.

.

Monday, January 23, 2012

പറവകളുടെ പറുദീസ

നീല ജലാശയത്തില്‍ നിഴല്‍ച്ചിത്രങ്ങള്‍ വരച്ചു പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍. അവ പറന്നിറങ്ങുമ്പോള്‍ കടലാസു വിമാനങ്ങള്‍ തെന്നിയിറങ്ങുന്നതു പോലെ. ഓളപ്പരപ്പില്‍ മുങ്ങാംകുഴിയിടല്‍. പച്ചത്തുരുത്തില്‍ കൊച്ചുവര്‍ത്തമാനം. ചുവപ്പന്‍ കൊക്കും മഞ്ഞവരയുള്ള കഴുത്തും നീലത്തൂവലും സ്വര്‍ണവാലും നീളന്‍ കാലുകളുമൊക്കെ തൊട്ടടുത്തു കാണാമെന്നു കരുതി ചെന്നാല്‍ പിന്നെ കേള്‍ക്കുക ചിറകടിശബ്ദം മാത്രം. അല്‍പ്പം മാറി വീണ്ടും അത്യുഗ്രന്‍ ലാന്‍ഡിങ്... പക്ഷികളുടെ അദ്ഭുതപ്രപഞ്ചമായി മുണ്ടേരിക്കടവ് മാറുന്നു. ഇൌ തുരുത്ത് ഇവയ്ക്കു കൂട്.

വിസ്തൃതിയില്‍ കേരളത്തിലെ നാലാമത്തെ തണ്ണീര്‍ത്തടമാണ് മുണ്ടേരിക്കടവ് ഉള്‍പ്പെടുന്ന കാട്ടാമ്പള്ളി തണ്ണീര്‍ത്തട മേഖല. ഇതില്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 120 ഹെക്ടറോളം ഉള്‍ക്കൊള്ളുന്ന തണ്ണീര്‍ത്തടത്തില്‍ വ്യത്യസ്ത ഇനത്തില്‍പ്പെട്ട നൂറ്റന്‍പതിലധികം ഇനം പക്ഷികള്‍, 45 ഇനം ചിലന്തികള്‍, 34 ഇനം തുമ്പികള്‍, 82 ഇനം പൂമ്പാറ്റകള്‍, 68 ഇനം സസ്തനികള്‍, 150 ഇനം സസ്യങ്ങള്‍, 16 ഇനം മല്‍സ്യങ്ങള്‍ തുടങ്ങിയ ജൈവവൈവിധ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ ഏതൊരു പക്ഷിസങ്കേതത്തെയും അതിശയിപ്പിക്കുന്ന മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിനു വേണ്ടി ഡോ. ഖലീല്‍ ചൊവ്വയുടെ സഹായത്താല്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്ര അധ്യാപകരും സയന്‍സ് ക്ളബ്ബും സാമൂഹിക പ്രവര്‍ത്തകരും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ചേര്‍ന്നാണ് പഠന സര്‍വേ പൂര്‍ത്തീകരിച്ചത്. തുടര്‍നടപടിയായി പക്ഷിസങ്കേത സാധ്യതാ സെമിനാര്‍ ഇന്നു പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.

പക്ഷികളുടെ ലോകത്തേക്ക് സ്വാഗതം
കേരളത്തിലെ പ്രധാന പക്ഷികേന്ദ്രങ്ങളില്‍ ഒന്നായി മേഖലയെ നേരത്തെതന്നെ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി പരിഗണിച്ചിട്ടുണ്ട്. അറുപതിലധികം വിഭാഗത്തില്‍പ്പെട്ട പതിനെണ്ണായിരത്തിലധികം ദേശാടനപക്ഷികളുടെ ഒരു അപൂര്‍വ കേന്ദ്രമാണ് മുണ്ടേരിക്കടവ്.

ഇതില്‍ത്തന്നെ 15 സ്പീഷീസുകളിലായി ആയിരക്കണക്കിന് ഇരണ്ട പക്ഷികളുടെ നീരാട്ട് ഡിസംബര്‍, ജനുവരി മാസങ്ങളിലെ അപൂര്‍വ വിസ്മയക്കാഴ്ചകളില്‍ ഒന്നാണ്. സൈബീരിയ, ആഫ്രിക്കന്‍ വനമേഖല, ഹിമാലയം തുടങ്ങിയ വിദൂരദേശങ്ങളില്‍ നിന്നാണ് ഇൌ ദേശാടനപക്ഷികള്‍ ഇവിടെ എത്തുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയായ യുഎന്‍ റെഡ് ഡേറ്റാ ബുക്കില്‍ ഉള്‍പ്പെടുന്ന അപൂര്‍വ ഇനം പരുന്തുകള്‍ മുണ്ടേരിക്കടവില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇൌ മേഖല ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കുവാനും റാംസര്‍ സൈറ്റായി അംഗീകരിക്കാനും ജില്ലാ പഞ്ചായത്തും വിവിധ സംഘടനകളും ഇതിനകം തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇവര്‍ അതിഥികള്‍
മനുഷ്യന്റെ ഇടപെടല്‍ അധികമായി ഉണ്ടാകാത്ത അപൂര്‍വ തണ്ണീര്‍ത്തട മേഖലയാണ് മുണ്ടേരിക്കടവ് പ്രദേശം. ഇൌ കൈപ്പാട് മേഖലയിലുള്ളവര്‍ വര്‍ഷങ്ങളായി പക്ഷികളെ തങ്ങളുടെ അതിഥികളായി പരിഗണിക്കുന്നു.

ഒരു ലക്ഷത്തിലധികം ഇരണ്ടകളാണ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇവിടെ എത്തുന്നത്. അപൂര്‍വ ഗണത്തില്‍പ്പെട്ട 12 പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ചേരക്കോഴി, വലിയ പുള്ളിപ്പരുന്ത്, ചെറിയ പുള്ളിപ്പരുന്ത്, കഷണ്ടിക്കൊക്ക്, സന്യാസിതാറാവ് തുടങ്ങിയ പക്ഷികളെ ഇവിടെ കാണാം.

ചാരത്തലയന്‍ തിത്തില്‍, മഞ്ഞക്കുറിയന്‍ താറാവ്, ചാരക്കഴുത്തന്‍, വരി എരണ്ട, ചൂളന്‍ എരണ്ട, കരിആള, വെള്ളക്കൊക്കന്‍, നീലക്കോഴി, കരിന്തലയന്‍ നീര്‍ക്കാക്ക, ഇടമുണ്ടി, കാലിമുണ്ടി, ചെമ്പന്‍ കഷണ്ടിക്കൊക്ക്, വേലിത്തത്ത, മേടുതപ്പി, പവിഴക്കാലി, ചരല്‍ക്കുരവി, ചെറിയമീവല്‍ക്കാട, താലിപ്പരുന്ത്, പച്ചപ്പൊടിക്കുരവി, ചക്രവാകം, വെള്ളി എറിയന്‍, പുള്ളിച്ചുണ്ടന്‍ താറാവ്, ഇൌറ്റപ്പൊളപ്പന്‍, ചെറിയ ആള, മണലൂതിക്കുരുവി, ടെമ്മിങ് മണലൂതി, വാലന്‍താറാവ് തുടങ്ങി നൂറ്റന്‍പതോളം പക്ഷികളെ പഠനസംഘം തിരിച്ചറിഞ്ഞു.

പക്ഷികള്‍ക്കായി ഈ പഠനം
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി ഉയര്‍ത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കുക, ആവാസ വ്യവസ്ഥയുടെ പ്രത്യേകതകള്‍ കണ്ടെത്തുക, വിഭവ പരിപാലനത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു പഠനസംഘത്തിന്റെ മുന്‍പിലുണ്ടായിരുന്നത്.

പ്രധാന കണ്ടെത്തലുകള്‍:
1. മുണ്ടേരിക്കടവിന്റെ സൂക്ഷ്മകാലാവസ്ഥ അനുബന്ധ പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമാണ്
2. കടവിലെ വായു, ജലം, മണ്ണ് എന്നിവയുടെ ഉൌഷ്മാവ്, ജലബാഷ്പീകരണം എന്നിവ കൂടുതലാണ്
3. ജലം മണ്ണ് എന്നിവയ്ക്ക് അമ്ളഗുണമാണ് ഉള്ളത്
4. ജൈവവൈവിധ്യംകൊണ്ട് സമ്പുഷ്ടമായ തണ്ണീര്‍ത്തടത്തില്‍ അപൂര്‍വ മല്‍സ്യങ്ങളും ഉണ്ട്. 60 ഇനം മല്‍സ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്
5. ഒൌഷധഗുണമുള്ള സസ്യങ്ങളും പ്രത്യേക പുല്‍ച്ചെടികളും മേഖലയിലെ സജീവ സാന്നിധ്യമാണ്
6. മുണ്ടേരിക്കടവിലെ ജൈവമാലിന്യത്തിന്റെയും ഖരമാലിന്യത്തിന്റെയും അളവ് കൂടിവരുന്നു.

നിര്‍ദേശങ്ങള്‍
1. മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമായി ഉയര്‍ത്തുന്നതിനു ബോധവല്‍ക്കരണം ആരംഭിക്കുക
2. മുണ്ടേരിക്കടവും അനുബന്ധ പ്രദേശവും സംരക്ഷിക്കുക
3. ത്രിതല പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപം നല്‍കുക
4. അനധികൃത വയല്‍നികത്തല്‍, കെട്ടിട നിര്‍മാണം തടയുക
5. പക്ഷികള്‍ക്ക് ഇരിക്കാന്‍ ആവശ്യമായ മരക്കുറ്റികള്‍ നാട്ടുക
6. പക്ഷികളെ അടുത്തുനിന്നു നിരീക്ഷിക്കാന്‍ മുള കൊണ്ടുള്ള നടപ്പാത നിര്‍മിക്കുക
7.നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിക്കുക
8. മാലിന്യം തള്ളുന്നതു തടയുക
9. രാസവള, കീടനാശിനി ഉപയോഗിച്ചു കൊണ്ടുള്ള കൃഷിരീതി കൈപ്പാട് നിലത്ത് ഒഴിവാക്കുക
10. കാട്ടാമ്പള്ളി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടു കൊണ്ട് പുഴയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുക
11. മുണ്ടേരി കൈത്തോടുകളുടെ വീതി വര്‍ധിപ്പിക്കുക
12. മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുക
13. പുഴയോരത്ത് മരം നടുക
14. പക്ഷികളെ വേട്ടയാടി പിടിക്കുന്നതു നിരോധിക്കുക
16. ഫോട്ടോ പ്രദര്‍ശനവും സെമിനാറുകളും നടത്തുക
17. പ്രസിദ്ധരായ പക്ഷിനിരീക്ഷകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും സംഘടിപ്പിച്ചു കൊണ്ട് മുണ്ടേരിക്കടവിലെത്തുന്ന പക്ഷികളുടെയും ജന്തു-സസ്യ വൈവിധ്യങ്ങളുടെയും പ്രത്യേകതകള്‍ കണ്ടെത്തുക. അവ പഠനവിധേയമാക്കുക
19. പക്ഷിസങ്കേതം രൂപീകരണവുമായി ബന്ധപ്പെട്ടു പഞ്ചായത്ത്തലത്തില്‍ വര്‍ക്കിങ് കമ്മിറ്റി രൂപീകരിക്കുക
20. പരിപാലനവുമായി ബന്ധപ്പെട്ട് കര്‍മസനേയ്ക്കു രൂപം നല്‍കുക.
Manoramaonline >> Environment >> News(ജസ്റ്റിന്‍ ജോസഫ്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക