.

.

Thursday, January 5, 2012

മൃഗങ്ങള്‍ക്ക് മൃഗശാലയില്‍ നരകയാതന

തിരുവനന്തപുരം: കാണികള്‍ക്ക് കൗതുകവും ആനന്ദവും നല്‍കുന്ന മൃഗങ്ങള്‍ക്ക് മൃഗശാലയില്‍ നരകയാതന. വനത്തിലെ സ്വതന്ത്ര ആവാസവ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരുകൂട്ടം മൃഗങ്ങള്‍ക്ക് നിര്‍മിച്ചിരിക്കുന്ന കൂടുകളുടെ നിര്‍മാണത്തില്‍ വൈദഗ്ദ്ധ്യമില്ലായ്മയുള്ളതായും ഇത് മൃഗങ്ങളുടെ ശരീരഘടനയ്ക്കും ആരോഗ്യത്തിനും യോജിച്ചതല്ലെന്ന് മൃഗശാല അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

മൃഗങ്ങളുടെയും പക്ഷികളുടെയും കൂടുകള്‍ നിര്‍മിക്കുമ്പോള്‍ ഒരു ബയോളജിസ്റ്റിന്റെ നിര്‍ദേശാനുസരണമായിരിക്കണമെന്നാണ് മൃഗശാല ചട്ടം. എന്നാല്‍ തിരുവനന്തപുരം മൃഗശാലയില്‍ ഇത്തരമൊരു ബയോളജിസ്റ്റിനെ നിയമിച്ചിട്ടില്ല.
കടുവ, വരയന്‍പുലി, പുള്ളിപ്പുലി, കരിമ്പുലി എന്നിവയുടെ കൂടുകള്‍ കണ്ടാല്‍ ഏതൊരു മൃഗസ്‌നേഹികള്‍ക്കും മനസിലാകും, അവ അനുഭവിക്കുന്ന ദൈന്യതയുടെ ആഴം.

വര്‍ഷങ്ങളായി കമ്പിക്കൂടുകളിലും സിമന്റ് തറയിലും കിടന്ന് ശരീരത്തിലെ രോമങ്ങള്‍ പൊഴിഞ്ഞും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടിച്ച മുഴകളും ചെറിയ വ്രണങ്ങളും ഇവയ്ക്ക് നിത്യദുരിതമാകുന്നുണ്ട്.

35 ഏക്കര്‍ വിസ്തൃതിയിലാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. പുള്ളിമാനുകള്‍ക്കും മ്ലാവുകള്‍ക്കും ഇവിടെ ദുരിതംതന്നെ. മേച്ചില്‍പ്പുറമില്ല, പുല്ല് വെച്ചുപിടിപ്പിച്ചാല്‍ അവ നശിപ്പിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം. വളരെ വേഗം പെറ്റുപെരുകുന്നതാണ് പലതും. ഇവയ്ക്ക് ആവശ്യമായ സ്ഥലം ലഭ്യമല്ല. പരസ്​പരം ഇടിച്ചും തൊഴിച്ചും ഉണ്ടാകുന്ന ആഴമുള്ള മുറിവുകള്‍ സമയബന്ധിതമായി കണ്ടെത്താറില്ല. ഇവയുടെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ പിന്നീട് പുഴുവരിക്കുന്ന ദയനീയ രംഗമാണ് സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയുക. മുറിവുകള്‍ കാക്കകള്‍ കൊത്തിവലിക്കുമ്പോള്‍ വേദനയോടെ സഹിക്കാനേ ഇവയ്ക്ക് നിവൃത്തിയുള്ളൂ. ഇത്തരം സാഹചര്യത്തില്‍ കാക്കകളെ തുരത്താന്‍ ജീവനക്കാര്‍ വേണമെന്നും അധികൃതര്‍ പറയുന്നു. ദുരിതംപേറി ജീവിക്കാനേ ഇവയ്ക്കും നിവൃത്തിയുള്ളൂ.

ഇതുപോലെ ലക്ഷക്കണക്കിന് വിലനല്‍കി ബാംഗ്ലൂരില്‍ നിന്നെത്തിച്ച ആഫ്രിക്കന്‍ തത്തകള്‍, അരയന്നങ്ങള്‍, മറ്റ് വര്‍ണപ്പക്ഷികള്‍ എന്നിവയ്ക്ക് നിര്‍മിച്ചിരിക്കുന്ന കൂടുകള്‍ പരിസ്ഥിതിക്ക് യോജ്യമായതും സുരക്ഷിതത്വമായതുമെന്ന് പറയുമ്പോള്‍ കീരിയും പെരുച്ചാഴിയും കടിച്ചു കൊന്നതും പറന്നുപോയതുമായ പക്ഷികളെക്കുറിച്ചുള്ള കണക്കുകള്‍ അധികൃതര്‍ക്ക് കൃത്യമായി അറിയില്ലെന്നാണ് പരാതി. ഈ വിദേശയിനം പക്ഷികളെ മൃഗശാലയില്‍ എത്തിച്ച ദിവസം ഇവയെ പാര്‍പ്പിക്കാനുള്ള കൂടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ലായെന്നതും ശ്രദ്ധേയമാണ്.

ഒട്ടകപ്പക്ഷികളുടെ കൂടുകള്‍, സിംഹവാലന്‍ കുരങ്ങ് എന്നിവയ്ക്കും അനുയോജ്യമായ കൂട് ഇവിടെയില്ല. ഉണ്ടായിരുന്ന ജിറാഫിന്റെയും കുറുക്കന്‍, ചീങ്കണ്ണിമാരുടെയും കൂടൊഴിഞ്ഞു. ചീങ്കണ്ണികളെ പാര്‍പ്പിച്ചിരിക്കുന്നിടത്ത് കൂടുനിര്‍മാണത്തിന്റെ അപാകതയില്‍ നരകയാതനയാണ് പല്ലി വര്‍ഗത്തില്‍പ്പെട്ട ഇവയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. മൃഗപരിപാലനത്തില്‍ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരുടെ അഭാവവും മൃഗശാലയിലെ മൃഗങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നു.
Posted on: 05 Jan 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക