.

.

Saturday, February 11, 2012

മാലിന്യമൊഴിഞ്ഞു; കണ്ണന്‍ചിറയ്ക്ക് ആശ്വാസം

അതിദയനീയമായിരുന്നു കണ്ണന്‍ചിറയുടെ അവസ്ഥ... മാലിന്യത്താല്‍ വീര്‍പ്പുമുട്ടി, ശ്വാസമെടുക്കാന്‍ പോലുമാകാതെ... സമീപ സ്ഥലങ്ങളിലെ പോലും മാലിന്യം കണ്ണുംപൂട്ടി ഇവിടേക്കെത്തുകയായിരുന്നു. ആര്‍ക്കും മാലിന്യം തള്ളാവുന്ന അവസ്ഥ. അധികൃതര്‍ക്ക് പരാതി നല്‍കി മടുത്ത നാട്ടുകാര്‍ ഒടുവില്‍ രംഗത്തിറങ്ങി.

മാലിന്യം തള്ളുന്നതിനെതിരെയുള്ള ബോര്‍ഡുകള്‍ കണ്ണന്‍ചിറയില്‍ നിരന്നു. ഇപ്പോള്‍ ഏഴിക്കര പഞ്ചായത്തിലെ കണ്ണന്‍ചിറ വാസികള്‍ക്ക് ഇതുവഴി ആശ്വാസത്തോടെ നടക്കാം. പ്രകൃതി ഒരുക്കിയ കണ്ടല്‍ കാടുകള്‍ക്കും ഇതോടെ രക്ഷയായി.

പറവൂര്‍-ചാത്തനാട് റോഡില്‍ കണ്ണന്‍ചിറയില്‍ റോഡിന്റെ ഒരുഭാഗം മുഴുവന്‍ മാലിന്യ കിറ്റുകള്‍ വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. റോഡിലൂടെ നിത്യസഞ്ചാരം ഉണ്ടെങ്കിലും ഒരു ഭാഗം ആള്‍ത്താമസമില്ലാത്ത സ്ഥലമാണ്.

ചതുപ്പുനിലവും നിറയെ കണ്ടല്‍ കാടുകളും ഉള്ള ഇവിടെ വലിയ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി വരെ മാലിന്യങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന് തള്ളാന്‍ തുടങ്ങി. സഹികെട്ട നാട്ടുകാര്‍ അധികൃതര്‍ക്ക് പലകുറി പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു.

ഒരു പ്രദേശം മുഴുവന്‍ നിരത്തി ബോര്‍ഡുകള്‍ വച്ചു. ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും മുന്നറിയിപ്പുകളും ബോര്‍ഡുകളില്‍ എഴുതി. അതോടെ, മാലിന്യം എറിയാനെത്തുന്നവര്‍ കുറഞ്ഞു കുറഞ്ഞു വന്നു. കണ്ണന്‍ചിറ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് രക്ഷപ്പെട്ടു.
11 Feb 2012 Mathrubhumi Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക