.

.

Wednesday, January 4, 2012

പക്ഷികളെ വരവേല്‍ക്കാന്‍ മാലിന്യക്കടലുണ്ടി

ദേശാടനക്കിളികള്‍ വിരുന്നെത്തുന്ന കടലുണ്ടി പക്ഷിസങ്കേതത്തില്‍ മാലിന്യങ്ങള്‍ കുമിയുന്നു. കടലുണ്ടിപ്പുഴയില്‍ തള്ളുന്ന മാലിന്യങ്ങളാണ് വേലിയേറ്റത്തില്‍ മണല്‍ത്തിട്ടകളില്‍ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇതു പക്ഷികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുകയാണ്. വേലിയിറക്ക സമയത്ത് അഴിമുഖത്ത് രൂപപ്പെടുന്ന മണല്‍ത്തിട്ടകളിലാകെ മാലിന്യം കൂടിക്കിടപ്പാണ്.
കടലുണ്ടി റയില്‍പ്പാലം, കടലുണ്ടിക്കടവ് പാലം എന്നിവിടങ്ങളില്‍ നിന്നുപുഴയിലേക്ക് തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമാണ് സങ്കേതത്തില്‍ നിറഞ്ഞിരിക്കുന്നത്. പുഴയിലേക്ക് വലിച്ചെറിയുന്ന ഒഴിഞ്ഞ കുപ്പികളും മറ്റും തീരത്താണ് എത്തിച്ചേരുന്നത്. ദേശാടനക്കിളികള്‍ വരവായതോടെ കടലുണ്ടിയിലേക്ക് ദിവസേന അനേകം സഞ്ചാരികള്‍ എത്തുന്നുണ്ട്. എന്നിട്ടും സങ്കേതത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കേന്ദ്രം ശുചീകരിക്കാനോ നടപടിയില്ല.
സമൃദ്ധ ഭക്ഷണവും ശത്രുക്കളില്‍നിന്ന് സംരക്ഷണവും ലഭിക്കുന്നതിനാലാണ് പക്ഷിക്കൂട്ടങ്ങള്‍ കടലുണ്ടി സങ്കേതത്തിലെത്തുന്നത്. എന്നാല്‍ മാലിന്യനിക്ഷേപം മൂലം പക്ഷികളുടെ അഭയകേന്ദ്രം വിഷലിപ്തമായിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടായിട്ടുള്ള വ്യതിയാനത്തോടൊപ്പം രൂക്ഷമായ മാലിനീകരണ പ്രശ്നവും കിളികളുടെ വരവിനെ ബാധിക്കുമെന്ന് പക്ഷി നിരീക്ഷകര്‍ ആശങ്കപ്പെടുന്നു.
സങ്കേതത്തോടു ചേര്‍ന്നുള്ള കടലുണ്ടിക്കടവ് പാലത്തിലെത്തുന്ന സഞ്ചാരികളുടെ ബാഹുല്യവും ബഹളവും പക്ഷികളുടെ സ്വൈര വിഹാരത്തിനു തടസ്സമാകുന്നുണ്ട്. ഇതോടൊപ്പം ഈയിടെയായി അഴിമുഖത്ത് വര്‍ധിച്ച കക്കവാരലും പക്ഷികള്‍ക്ക് ഭീഷണിയാണ്. കടലുണ്ടിപ്പുഴയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
                                                                                                        Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക