.

.

Sunday, January 22, 2012

മണ്ണെടുപ്പ്: വാഴയൂരിലെ പ്രകൃതി നാമാവശേഷമാകുന്നു

രാമനാട്ടുകര: നിയന്ത്രണമില്ലാത്ത മണ്ണെടുപ്പിനെ തുടര്‍ന്നു വാഴയൂരിലെ കുന്നും മലകളും നാമാവശേഷമാകുന്നു. ഗുരുതരമായ പരിസ്ഥിതി ഭീഷണി ഉയര്‍ത്തി പഞ്ചായത്തില്‍ ഉടനീളം അനധികൃത മണ്ണെടുപ്പ് നിര്‍ബാധം തുടരുകയാണ്. തിരുത്തിയാട് മൂളപ്പുറം മല, കാരാട്-വാഴയൂര്‍ റോഡിലെ എള്ളാത്തുപുറായ് മല, വാഴയൂര്‍ വില്ലേജ് ഒാഫിസിനു സമീപത്തെ കക്കോവ് മല എന്നിവയെല്ലാം ഏതാണ്ടു നിരപ്പായിക്കഴിഞ്ഞു. ബാക്കിയുള്ളവ ഏതുസമയവും മണ്ണിടിച്ചു നിരത്തും എന്നതാണ് അവസ്ഥ.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മലകള്‍ വന്‍തോതില്‍ ഇടിച്ചു നിരപ്പാക്കുന്നത്. ഇതുമൂലം സമീപത്തെ വീടുകളും വലിയ മരങ്ങളും ഭീഷണിയിലാണ്. പഞ്ചായത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ മലകളാണ് ഇടിച്ചു നിരത്തുന്നത്. ഇതു വേനലില്‍ ശുദ്ധജലക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കിയാല്‍ ഭൂമിയിലേക്കുള്ള നീരൊഴുക്ക് ഇല്ലാതാകുമെന്നും ജലസ്രോതസ്സുകള്‍ വറ്റിവരളാന്‍ കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കാരാട്, പൊന്നേംപാടം, കക്കോവ്, വാഴയൂര്‍, മൂളപ്പുറം, പുതുക്കോട്, അഴിഞ്ഞിലം, രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ച വയല്‍നികത്തലിനാണ് ഇവിടെ നിന്നുള്ള മണ്ണ് കൊണ്ടുപോകുന്നത്. അവധിദിവസങ്ങള്‍ നോട്ടമിട്ടാണ് മണ്ണെടുപ്പും വയല്‍നികത്തലും നടക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

മണ്ണെടുപ്പ് തകൃതിയായതോടെ രാമനാട്ടുകര ബൈപാസിലും ഫാറൂഖ് കോളജ്-വാഴക്കാട് റോഡിലും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലാണ്. ഇടതടവില്ലാതെയുള്ള ലോറികളുടെ ഒാട്ടം ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കല്ലു വെട്ടിയും മണ്ണെടുത്തും കുന്നുകളും മലകളും നാമാവശേഷമാകുമ്പോഴും ഇതു പരിശോധിച്ചു നടപടിയെടുക്കേണ്ട റവന്യൂ-മൈനിങ് ആന്‍ഡ് ജിയോളജി അധികൃതര്‍ ഇതൊന്നും അറിഞ്ഞ ഭാവമില്ല.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക