.

.

Sunday, January 15, 2012

നാട്ടറിവുകളുടെ ജനകീയ രേഖപ്പെടുത്തലായി ജൈവ വൈവിധ്യ രജിസ്റ്റര്‍

താമരശ്ശേരി: കാട്ടിലും കാട്ടരുവികളിലും താഴ്‌വാരത്തും വയലേലകളിലുമൊക്കെ സമൃദ്ധമായ ജൈവസമ്പത്തുകളുട അമൂല്യവിവരങ്ങള്‍ ശേഖരിച്ച പുതുപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ ശ്രദ്ധേയമായി.
ഓരോ പ്രദേശത്തെയും ജൈവവൈവിധ്യങ്ങളെ തേടിപ്പിടിച്ച് അവയുടെ ജീവാവസ്ഥയും ഉപയോഗവും അവയുടെ നാട്ടറിവുകളും വരെ ശേഖരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വയനാടന്‍ ചുരത്തിന് താഴേക്ക് നീണ്ടുകിടക്കുന്ന ഈ ഗ്രാമത്തിന്റെ നാട്ടുചരിത്രവും ഭൂപ്രകൃതിയുടെ സവിശേഷതയും.

ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെയാണ് രജിസ്റ്റര്‍ തയ്യാറാക്കിയത്. പഞ്ചായത്തില്‍ രൂപവത്കരിച്ച ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ആ പ്രദേശത്തുള്ളവരെത്തന്നെ വിവരശേഖരണത്തിന് നിയോഗിച്ച് തദ്ദേശീയമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കാട്ടരുവികളിലെ ചെറുജീവികള്‍ മുതല്‍ കാട്ടിലും നാട്ടിലും മറഞ്ഞുകിടക്കുന്ന ഔഷധസസ്യങ്ങളും കാട്ടുമരങ്ങളും വിവിധ വിളകളും കിളികളും ശലഭങ്ങളും വിളകളെ ആക്രമിക്കുന്ന കളകളും കീടങ്ങളും വരെ രജിസ്റ്ററില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

ജൈവ വൈവിധ്യം കാണപ്പെടുന്ന സ്ഥലം അളവ്, അവയുടെ ജീവാവസ്ഥ, അതുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ തുടങ്ങി അവയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. എള്ളിനെക്കുറിച്ച് രേഖപ്പെടുത്തിയപ്പോള്‍ 'എള്ളും വയമ്പും കൂടി വായിലിട്ട് ചവച്ചാല്‍ ഇളകുന്ന പല്ലുകള്‍ ഉറയ്ക്കും' എന്നിങ്ങനെ കൗതുകം പകരുന്ന നാട്ടറിവുകള്‍ ഇതില്‍ ഒട്ടേറെയുണ്ട്. അതിരാണി, കുറുന്തോട്ടി, കുളവാഴ, മുക്കുറ്റി, ചീരളം തുടങ്ങിയവയും മണ്ണിലെ നൂലട്ടയും പാറഞണ്ട്, കാരാമ തുടങ്ങിയ ജീവികളും വെള്ളില, കാട്ടുള്ളി, അതിരാണി, അരിപ്പൂവ്, കാട്ടുമുല്ല, കൃഷ്ണമുടി തുടങ്ങിയ വന്യ അലങ്കാരച്ചെടികളും നാട്ടറിവുകളുമായി ചേര്‍ത്തുവെച്ച് രജിസ്റ്ററില്‍ വായിക്കാം. ഓരോ പ്രദേശത്തിന്റെയും സ്ഥലനാമചരിത്രമുള്‍പ്പെടെ രേഖപ്പെടുത്താനുള്ള ശ്രമം ഇതില്‍ ഉണ്ട്. നാട്ടിലെ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, നാടന്‍ കളികള്‍, പഴഞ്ചൊല്ലുകള്‍ തുടങ്ങിയവയും രേഖപ്പെടുത്തിയിരിക്കുന്നു.

257 പേജില്‍ വലിയ ആല്‍ബത്തിന്റെ മാതൃകയിലാണ് രജിസ്റ്റര്‍. പഞ്ചായത്തിന്റെ പദ്ധതി രൂപവത്കരണത്തിനുള്ള റഫറന്‍സ് ആയി ഉപയോഗിക്കാം. സംസ്ഥാനത്ത് ഈ വര്‍ഷം 300ഓളം പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ വൈവിധ്യരജിസ്റ്റര്‍ നിര്‍മാണം ഉള്‍പ്പടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറി പറഞ്ഞു. ജില്ലയില്‍ പുതുപ്പാടിയെക്കൂടാതെ ഏതാനും പഞ്ചായത്തുകളില്‍ക്കൂടി രജിസ്റ്റര്‍ തയ്യാറാക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.
15.1.2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക