.

.

Monday, February 20, 2012

കൊടും ചൂടില്‍ കൂളായി...

പൊരിവെയിലിന്റെ ചൂടില്‍നിന്നും രക്ഷപ്പെടാന്‍ നമുക്കൊരുപാട് സൂത്രങ്ങളറിയാം. കുടയും തൊപ്പിയും തുടങ്ങി കിടിലന്‍ എസി സൂത്രം വരെ! എന്നാല്‍ ഇതൊന്നും ഉപയോഗിക്കാനറിയാത്ത മറ്റു ജീവികളുടെ കാര്യമോ? അവരും ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പല രസികന്‍ സൂത്രങ്ങളും പ്രയോഗിക്കാറുണ്ട്.

അണ്ടര്‍ഗ്രൌണ്ട് എസി
പൊതുവെ ചൂടേറിയ സ്ഥലങ്ങളില്‍ ജീവിക്കുന്നവരാണ് തുരപ്പന്‍ തവളകള്‍. സ്പേഡ് ഫൂട്ട് ടോഡ് എന്നാണ് ഇവരുടെ ഇംഗിഷ് പേര്. പൊള്ളുന്ന ചൂടിനെ നേരിടാന്‍ ഇവര്‍ ചെയ്യുന്ന സൂത്രം കേട്ടോളൂ. മണ്ണില്‍ ആഴത്തിലൊരു കുഴിയുണ്ടാക്കി അതില്‍ കൂളായി കയറിയിരിക്കും. ദേഹത്ത് മുഴുവന്‍ നല്ല തണുപ്പുള്ള മണ്ണും പൂശിയിരുന്നാല്‍ പിന്നെ ചൂട് പമ്പ കടക്കില്ലേ? മണ്ണിലിങ്ങനെ ആഴത്തില്‍ കുഴികള്‍ കുഴിക്കാന്‍ പറ്റിയ മൂര്‍ച്ചയേറിയ കാലുകളും ഇവര്‍ക്കുണ്ട്. അതുകൊണ്ടാണിവരെ സ്പേഡ് ഫൂട്ട് ടോഡുകള്‍ എന്നു വിളിക്കുന്നതും.

പൊയ്ക്കാല്‍ നടത്തം!
ഇനി നമുക്ക് പരിചയമുള്ള ഒരു സൂത്രക്കാരന്‍ ഇതാ. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ വാല്‍ മുറിച്ചിട്ട് ഓടുന്ന പല്ലികളെ കുറിച്ചാണ് പറഞ്ഞുവന്നത്. കൊടുംചൂടില്‍ നടക്കേണ്ടി വരുമ്പോള്‍ പല്ലികള്‍ ഒരുഗ്രന്‍ സൂത്രം പ്രയോഗിക്കും. രണ്ടു കാല്‍പ്പാദങ്ങളും പൊക്കിയങ്ങ് നടക്കും. കാലിന്റെ ചെറിയൊരു ഭാഗം മാത്രമേ അപ്പോള്‍ തറയില്‍ മുട്ടൂ. എങ്ങനെയുണ്ട് ഇവയുടെ ബുദ്ധി?

വാല്‍ക്കുട
ഗ്രൌണ്ട് സ്ക്വിറല്‍ എന്നു പേരുള്ള ഒരിനം അണ്ണാറക്കണ്ണന്മാരുണ്ട്. കടുത്ത വേനല്‍ച്ചൂടിനെ നേരിടാന്‍ ഇവര്‍ക്കൊരു രസികന്‍ സൂത്രമറിയാം. സാമാന്യം വലിയ തങ്ങളുടെ വാല്‍ വളച്ചുപിടിച്ച് ഒരുഗ്രന്‍ കുടയുണ്ടാക്കും. എന്നിട്ട് ഈ വാല്‍ക്കുടയുടെ തണലില്‍ സുഖമായി ഒതുങ്ങി നില്‍ക്കുകയും ചെയ്യും.

മഡ് ബാത്ത്
റൈനോ എന്നു ചുരുക്കപ്പേരുള്ള കാണ്ടാമൃഗങ്ങള്‍ക്കും ചൂടിനെ തോല്‍പ്പിക്കാന്‍ ഒരുഗ്രന്‍ സൂത്രമറിയാം. ചെളി നിറഞ്ഞ കുളങ്ങള്‍ കണ്ടെത്തി അതിലിറങ്ങി നില്‍ക്കും. ദേഹം മുഴുവന്‍ ചെളിയില്‍ പൂഴ്ത്തി വെയിലാറുംവരെ ഇവര്‍ ഒരേ നില്‍പ്പായിരിക്കും. വെയിലാറിയാല്‍ ചെളിയില്‍ നിന്നും കയറിപ്പോരികയും ചെയ്യും. നമ്മുടെ നാട്ടിലെ പോത്തുകളും ഇതേ സൂത്രം പ്രയോഗിക്കുന്നത് കണ്ടിട്ടില്ലേ?
Manoramaonline >> Environment >> Wonders (ധന്യലക്ഷ്മി മോഹന്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക