.

.

Tuesday, February 28, 2012

കൊട്ടത്തലച്ചിയില്‍ കത്തിയമര്‍ന്നത് അപൂര്‍വ ജൈവ വൈവിധ്യം

ചെറുപുഴ: കൊട്ടത്തലച്ചി മലയില്‍ നാല്പത് മണിക്കൂറിലേറെ കത്തിനിന്ന തീയില്‍ നഷ്ടമായത് അപൂര്‍വമായ ജന്തു-സസ്യ വൈവിധ്യം. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പടര്‍ന്നുപിടിച്ച തീ അണഞ്ഞത് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ്. 180 ഏക്കറോളം സ്ഥലത്തെ പുല്‍മേടും വനവുമാണ് കത്തിയമര്‍ന്നത്. കൃഷിയിടങ്ങളിലേക്ക് തീ വ്യാപിച്ചെങ്കിലും നാട്ടുകാരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി.

കൊട്ടത്തലച്ചിയില്‍ പത്തുവര്‍ഷമായി വളര്‍ന്ന ചെറുമരങ്ങളിലും അടിക്കാടുകളിലും കൂടുകൂട്ടിയ ആയിരക്കണക്കിന് ശരപക്ഷികള്‍ക്ക് കൂടുനഷ്ടമായി. ആളിക്കത്തിയ തീയില്‍ കൂടുകള്‍ കത്തിയമര്‍ന്നതോടെ ശരപക്ഷികള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കാഴ്ച പ്രകൃതിസ്‌നേഹികളെ നൊമ്പരപ്പെടുത്തുന്നതായി.

പെരുന്തേന്‍, കോല്‍ത്തേന്‍, ചെറുതേന്‍ തുടങ്ങിയ വിവിധഇനം തേനീച്ചകളുടെ കൂടുകളും കത്തിനശിച്ചു. മൂന്നുതരം ചെറു തേനീച്ചകളെ ഇവിടെ കാണാറുള്ളതായി സമീപവാസികള്‍ പറഞ്ഞു.

കാട്ടുപന്നി, കേഴ, മുള്ളന്‍പന്നി എന്നിവയും ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. ഇവയുടെ വാസസ്ഥാനവും നഷ്ടമായി. അപൂര്‍വമായ ഔഷധസസ്യങ്ങളുടെ കലവറയാണ് തീ കത്തിയതോടെ നഷ്ടമായത്. പത്തുവരഷത്തിലേറെയായി തീപിടിക്കാതിരുന്നതിനാല്‍ ചെറുമരങ്ങളും ചെടികളും ധാരാളമായി വളര്‍ന്നിരുന്നു. ഇവയെല്ലാം കത്തിയതോടെ കൊട്ടത്തലച്ചിയിലെ സസ്യാവരണം ആണ് നഷ്ടമായത്. മഴക്കാലത്ത് മണ്ണൊലിപ്പ് രൂക്ഷമാകുമെന്നും മലയിലെ കല്ലുകള്‍ ഉരുണ്ട് താഴ്‌വാരത്തെ കൃഷിയിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

കൊട്ടത്തലച്ചി മലയിലെ തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടത്തലച്ചി സംരക്ഷണ സമിതി പെരിങ്ങോം പോലീസിലും പഞ്ചായത്തിലും പരാതി നല്‍കി.
28 Feb 2012 Mathrubhumi Kannur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക