ചേക്കേറുന്ന സമയത്താണ് ഇവിടെ കൂടുതലായി പക്ഷികളെ കാണാനാകുകയെന്ന് കമ്യൂണിറ്റി റിസര്‍വിലെ വാച്ചറായ ചന്ദ്രശേഖരന്‍ പറഞ്ഞു. കടലുണ്ടിയിലെത്തിയിട്ടുള്ള ദേശാടനപ്പക്ഷികളുടെ പ്രധാന ചേക്കേറല്‍ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണിവിടം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സീസണില്‍ 135-ല്‍ അധികം ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. പക്ഷിസങ്കേതം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്കുമെന്ന് ചെയര്‍മാന്‍ അനില്‍ മാരാത്ത് അറിയിച്ചു. ഫോണ്‍: 9447006456.

06 Jan 2012 Mathrubhumi Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക