.

.

Saturday, February 4, 2012

കുട്ടനാടന്‍ കാഴ്ചകള്‍ ഇനി ലോകത്തിന്റെ സ്വത്ത്

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന കുട്ടനാടിനെ രാജ്യാന്തര കാര്‍ഷിക പൈതൃക കേന്ദ്രമായി അംഗീകരിച്ചതോടെ ഈ തണ്ണീര്‍ത്തടം ഇനി ലോക സ്വത്ത്. കുട്ടനാട്ടിലെ ജലം, മണ്ണ്, വായു, ജൈവവൈവിധ്യം എന്നിവയ്ക്കുമേല്‍ എല്ലാത്തരം സംരക്ഷണവും ഉറപ്പു വരുത്തുന്നതാണ് പുതിയ അംഗീകാരമെന്ന് വിദഗ്ധര്‍ പറയുന്നു.

കുട്ടനാട്ടിലെ ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റും പരിസ്ഥിതിക്കും ജീവനോപാധികള്‍ക്കും കനത്ത പരുക്കേല്‍പ്പിക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട പരിസ്ഥിതി സവിശേഷതകള്‍ വീണ്ടെടുത്ത് കുട്ടനാടിനെ രക്ഷിക്കണമെന്ന നിര്‍ദേശമായിരുന്നു പഠനം നടത്തിയവര്‍ മുന്നോട്ടുവച്ചത്. രണ്ടു വര്‍ഷം മുന്‍പ് (2010 ഫെബ്രുവരി രണ്ട്) ലോക തണ്ണീര്‍ത്തട ദിനത്തില്‍ ആലപ്പുഴയില്‍ കുട്ടനാട് വികസന സമിതിയും സ്വാമിനാഥന്‍ ഫൌണ്ടേഷനും ചേര്‍ന്ന് നടത്തിയ സെമിനാറിലാണ് ലോകത്തിന്റെ സ്വത്തായി കുട്ടനാടിനെ പരിഗണിക്കണമെന്ന നിര്‍ദേശം ആദ്യമായി ഉയര്‍ന്നത്.

സമുദ്രനിരപ്പില്‍നിന്നും 2.5 - 3.5 മീറ്റര്‍ താഴ്ചയില്‍ കൃഷിചെയ്യുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ എക്കാലത്തും കൌതുകമാണ്. ഇവിടെ പാടശേഖരങ്ങളേക്കാള്‍ ഉയര്‍ന്ന ജലനിരപ്പില്‍ നില്‍ക്കുന്ന നദിയിലേക്ക് വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാണ് നെല്‍കൃഷി ചെയ്യുന്നത്. കായല്‍ രാജാവെന്ന് അറിയപ്പെട്ട മുരിക്കനെപ്പോലെ കുട്ടനാട്ടിലെ കര്‍ഷകരും മണ്ണിന്റെ ഭാഗമായിത്തീര്‍ന്ന തൊഴിലാളികളും ചേര്‍ന്ന് സൃഷ്ടിച്ച കുട്ടനാടിന് പകരം വയ്ക്കാന്‍ മറ്റൊരു ഭൂവിഭാഗമില്ലെന്നാണ് കുട്ടനാടിനെ കാര്‍ഷിക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി പരിശ്രമിച്ച ഡോ. എം.എസ്. സ്വാമിനാഥന്‍ പറഞ്ഞത്.

ഇരുന്നൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കൃഷിരീതികളും കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങളും മറ്റെങ്ങുമില്ലാത്തതാണ്. ബണ്ട് നിര്‍മിക്കലും നിലം ഒരുക്കലും വിത്തിടീലും ഞാറ് നടീലും കൊയ്ത്തും കളമൊരുക്കലും കളം പിരിയലുമൊക്കെ അന്യമായിത്തുടങ്ങുകയാണ്.

കൊയ്തെടുത്ത നെല്ല് കറ്റകളാക്കി കളത്തില്‍ പായിടം പിടിച്ച് അട്ടിവയ്ക്കുകയും മെതിച്ചു കഴിയുമ്പോള്‍ ഏഴിലൊന്ന് പതം അളന്നു കൊടുക്കാന്‍ ഉപയോഗിക്കുന്ന പറയും ചങ്ങഴിയും നാഴിയും നെല്ല് സൂക്ഷിക്കുന്ന പത്തായവുമെല്ലാം കുട്ടനാടന്‍ കര്‍ഷക സംസ്കാരത്തെക്കുറിച്ചുള്ള ചരിത്രത്തിന്റെ ഭാഗമാകാന്‍ അധികം നാളുകള്‍ വേണ്ടിവരില്ല.

വേമ്പനാട് കായല്‍ ഉള്‍പ്പെടെയുള്ള വിവിധ കായലുകളും കുട്ടനാട്ടിലെ മത്സ്യ, ജൈവ സമ്പത്തും ആര്‍ ബ്ളോക്ക് പോലുള്ള അത്ഭുത ദ്വീപുകളും കൈനകരിയിലെയും സമീപ ദ്വീപുകളിലെയും ജനജീവിതവും അതിന്റെ പ്രത്യേകതകളോടെ കാര്‍ഷിക പൈതൃക കേന്ദ്രത്തില്‍പെടുത്തി സംരക്ഷിക്കുന്നതിനും അധികൃതര്‍ നിര്‍ബന്ധിതരാകും.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക