വണ്ടൂര്‍: തോട്ടില്‍ മാലിന്യം കലര്‍ന്ന് ആയിരത്തോളം മീനുകള്‍ ചത്തുപൊങ്ങി. തിരുവാലി പഞ്ചായത്തിലെ കോട്ടാല തോട്ടിലാണ് സംഭവം. സമീപത്തെ ലാറ്റക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യമാണ് തോട്ടിലെ വെള്ളത്തില്‍ പകര്‍ന്നതെന്ന് ആക്ഷേപമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് മീനുകള്‍ ചത്തുകിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഒരടിയോളം നീളംവരുന്ന വലിയ മത്സ്യങ്ങള്‍ക്കൊപ്പം ചെറുമീനുകളും മറ്റ് ജലജീവികളും കൂട്ടത്തോടെ ചത്തിട്ടുണ്ട്.പഞ്ചായത്തിലെ കുണ്ടോട്പാലം, താഴെ കോഴിപറമ്പ്, ചെള്ളിതോട് ഭാഗങ്ങളിലൂടെ ഒഴുകുന്ന പ്രധാന തോടാണിത്. നിരവധി കുടുംബങ്ങള്‍ക്ക് കുളിക്കാനും അലക്കാനുമുള്ള ഏക ആശ്രയവും ഈ തോടാണ്. വേനലായതോടെ വെള്ളക്കുറവ് പരിഹരിക്കാന്‍ തടയണകളും നിര്‍മിച്ചിട്ടുണ്ട്. ലാറ്റക്‌സ് മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത് പതിവാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
എന്നാല്‍ ലാറ്റക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യം തോട്ടില്‍ നിക്ഷേപിക്കാറില്ലെന്നും കമ്പനിസ്ഥലത്ത് സംസ്‌കരിക്കുകയാണ് ചെയ്യാറെന്നും കമ്പനി മാനേജര്‍ പറഞ്ഞു.
31 Jan 2012 Mathrubhumi Malappuram News
No comments:
Post a Comment