.

.

Tuesday, January 24, 2012

സാഹസികതയുടെ പറുദീസയായി വയനാടന്‍ കുന്നുകള്‍

കല്പറ്റ: സാഹസിക സഞ്ചാരികളുടെ പറുദീസയായി വയനാടന്‍ ഹരിതഗിരി നിരകള്‍ മാറുന്നു. മഴക്കാലം പിന്നിട്ടപ്പോള്‍ പതിനായിരത്തിലേറെ സഞ്ചാരികളാണ് വയനാട്ടില്‍ വാഹനമിറങ്ങിയത്. സമുദ്രനിരപ്പില്‍ 2100 അടി ഉയരത്തിലുള്ള ചെമ്പ്രമലയിലാണ് ഏറ്റവും കൂടുതല്‍ സാഹസികപ്രിയര്‍ എത്തിയത്. ബാണാസുരമല, വെള്ളരിമല, പക്ഷിപാതാളം, ബ്രഹ്മഗിരി എന്നിവിടങ്ങളിലെല്ലാം പ്രത്യേക ടൂര്‍ പാക്കേജുകളുമായി നിരവധി ട്രൂപ്പുകള്‍ വന്നു മടങ്ങി.

അമ്പുകുത്തി മലനിരകളിലെ ട്രക്കിങ് നിരോധിച്ചതു മുതല്‍ ചെമ്പ്രയാണ് സാഹസിക സഞ്ചാരികളുടെ കേന്ദ്രം. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് പുതച്ച ചെറിയ കുന്നുകള്‍ക്കിടയിലൂടെ മേപ്പാടിയില്‍നിന്നും 20 മിനിറ്റ് വാഹനമോടിച്ചാല്‍ ഗിരിപര്‍വതത്തിന്റെ ചുവട്ടിലെത്താം. അവിടെനിന്നും മൂന്നുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കീഴടക്കി വേണം ഹൃദയതടാകമെന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച ചെറിയ തടാകത്തിന്റെ കരയിലെത്താന്‍.

വയനാട്ടിലേക്കുള്ള ഇംഗ്ലീഷ് ആധിപത്യത്തിന്റെ ചരിത്രം പറയുന്ന ഈ തടാകക്കരയില്‍ ബ്രിട്ടീഷ് തോട്ടമുടമകള്‍ ഗോള്‍ഫ് കളിച്ചതായി രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. സദാസമയം വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം കോടമഞ്ഞും താഴ്‌വരയിലെ മനോഹാരിതയുമാണ് സഞ്ചാരികളുടെ ഓര്‍മയില്‍ മായാതെ നില്‍ക്കുക. സമൃദ്ധമായ വനങ്ങളും പച്ചപ്പും കാട്ടരുവികളും ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്.

നീലഗിരി മലനിരകളോട് തോളരുമ്മി നില്‍ക്കുന്ന ചെമ്പ്രമലയിലെത്തിയാല്‍ മലപ്പുറം ജില്ലയുടെ വിദൂരകാഴ്ചകളിലേക്കും കണ്ണോടിക്കാം. വനസംരക്ഷണ സമിതിയുടെ എരുമക്കൊല്ലിയിലെ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തി വേണം ചെമ്പ്രയിലേക്ക് പ്രവേശിക്കാന്‍. പത്ത് സഞ്ചാരികള്‍ക്ക് 500 രൂപയാണ് ഫീസ്. 3500 രൂപ നല്‍കിയാല്‍ വനസംരക്ഷണ സമിതി തന്നെ വാച്ച്ടവറില്‍ ഭക്ഷണമൊരുക്കും. മൂന്നംഗമുള്ള ഒരു ഗ്രൂപ്പിനാണ് ഈ തുക നല്‍കേണ്ടി വരിക. നാലേകാല്‍ലക്ഷത്തോളം രൂപ ചെലവാക്കി വനംവകുപ്പ് ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. ചെറിയ കുടില്‍, സൗരോര്‍ജവിളക്ക്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം പണികഴിപ്പിച്ചു. ഈ കേന്ദ്രത്തിന്റെ വികസനത്തിനായി 30ലക്ഷത്തിന്റെ പദ്ധതി 20087ല്‍ സമര്‍പ്പിച്ചിട്ടുണ്ട്.വയനാടിന്റെ ചരിത്രത്തോളം പഴക്കമേറിയതാണ് തിരുനെല്ലിയിലെ പക്ഷിപാതാളത്തിന്റെ പെരുമ. ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായ കല്‍ഗുഹകളാണ് ബ്രഹ്മഗിരിയിലെ പക്ഷിപാതാളം. തിരുനെല്ലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍നിന്നും ഏഴ് കിലോമീറ്ററോളം കാല്‍നടയാത്ര ചെയ്ത് വേണം ഇവിടെയെത്താന്‍. ഡോര്‍മിറ്ററിയില്‍ താമസവും ഭക്ഷണവും ലഭിക്കും. വനംവകുപ്പിനാണ് ഇതിന്റെ ചുമതല. വഴികാട്ടിയും ഇവിടെയുണ്ട്.

1600 അടി ഉയരത്തിലുള്ള ബാണാസുര മലയിലേക്കും സഞ്ചാരികളുടെ പ്രവാഹമുണ്ടായി. കാപ്പിക്കളത്തിലുള്ള ബാണാസുര സ്‌നോഫോള്‍സ് വഴിയാണ് ഈ മലനിരകളിലേക്ക് പ്രവേശനം. വനസംരക്ഷണ സമിതിയില്‍ 800 രൂപയാണ് ഫീസ് നല്‍കേണ്ടത്. ബ്രഹ്മഗിരിയുടെ നെറുകയിലേക്കും വെള്ളരിമലയിലേക്കും ട്രക്കിങ് സൗകര്യമുണ്ട്.

ബാംഗ്ലൂര്‍ ആസ്ഥാനമായി വയനാട്ടിലേക്ക് ട്രക്കിങ് നടത്താന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടുത്ത വേനല്‍ വരുന്നതോടെ വനയാത്രകള്‍ വനംവകുപ്പ് താത്കാലികമായി നിര്‍ത്തിവെക്കും. സൗത്ത്, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.മാര്‍ക്കാണ് ട്രക്കിങ് അനുമതി നല്‍കുന്നതിന്റെ ചുമതല.
24 Jan 2012 Mathrubhumi Wayanad News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക