.

.

Tuesday, February 21, 2012

ദേശാടകര്‍ക്ക് പുതിയ സങ്കേതം

ഫറോക്ക് പുല്ലിപ്പുഴയോരത്ത് കല്ലംപാറ പാലത്തിനു സമീപം ദേശാടനക്കിളികളുടെ സങ്കേതം. കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിന്നു സുരക്ഷ തേടിയെത്തിയ കിളികളാണ് കല്ലംപാറയില്‍ ചേക്കേറിയിരിക്കുന്നത്. തദ്ദേശീയരും ദേശാടകരുമായ വിവിധ ഇനം പക്ഷികള്‍ രാവിലെയും വൈകിട്ടും കൂട്ടത്തോടെ എത്തുന്നു. ഇതോടെ കിളികളെ കാണാന്‍ നാട്ടുകാരുടെ കൂട്ടമാണ്.

ചാരമുണ്ടി, മണല്‍ക്കോഴി, പച്ചക്കാലി, ചോരക്കാലി, ചെറിയ മീന്‍കൊത്തി, പെരുമുണ്ടി, നീര്‍ക്കാക്ക, ചെറുമുണ്ടി, തിരമുണ്ടി, കാലിമുണ്ടി, കൊളമുണ്ടി, പൊന്‍ മണല്‍ക്കോഴി, ഐബിസ് എന്നിവയെയാണ് സങ്കേതത്തില്‍ കാണപ്പെട്ടത്. കല്ലംപാറയില്‍ ചെമ്മീന്‍കുഴിക്കല്‍, അയ്യംപാക്കി ഭാഗങ്ങളിലെ നിറഞ്ഞ കണ്ടല്‍ക്കാടുകളും ചെളിത്തിട്ടകളുമാണ് പക്ഷികളെ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

ഭക്ഷണം, ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകങ്ങളും ഇവിടെ സുലഭമാണ്. പുഴയോരത്തെ ചെളിത്തിട്ടകളിലുള്ള ഞണ്ട്, വിരകള്‍, കക്കാ വര്‍ഗ ജീവികള്‍, ചെറുമത്സ്യങ്ങള്‍, പുഴുക്കള്‍ എന്നിവ ഭക്ഷിക്കാനാണ് കിളികള്‍ കൂട്ടത്തോടെ എത്തുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന കിളികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫ കേളപ്പാട്ടില്‍ പറഞ്ഞു പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പക്ഷികള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

കടലുണ്ടി പക്ഷി സങ്കേതത്തില്‍ വ്യാപിച്ച മലിനീകരണവും ശബ്ദശല്യവുമാണ് കിളികള്‍ കല്ലംപാറയിലേക്ക് ചേക്കേറാന്‍ ഇടയാക്കുന്നതത്രെ. എഴുപതോളം ഇനം ദേശാടനപ്പക്ഷികളെ കാണപ്പെട്ടിരുന്ന കടലുണ്ടിയില്‍ കിളികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

സാധാരണ ജനുവരിയില്‍ പക്ഷികളെ കൊണ്ടു നിറയേണ്ട സങ്കേതത്തില്‍ ഇത്തവണ കാര്യമായ ചിറകടിയുണ്ടായില്ല. സങ്കേതത്തിന് അഭിമുഖമായി കടലുണ്ടിക്കടവ് പാലം വന്നതും അഴിമുഖത്തു നിന്നുള്ള മണല്‍ വാരലും മാലിന്യപ്രശ്നങ്ങളും ആവാസ വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കി. ഇതു പക്ഷികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാധാരണയായി കണ്ടുവരാറുള്ള സാന്‍ഡ്വിച്ച് ടേണ്‍ എന്ന കടലുണ്ടി ആളയെ പോലും ഇപ്പോള്‍ വളരെ വിരളമായി മാത്രമേ കാണുന്നുള്ളൂ.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക