.

.

Sunday, January 29, 2012

കാടിനുള്ളില്‍ നീര്‍ത്തടാകങ്ങള്‍; കാട്ടുചോലകള്‍ തേടി വന്യമൃഗങ്ങള്‍

തിരുനെല്ലി: ശിശിരകാലം പിന്നിട്ട് വയനാട് കൊടും ചൂടിലേക്ക് ഗതിമാറുന്നു. കുടിവെള്ളം തേടി കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പലായനവും തുടങ്ങാനിരിക്കുന്നു. കര്‍ണാടക-തമിഴ്‌നാട് വനത്തില്‍ നിന്ന് പച്ചപ്പുകള്‍ അവശേഷിക്കുന്ന വയനാടന്‍ കാടുകളിലേക്കാണ് വന്യമൃഗങ്ങള്‍ വേനലാവുന്നതോടെ കൂട്ടമായെത്തുക. കാടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുതടാകക്കരയിലാണ് വേനല്‍ കഴിയുന്നതു വരെയും മൃഗങ്ങളുടെ ആവാസം.

കര്‍ണാടകയിലെ ഉഷ്ണമേഖലാ വനങ്ങള്‍ ജനവരി പിന്നിടുന്നതോടെ ഇലപൊഴിച്ചു തുടങ്ങുന്നത് പതിവാണ്. മുളങ്കാടുകളും പൂത്തു നശിച്ചതോടെ ഭക്ഷണം തേടി വനഗ്രാമങ്ങളിലേക്കാണ് വന്യമൃഗങ്ങളുടെ ഘോഷയാത്ര. കണ്ണില്‍ കണ്ടതെല്ലാം പിഴുതെടുത്ത് നിരവധി കൃഷിയിടങ്ങള്‍ ചവിട്ടിമെതിച്ചാണ് ഇവയൊക്കെയും തിരിച്ചു പോവുക. പലയിടങ്ങളിലും കിടങ്ങുകളും വൈദ്യുതക്കമ്പി വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും വന്യമൃഗശല്യത്തിന് പരിഹാരമാവുന്നില്ല. കാടിനുള്ളില്‍ത്തന്നെ തീറ്റയും വെള്ളവും ലഭ്യമാക്കുകയാണെങ്കില്‍ വന്യമൃഗശല്യത്തിന് നേരിയ കുറവുണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഉഷ്ണമേഖലാ വനങ്ങളില്‍ കാട്ടുതീ കൂടി പതിവായതോടെ വയനാട് വന്യജീവി സങ്കേതത്തില്‍ മൃഗങ്ങളുടെ ആവാസമേഖല വിശാലമായിട്ടുണ്ട്. ആനത്താരകളിലൂടെ ആനകളുടെ പ്രയാണം തമിഴ്‌നാട്ടില്‍ നിന്നും സമീപവനമായ കേരളത്തിലേക്ക് നീളുന്നു. വന്യജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ 35 പുതിയ കുളങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വനംവന്യജിവി വകുപ്പ് വയനാടന്‍ കാടുകളില്‍ നിര്‍മിച്ചത്. പതിമൂന്നോളം തടയണകളും മൃഗങ്ങള്‍ക്ക് നീന്തിത്തുടിക്കാന്‍ ഒരുക്കിയെടുത്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 38 കുളങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപകാരപ്രദമാക്കി. കൊടുംവേനലില്‍ ഇത്തവണ വന്യജീവികള്‍ക്ക് ഇത് ആശ്വാസമാവും.

വന്യമൃഗവേട്ടയും കാട്ടുതീയും തടയുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് പ്രതിവര്‍ഷം വനംവകുപ്പ് നടത്തുന്നത്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പന്ത്രണ്ടോളം ഏറുമാടങ്ങള്‍ സ്ഥാപിച്ച് വന്യജീവി വകുപ്പ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആധുനിക ഫയര്‍ ബീറ്റുകളും ലഭ്യമാക്കി.

വന്യജീവി സങ്കേതത്തില്‍ വേനലിലാണ് കൂടുതല്‍ മൃഗങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങുക. ഇവയെ തടയാനുള്ള പരമ്പരാഗത സംവിധാനങ്ങള്‍ ഗുണകരമല്ല എന്നാണ് കര്‍ഷകരുടെ പരാതി. വൈദ്യുതിക്കമ്പിവേലിയൊക്കെ തകര്‍ത്താണ് മൃഗങ്ങളുടെ കാടിറക്കം. കിടങ്ങുകളുടെ ഭിത്തിയിടിച്ച് കാട്ടാനകള്‍ കൃഷിയിടത്തിലെത്തും.

കാട്ടാനകളെ തുരത്താന്‍ വ്യത്യസ്തമായ നിരവധി പദ്ധതികളാണ് വനംവകുപ്പ് ആവിഷ്‌കരിച്ചത്. കടുവയുടെ ശബ്ദം റെക്കോഡ് ചെയ്ത് ലൗഡ് സ്​പീക്കറിലൂടെ കേള്‍പ്പിക്കുക, സ്ഥിരമായി ആനയിറങ്ങുന്ന വഴികളില്‍ കയറുകളും തുണികളും കെട്ടി അതില്‍ മുളകുപൊടിയും പുകയിലപ്പൊടിയും ഗ്രീസും ചേര്‍ത്ത മിശ്രിതം തേച്ചു പിടിപ്പിക്കുക, ആനപ്പന്തം കത്തിച്ചു വെക്കുക തുടങ്ങിയ നടപടികള്‍ വേണ്ടത്ര വിജയകരമല്ല എന്നാണ് വിലയിരുത്തല്‍.

ഉഷ്ണമെത്തിയാല്‍ ഇലപൊഴിക്കുന്ന തേക്കിന്‍കാടുകളാണ് വന്യജീവി സങ്കേതത്തിന് കടുത്ത ഭീഷണി. അടിഞ്ഞുകൂടുന്ന തേക്കിലകള്‍ കാട്ടുതീയെ ക്ഷണിച്ചു വരുത്തുന്നു.

കര്‍ണാടക നാഗര്‍ഹോള രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തില്‍ വന്‍കുളങ്ങളാണ് മൃഗങ്ങളുടെ ദാഹമകറ്റാന്‍ വന്യജീവി വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചെറുകുളങ്ങള്‍ മാത്രമാണ് വയനാട് വന്യജീവി സങ്കേതത്തിലുള്ളത്.

കടുത്ത വരള്‍ച്ച നേരിട്ട 2004-ല്‍ നിരവധി മൃഗങ്ങള്‍ ദാഹിച്ച് വലഞ്ഞ് ചത്തിരുന്നു. മുളങ്കാടുകള്‍ കൂട്ടത്തോടെ പുഷ്പിച്ചു നശിച്ചതിനാല്‍ ഇത്തവണയും വയനാടന്‍ കാടുകള്‍ കനത്ത വരള്‍ച്ചയുടെ പിടിയിലാകുമെന്നാണ് ആശങ്ക. ഫയര്‍ സീസണാവുന്നതോടെ തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കും.
29 Jan 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക