.

.

Saturday, January 7, 2012

ആരുമറിയാതെ സീതമ്മക്കുണ്ട്

വയനാട്ടിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണു സൂചിപ്പാറ വെള്ളച്ചാട്ടം. സീസണില്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനു കൈയും കണക്കുമില്ല. എന്നാല്‍, ഇവിടെ നിന്നു കേവലം അഞ്ചു കിലോമീറ്ററോളം മാത്രം അകലെയുള്ള ഒരു കേന്ദ്രമുണ്ട്. നാട്ടുകാര്‍ സീതമ്മക്കുണ്ടെന്നു പേരിട്ട പാറക്കെട്ടുകള്‍ക്കു നടുവിലുള്ള ഒരു വെള്ളച്ചാട്ടവും ചെറിയ തടാകവും.

എന്നാല്‍, കുട്ടികള്‍ നീന്തിത്തുടിക്കാനും വീട്ടമ്മമാര്‍ തുണിയലക്കാനും മാത്രമായാണു സീതമ്മക്കുണ്ടിനെ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നാണു ഏറ്റവും വിചിത്രം. ചൂരല്‍മലയില്‍ നിന്നു നാലുകിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈ പ്രദേശത്തു ടൌണിനോടു ചേര്‍ന്നാണു സീതമ്മക്കുണ്ട് സ്ഥിതിചെയ്യുന്നത്.

അധികം ഉയരത്തിലല്ലാതെ പതിക്കുന്ന വെള്ളച്ചാട്ടവും പ്രകൃതി തന്നെ പാറക്കെട്ടില്‍ നിര്‍മിച്ച മനോഹരമായ തടാകവുമാണ് ഇവിടെയുള്ളത്. സഞ്ചാരികള്‍ എത്തിയാല്‍ ഏറെ നേരം വിശ്രമിച്ചു കാഴ്ചകള്‍ ആസ്വദിക്കാനും അപകടം ഒട്ടുമില്ലാതെ തടാകത്തില്‍ നീന്തിത്തുടിച്ചു മടങ്ങാനും സാധിക്കും. തടാകത്തിന്റെ വലതുഭാഗത്തായി ഒരു ഗുഹയുണ്ട്. ഇതിന്റെ തുടക്കം എവിടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ സാഹസികരായ കുട്ടികള്‍ ഏറെ ശ്രമിച്ചിട്ടുണ്ടെങ്കിലും ഏറെ ദൂരം പോയി മടങ്ങി വരാറാണു പതിവ്. കൂടാതെ, തടാകത്തിന്റെ ആഴം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സീതാദേവി ഭൂമി പിളര്‍ന്നു താഴ്ന്നു പോയ സ്ഥലമാണിതെന്നും സീതയ്ക്കു ദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയ സ്ഥലമാണിതെന്നുമൊക്കെ പഴമക്കാര്‍ പറയുന്നു. മുന്‍പ് സീതാദേവിക്കു വേണ്ടിയുള്ള പൂജകള്‍ ഇവിടെ നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇപ്പോള്‍, മുണ്ടക്കൈ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള കുംഭം ഒഴുക്കുന്നതു ഇവിടെയാണ്. വനാന്തര്‍ഭാഗത്തു നിന്ന് ഉദ്ഭവിക്കുന്ന അരുവിയുടെ ഒരു ഭാഗമാണു സീതമ്മക്കുണ്ടായി രൂപപ്പെട്ടിരിക്കുന്നത്.

പാറയാല്‍ തീര്‍ത്ത തടാകത്തില്‍ കെട്ടിക്കിടക്കുന്നതിനാല്‍ തന്നെ വെള്ളത്തിനു അസഹനീയമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എസ്റ്റേറ്റ് ജോലിക്കെത്തിയ വിദേശി ഇവിടെ ചാടിക്കുളിക്കുന്നതിനായി പാറയില്‍ സ്പ്രിങ് ഘടിപ്പിച്ചു പലക സ്ഥാപിച്ചിരുന്നു. ഇപ്പോഴും ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.

സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്തതും ഏറെ നേരം സമയം ചെലവഴിക്കാനും സാധിക്കുന്ന, പ്രകൃതിയുടെ കരവിരുതില്‍ മനോഹരിയായി രൂപപ്പെട്ട സീതമ്മക്കുണ്ടിനെ വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു വേണം കരുതാന്‍.

Manorama online(മനേഷ് മൂര്‍ത്തി)>> Environment >> Travel

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക