.

.

Sunday, February 12, 2012

കുറുമ്പുകള്‍കാട്ടി കുഞ്ഞാന

ആലപ്പുഴ: പേര് ചന്ദ്രമുഖി... പ്രായം ആറുമാസം... അവളായിരുന്നു ശനിയാഴ്ച കൊമ്മാടിയുടെ താരം. കുറുമ്പുകള്‍കാട്ടി ഈ കുഞ്ഞാനക്കുട്ടി കാണികളെ കൈയിലെടുത്തു. നെല്ലിയാമ്പതിയിലെ കൈകാട്ടിയില്‍ നിന്ന് തിരുവനന്തപുരം കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലേയ്ക്കുള്ള യാത്രാമധ്യേയായിരുന്നു വിശ്രമത്തിനായി പിടിയാനക്കുട്ടിയെ ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഡിവിഷണല്‍ ഓഫീസിലെത്തിച്ചത്. കേട്ടറിഞ്ഞ് നിരവധിപേര്‍ കുറുമ്പുകാരിയെ കാണാനെത്തി. മതിലിനുമുകളില്‍ക്കൂടി കാഴ്ച കണ്ടവരെയൊന്നും പിടിയാനക്കുട്ടി നിരാശരാക്കിയില്ല.

നെല്ലിയാമ്പതിയില്‍ കാട്ടില്‍നിന്ന് കൂട്ടംതെറ്റിവന്ന കുട്ടിയാനയെ വ്യാഴാഴ്ച രാവിലെ ചന്ദ്രാമല എസ്റ്റേറ്റിന് സമീപത്തെ വെള്ളച്ചാലില്‍ അവശനിലയില്‍ തൊഴിലാളികളാണ് കണ്ടെത്തിയത്. ചാലില്‍നിന്ന് കരയ്ക്കു കയറ്റിയതോടെ ഉഷാറിലായ കുട്ടിയാന ഓടിച്ചാടി കുറുമ്പു കാട്ടിത്തുടങ്ങി. വിവരമറിഞ്ഞ് വനം വകുപ്പധികൃതര്‍ എത്തി. അവര്‍ ആനക്കുട്ടിയെ കാട്ടാനക്കൂട്ടത്തിനൊപ്പം അയയ്ക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്നിതിനെ കൈകാട്ടിഫോറസ്റ്റോഫീസിലേക്ക് കൊണ്ടുപോയി.

വെറ്ററിനറി ഡോക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതോടെ ആനക്കുട്ടി കളിച്ചു നടക്കാന്‍ തുടങ്ങി. ഇതിനിടെ സംഭവം വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പറവൂരില്‍നിന്നുള്ള ഡോക്ടര്‍ ഗിരീഷ് നെല്ലിയാമ്പതിയില്‍ എത്തി ആനക്കുട്ടിയെ വിശദമായി പരിശോധിച്ചു. ഭക്ഷണം കൊടുത്തു തുടങ്ങിയതോടെ ആരോഗ്യം പൂര്‍വസ്ഥിതിയിലായ ആനക്കുട്ടിയെ വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയ വാനിലാണ് ആനക്കുട്ടിയെ കയറ്റിയത്. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. സുനിലിന്റെ നേതൃത്വത്തില്‍ വനപാലകര്‍ അനുഗമിച്ചു.

ചന്ദ്രാമല എസ്റ്റേറ്റിന് സമീപത്തുനിന്ന് കിട്ടിയ ആനക്കുട്ടിക്ക് വനപാലകരാണ് ചന്ദ്രമുഖിയെന്ന് പേരിട്ടത്. ഇടക്കിടെ വിശ്രമിച്ചായിരുന്നു ആനക്കുട്ടിയുടെ യാത്ര. ശനിയാഴ്ച രാവിലെയാണ് ഇതിനെ ആലപ്പുഴയില്‍ എത്തിച്ചത്. സാമൂഹ്യ വനവത്കരണ വിഭാഗം ഓഫീസിന്റെ ഇരുമ്പുകൂട്ടിനുള്ളിലാക്കിയ ആനക്കുട്ടിക്ക് വനപാലകര്‍ കാവലായി. ഫാന്‍ വച്ച് കാറ്റുകൊള്ളിക്കുന്നുണ്ടായിരുന്നു. കുടിക്കാന്‍ കരിക്കിന്‍ വെള്ളവും നല്‍കി.

ആനക്കുട്ടി കുഞ്ഞു തുമ്പിക്കൈകൊണ്ട് ഇരുമ്പു ഗേറ്റിന്റെ പൂട്ടുതുറക്കാന്‍ ശ്രമിച്ചത് കൗതുകമായി. മതിലിന് വെളിയില്‍ തടിച്ചു കൂടിയവര്‍ ആനക്കുട്ടിയുടെ കുറുമ്പുകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. രാത്രിയോടെ ആനക്കുട്ടിയെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി.
12 Feb 2012 Mathrubhumi Alappuzha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക