.

.

Monday, January 16, 2012

വനാന്തര ഭംഗിയിലേക്ക് ട്രക്കിങ്ങിനു തുടക്കം

ട്രക്കിങ് സംവിധാനത്തിനും വനാന്തരത്തിലെ പാര്‍പ്പിടത്തിനും വന്യജീവി വകുപ്പ് തുടക്കമിട്ടു. മൂന്നാര്‍ രാജമല ചെക്ക്പോസ്റ്റില്‍ നിന്നു കടലാര്‍ മേഖല വഴി ചോല വനം വഴി തിരികെ എത്തുന്ന രണ്ട് മണിക്കൂര്‍ ട്രക്കിങ് യാത്രയാണ് ഇതിലൊന്ന്. ഇതിനെ കുറിഞ്ഞി ട്രക്കിങ് യാത്രയെന്നു പറയുന്നു. 56 തരം കുറിഞ്ഞി വര്‍ഗത്തില്‍ 23 എണ്ണം ഉള്ളത് രാജമല മേഖലയിലാണ്.

കുറിഞ്ഞി വര്‍ഗത്തെ തിരിച്ചറിയുന്നതിനും ചോല ഫോറസ്റ്റ്, പുല്‍മേടുകള്‍, വെള്ളച്ചാട്ടം തുടങ്ങിയവ ആസ്വദിച്ചു തിരികെ എത്താനും രണ്ട് മണിക്കൂര്‍ സമയം വേണ്ടിവരും. മുതിര്‍ന്നവര്‍ക്കു 155 രൂപയും സ്കൂള്‍ കുട്ടികള്‍ക്കു 145 രൂപയും വിദേശികള്‍ക്കു 340 രൂപയുമാണു ചാര്‍ജ് ഈടാക്കുന്നത്.

വാഗവരൈയിലെ ലക്കം വെള്ളച്ചാട്ടത്തിനടുത്തുകൂടി കീഴാംതൂക്കായ മറ്റൊരു വെള്ളച്ചാട്ടം കാണാനും ട്രക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ലക്കം വാട്ടര്‍ഫാള്‍ ട്രക്കിങ്ങിന് ഒരാള്‍ക്ക് ഈടാക്കുന്നത് 60 രൂപയാണ്. അര മണിക്കൂറിനുള്ളില്‍ വെള്ളച്ചാട്ടം കണ്ടു വനഭംഗി ആസ്വദിച്ചു തടിപ്പാലത്തിലൂടെ കീഴാംതൂക്കായ പ്രദേശം കടന്നു ലക്കം വെള്ളച്ചാട്ടത്തിനു മുകളിലുള്ള മറ്റൊരു വെള്ളച്ചാട്ടം കണ്ടു മടങ്ങാം.

വെള്ളച്ചാട്ടത്തിനടുത്തായി രണ്ട് പേര്‍ക്കു താമസിക്കാന്‍ പറ്റുന്ന രീതിയില്‍ വനത്തിലായി ഒരു കുടില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് 1500 രൂപയാണു നിരക്ക്. ട്രക്കിങ് പരിപാടിയുടെ ഉദ്ഘാടനം വന്യജീവി വിഭാഗം വാര്‍ഡന്‍ പി.യു. സാജു നിര്‍വഹിച്ചു. ഇരവികുളം നാഷനല്‍ പാര്‍ക്കിനോടു ചേര്‍ന്നുകിടക്കുന്ന ആദിവാസി കുടിയിലെ യുവാക്കള്‍ക്കു ജീവിത വരുമാനവും തൊഴിലും ലക്ഷ്യമാക്കിയാണു വന്യജീവി വകുപ്പ് രണ്ട് ട്രക്കിങ് പരിപാടികള്‍ക്കു തുടക്കമിട്ടത്.

തുടക്കം, കുടിയിലെ മുതുവാന്‍മാരായ അഞ്ച് യുവാക്കള്‍ക്ക് രണ്ട് ആഴ്ചത്തെ പരിശീലനം നല്‍കി ട്രക്കിങ് ഗൈഡുകളാക്കിയതാണ്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും ഷൂസും വന്യജീവി വകുപ്പ് നല്‍കിയിട്ടുണ്ട്. ലക്കം കുടിയിലെ വീരകുമാര്‍, ധനുഷ്കോടി, ലക്ഷ്മണന്‍, ആനന്ദരാജ്, പൊന്നുരാജ് എന്നിവരെയാണു തല്‍ക്കാലം ട്രക്കിങ് ഗൈഡുകളായി നിയമിച്ചിരിക്കുന്നത്.

വന്യജീവി വകുപ്പ് ലക്കം വെള്ളച്ചാട്ടം കാണാന്‍ സൌകര്യം ഒരുക്കിയത് 2007ലായിരുന്നു. ആ വര്‍ഷം എത്തിച്ചേര്‍ന്നത് 39000 പേര്‍. 2010 ആയപ്പോഴേയ്ക്കും 104975 സന്ദര്‍ശകരും 2011ല്‍ 116483 പേരുമെത്തി. ഒരാള്‍ക്ക് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് പത്ത് രൂപയാണ്.
Manoramaonline >> Environment >> Travel

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക