.

.

Monday, February 13, 2012

കാടിന്റെ കുളിര്‍മയില്‍ നാഗര്‍ഹോള

കുട്ട (കര്‍ണാടക):കുളിര്‍മയുടെ ഹരിതവനക്കാഴ്ചകളുമായി നാഗര്‍ഹോള രാജീവ്ഗാന്ധി ദേശീയ ഉദ്യാനം സഞ്ചാരികളുടെ മനം കവരുന്നു. ഇലപൊഴിക്കാത്ത വനങ്ങളും പുല്‍മേടുകളുടെ പച്ചപ്പുമായി വേനല്‍ക്കാല വൈല്‍ഡ് ലൈഫ് ടൂറിസത്തിന് കരുത്തു പകരുകയാണ് ഈ ദേശീയ പാര്‍ക്ക്. 247 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കബനിക്കരയില്‍ നാഗര്‍ഹോള വ്യാപിച്ചുകിടക്കുന്നത്. കടുവ, കാട്ടുപോത്ത്, ആന തുടങ്ങിയ 280 ഇനം വന്യജീവികളുടെ സാങ്കേതമാണ് ഈ ഹരിതവനം.

കന്നഡയില്‍ പാമ്പിന്റെ വഴി എന്നര്‍ത്ഥം വരുന്ന നാഗര്‍ഹോളെ എന്നാണ് 1955 മുതല്‍ ഈ ഉദ്യാനം അറിയപ്പെട്ടിരുന്നത്. 1975 ല്‍ സമീപവന പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഉദ്യാനം വിസ്തൃതികൂട്ടി. മൈസൂര്‍ മഹാരാജക്കന്മാരുടെ വേട്ടവനമായിരുന്നു മുമ്പു കാലത്ത്. കടുവസങ്കേത കേന്ദ്രമായി അനുദിനം വളരുന്ന ഈ കേന്ദ്രത്തില്‍ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കാട്ടുമൃഗങ്ങളെ തേടിയുള്ള കാനന സവാരിക്ക് കര്‍ണാടക വനംവകുപ്പ് പ്രത്യേക വാഹനസൗകര്യം ഇവിയെയൊരുക്കിയിട്ടുണ്ട്.കാട്ടുവഴിയിലൂടെ മെല്ലെപ്പോകുന്ന ചില്ലുപേടകത്തില്‍ നിന്ന് അതിവിദൂരത്തല്ലാതെ വന്യമൃഗങ്ങളെ കാണാം. മറ്റു വന്യസങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി കാട്ടുചോലകള്‍ക്കിടയില്‍ സഞ്ചാരികളോട് സൗഹൃദം പങ്കിടുന്ന മാന്‍കൂട്ടങ്ങള്‍ പതിവു കാഴ്ചയാണ്. സ്വകാര്യ വാഹനങ്ങള്‍ക്കൊന്നും കാടിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. നാഗര്‍ഹോളയുടെ പ്രവേശന കവാടത്തില്‍ ഒരു പെട്ടിക്കടയ്ക്കു പോലും വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. പൂര്‍ണമായും പരിസ്ഥിതി സൗഹൃദത്തിന്റെ ഉത്തമ മാതൃക കൂടിയാണിത്.

മാര്‍ച്ച് മുതല്‍ മെയ് വരെ 33 സെന്റിഗ്രേഡ് വരെ മാത്രമാണ് ഈ കാടിനുള്ളിലെ താപനില ഉയരുക. കബനി ജലസംഭരണിയില്‍ നിന്ന് കൈവഴികളിലൂടെ ഒഴുകിയെത്തുന്ന ജലമാണ് കാടിനെ സമ്പുഷ്ടമാക്കുന്നത്. പ്രതിവര്‍ഷം 1440 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തുവീഴുന്നത്. 64,300 ഹെക്ടര്‍ സ്ഥലത്തായി പരിപാലിക്കപ്പെടുന്ന ഈ ഉദ്യാനം യുനെസ്‌കോ പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

മൂന്നൂറ് കടുവകളെ സംരക്ഷിക്കുന്ന മധ്യപ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് 290 കടുവകളുള്ള കര്‍ണാടക വനം. നാഗര്‍ഹോളയിലാണ് ഇതിന്റെ ഭൂരിഭാഗവും താവളമാക്കിയിട്ടുള്ളത്. മടിക്കേരിയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ നാഗര്‍ഹോളയിലെത്താം. പ്രവേശന കവാടത്തിന് മൂന്ന് കിലോമീറ്റര്‍ അകലത്തായുള്ള ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ചെയ്തു വേണം ഇവിടെയെത്താന്‍. ഇരുചക്ര വാഹനങ്ങളൊന്നും നാഗര്‍ഹോളയിലേക്ക് കടത്തിവിടില്ല. മൈസൂരില്‍ നിന്ന് 96 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 50 കിലോമീറ്ററും ദൂരമുണ്ട്.

വനം വകുപ്പ് യാത്രിക്കാര്‍ക്കായി താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക ഫോറസ്റ്റ് ഡിവിഷന്റെ വെബ്‌സൈറ്റു വഴി ബുക്കിങ് നടത്താം. കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കല്പറ്റ- മാനന്തവാടി- തോല്‍പ്പെട്ടി- കുട്ട വഴിയുള്ള സഞ്ചാര വഴിയാണ് അഭികാമ്യം. വൈകിട്ട് ആറു മണിക്ക് വന്യജീവി സങ്കേതം അടയ്ക്കുന്നതിനാല്‍ രാവിലെയും ഈ കേന്ദ്രം സഞ്ചാരികളുടെ തിരക്കിലാണ്.

ജംഗിള്‍ സഫാരിയുള്‍പ്പെടെയുള്ള പാക്കേജുകള്‍ ഉള്‍പ്പെടുത്തി അതിഥികളെ കാത്തിരിക്കുന്നു. ഇവിടത്തെ റിസോര്‍ട്ടുകള്‍ കുടക് താഴ്‌വരയോട് സ്പര്‍ശിക്കുന്ന വന്യജീവി വിനോദകേന്ദ്രം അവിസ്മരണീയ യാത്രാനുഭവമാണ് നല്‍കുന്നത്.
13 Feb 2012 Mathrubhumi Wayanad News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക