.

.

Thursday, January 12, 2012

വര്‍ണക്കാഴ്ചയൊരുക്കി കൊച്ചിന്‍ ഫ്ലവര്‍ ഷോ

അറബിക്കടലിന്റെ റാണിക്കിത് വസന്തകാലം... ഓളങ്ങള്‍ വെട്ടുന്ന കായലിനരികില്‍ പൂക്കളുടെ വര്‍ണവസന്തം തീര്‍ത്ത് 'കൊച്ചി ഫ്ലവര്‍ ഷോ' തുടങ്ങി. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്ന ആയിരങ്ങളാണ് എറണാകുളത്തപ്പന്‍ മൈതാനത്തേക്കെത്തുന്നത്. ആസ്വാദകരെ ആകര്‍ഷിക്കുന്നതിനായി പ്രവേശനകവാടം വിവിധ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

നാട്ടിന്‍പുറത്തെ ചെടികള്‍ മുതല്‍ തായ്‌ലന്‍ഡില്‍ നിന്ന് കടല്‍കടന്നെത്തിയ ഇസ്റ്റോമ വരെ ഫ്ലവര്‍ ഷോയിലെ താരങ്ങളാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയില്‍ 15,000 ത്തില്‍പ്പരം ചെടികള്‍ അണിനിരത്തുന്നുണ്ട്. പൂക്കളുടെ നഗരിയായ ബാംഗ്ലൂരില്‍ നിന്നാണ് 7,000 ത്തിലധികം പുഷ്പങ്ങള്‍ എത്തിയിരിക്കുന്നത്. 5,000 ത്തില്‍ അധികം ഇലച്ചെടികളും ഔഷധസസ്യങ്ങളും പ്രദര്‍ശനത്തിനെത്തി. പുഷ്പങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ചുമര്‍ച്ചിത്ര കലയും ചേര്‍ന്നതോടെ ചരിത്രമുറങ്ങുന്ന നഗരത്തിന് വേറിട്ട കാഴ്ചാനൂഭുതിയാണ് ഫ്ലവര്‍ ഷോ നല്‍കുന്നത്. കടും ചുവപ്പ് നിറത്തില്‍ താഴേക്ക് ഞാന്നുകിടക്കുന്ന ഹെലിഗോണിയ വലീഗരക്കാണ് പൂക്കളില്‍ ഏറ്റവും കൂടുതല്‍ വില . ഓറഞ്ചിലും മഞ്ഞയിലും നില്‍ക്കുന്ന ഒരു ഹെലീഗോണിയയുടെ വില 400 രൂപയാണ്.

വ്യത്യസ്ത നിറങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പനിനീര്‍ പൂക്കളാണ് പുഷ്പമേളയിലെ പ്രധാന ആകര്‍ഷണം. ചുവപ്പിന് പുറമെ വെള്ള, മഞ്ഞ, റോസ്, ഇളം മഞ്ഞ നിറങ്ങളില്‍ വിരിഞ്ഞുനില്ക്കുന്ന റോസ പുഷ്പങ്ങളുടെ പവലിയന്‍ മലയാളിയെ പ്രണയ സങ്കല്പങ്ങളിലേക്ക് നയിക്കുന്നു. വിവിധ തരത്തിലുളള ആന്തൂറിയം, ഓര്‍ക്കിഡ് എന്നിവ വാങ്ങിക്കാനും നല്ല തിരക്കാണ്. തിരുവനന്തപുരത്തു നിന്നെത്തിയ ഓര്‍ക്കിഡ്, ആനി ബ്ലാക്ക് ഓര്‍ക്കിഡുകളില്‍ പുതുമയാര്‍ന്നവയാണ്. ചുവപ്പ്, വെളള, മഞ്ഞ നിറങ്ങളിലുള്ള ഡാലിയ, ജമന്തി, കോഴിപ്പൂവ്, സൂര്യകാന്തി, കടലാസ് റോസ്, ബോള്‍സ് എന്നീ പുഷ്പങ്ങള്‍ മലയാളത്തനിമ വിളിച്ചോതുന്നു. കൃഷ്ണനും രാധയും അജന്ത എല്ലോറയും മുഗള്‍ ഭരണകാലത്തെ രാജാക്കന്മാരും റാണിമാരും ഫ്ലോറല്‍ പവലിയനിലെ ചുമര്‍ച്ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഇലച്ചെടികളായ ലില്ലി, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. റാന്തലും മാറാല പിടിച്ച ചുമരുകളും ഉണങ്ങിയ ഇലകള്‍ വീണ മുറ്റവും മരഗേറ്റും ചേര്‍ന്ന കുഞ്ഞുവീടും മഞ്ഞ നിറത്തിലുള്ള ഓറിയന്റല്‍ ലില്ലി ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. വിദേശത്തു നിന്നെത്തിയ പൂക്കളില്‍ കൂടുതലായി ആകര്‍ഷിക്കുന്നത് വയലറ്റിലും ക്രീമിലും തീര്‍ത്തിരിക്കുന്ന ബ്രാസിക്ക തന്നെയാണ്. തായ്‌ലന്‍ഡിലെ ഓരോ കാഴ്ചയും ചുമരില്‍ ഇടം നേടിയിട്ടണ്ട്. തായ്‌ലന്‍ഡ് പൂക്കളില്‍ മറ്റൊരു വിത്യസ്ത ഇനമാണ് ഇസ്‌റ്റോമ. പര്‍പ്പിള്‍ നിറത്തില്‍ ഫ്ലോറല്‍ പവലിയനിന്റെ മാറ്റുകൂട്ടുകയണ് ഈ തായ്‌ലന്‍ഡുകാരി.

കേരളത്തിലെ പരമ്പരാഗത ഔഷധ സസ്യങ്ങളുടെ പവലിയനും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. ശതാവരി, താന്നി, സര്‍പ്പഗന്ധി, ദര്‍ഭ, ഇത്തി, രാമച്ചം എന്നിവ ഔഷധസസ്യങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചിരുക്കുന്നു. നക്ഷത്ര വൃക്ഷങ്ങളുടെ നിരയും മേളയിലുണ്ട്. വാടാമല്ലി, കൊങ്ങിണിപ്പൂവ്, കാക്കപ്പൂവ്, കോളാംബി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. വിവിധ വൃക്ഷങ്ങളുടെ തൈകളും വിത്തുകളും പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കും. 20 വര്‍ഷം പ്രായമുളള കൂവളം, 24 വര്‍ഷം പ്രായമുളള പേരാല്‍, 19 വര്‍ഷം പഴക്കമുളള താളിപ്പരുത്തി എന്നിവ വീടിനകത്ത് വയ്ക്കാനാവും.

മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി ബോണ്‍സായ് മരങ്ങളുടെ നീണ്ടനിര തന്നെയാണുള്ളത്. ജൈവ അടുക്കളത്തോട്ടവും ഇതിന്റെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഫ്ലവര്‍ ഷോയുടെ ഭാഗമായി ദിവസവും വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്. പ്രദര്‍ശനം 16 ന് സമാപിക്കും.
12 Jan 2012 Mathrubhumi >> karshikam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക