.

.

Tuesday, February 28, 2012

അമ്പുകുത്തി മലനിരകള്‍ കാട്ടുതീ ഭീഷണിയില്‍

സുല്‍ത്താന്‍ബത്തേരി: അമ്പുകുത്തി മലനിരകളിലുണ്ടാകുന്ന തുടര്‍ച്ചയായ കാട്ടുതീ ലോകപ്രശസ്തമായ എടക്കല്‍ ഗുഹയ്ക്കും ഐതിഹ്യപ്പെരുമ നിറഞ്ഞ മലനിരകള്‍ക്കും വന്‍ഭീഷണി ഉയര്‍ത്തുന്നു. ഇതോടൊപ്പംതന്നെ നൂറുകണക്കിന് കര്‍ഷകരും ഭീതിയിലാണ്.

കഴിഞ്ഞ മൂന്നുദിവസമായുണ്ടായ കാട്ടുതീയില്‍ ഏക്കര്‍ കണക്കിന് കൃഷിയിടമാണ് കത്തിനശിച്ചത്. മൂന്നു ദിവസവും അഗ്‌നിശമനസേനയും നാട്ടുകാരും പണിപ്പെട്ടാണ് തീ അണച്ചത്. കാപ്പിയും മുളകും മറ്റ് കൃഷികളും നശിക്കുകയും ചെയ്തു. കാട്ടുതീ കാരണം കര്‍ഷകര്‍ക്ക് രാത്രിയും പകലും കാവലിരിക്കേണ്ടി വരുന്നു. ഇതിനിടയിലും കാടിന് തീ പടരുന്നു.

അമ്പുകുത്തി മലനിരകളിലാണ് പൈതൃകസമ്പത്തായ എടക്കല്‍ ഗുഹയും ഐതിഹ്യപ്പെരുമ നിറഞ്ഞ ശൂര്‍പ്പണഖ മലയു(ഉറങ്ങുന്ന സുന്ദരി)മുള്ളത്. കൃഷ്ണകഥകളാല്‍ സമ്പന്നമായ പൊന്‍മുടി കോട്ടയും ചീങ്ങേരി പാറയും സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെ. കാട്ടുതീ പാറരാജാവിന്റെ ആസ്ഥാനത്തെയും നാശത്തിലാക്കും; ഇതിനെല്ലാം പുറമേ നിരവധി ചരിത്രാവശിഷ്ടങ്ങളെയും.

ദിവസേനയെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളെയും കാട്ടുതീ കുഴക്കുന്നു. സാഹസികസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന കേന്ദ്രമാണ് അമ്പുകുത്തി മലനിരകള്‍. കാട്ടുതീ പടര്‍ന്നാല്‍ അഗ്‌നിശമനസേനയ്ക്ക് അവിടെ എത്താന്‍ കഴിയാത്തതിനാല്‍ പച്ചപ്പുകള്‍ കൊണ്ടുവേണം തീ കെടുത്താന്‍. പടര്‍ന്നുകിടക്കുന്ന പുല്ലുകള്‍ പെട്ടെന്ന് തീ പടരാനും കാരണമാകും. കാട്ടുതീ പടരാന്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്.
28 Feb 2012 mathrubhumi wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക