.

.

Tuesday, February 14, 2012

കരിമീന്‍ സംരക്ഷണ പദ്ധതി കേന്ദ്രം തള്ളി

കോട്ടയം: സംസ്ഥാന മത്സ്യമായ കരിമീനിന്റെ ജിനോം സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രം അംഗീകരിച്ചില്ല. കുട്ടനാട് പാക്കേജില്‍പ്പെടുത്തി കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ജിനോം (ജനിതക വിത്ത്) സംരക്ഷിക്കാനുള്ള പദ്ധതിയാണ് തള്ളിയത്.

ജീനോം സംരക്ഷിക്കുന്നതിനോടൊപ്പം ഹാച്ചറികളും മറ്റു നിരീക്ഷണസങ്കേതങ്ങളുമൊരുക്കി കരിമീനുകള്‍ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ സുഗമമാക്കാനായിരുന്നു പദ്ധതി.

നാടന്‍ കരിമീനിന്റെ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് കേന്ദ്രം അവഗണിച്ചത്. കൃത്രിമ പ്രജനനം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വേമ്പനാട്ടുകായലിലെ കരിമീന്‍ ഉത്പാദനം കൂട്ടാമെന്ന കണക്കുകൂട്ടല്‍ ഇതോടെ ഫലം കണ്ടില്ല.സംസ്ഥാന ഫിഷറീസ് വകുപ്പാണ് കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി കരിമീന്‍ സംരക്ഷണത്തിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചത്.

കുട്ടനാടിന്റെ തനതു ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രോജക്ട് ഉള്‍പ്പെടുത്തിയിരുന്നത്.50ലക്ഷം രൂപയുടെ പ്രോജക്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തുക അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. ജിനോം സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഫിഷറീസ് വകുപ്പാണ് സമര്‍പ്പിച്ചത്. എന്നാല്‍ പദ്ധതികള്‍ അംഗീകരിക്കാനാവില്ലെന്ന അറിയിപ്പോടെയാണ് ഫണ്ട് നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചത്.

വേമ്പനാട്ടുകായലിലെ കരീമീന്‍ലഭ്യത ഗണ്യമായി കുറയുന്നതായി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഫിഷറീസിന്റെ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നുള്ള ഈ തിരിച്ചടിയും.
14 Feb 2012 Mathrubhumi Kottayam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക