.

.

Friday, February 10, 2012

നീര്‍നായക്കൂടിന്റെ നിര്‍മാണം പാതിവഴിയില്‍

മൃഗശാലയിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കൂടൊരുക്കാനും ഭക്ഷണമൊരുക്കാനും 200 ലക്ഷം രൂപ. ആദ്യഘട്ടത്തില്‍ 30 ലക്ഷം ചെലവാക്കാനും തീരുമാനമായി. ഇവിടത്തെ മൃഗങ്ങളുടെയും പക്ഷികളുടെയും കൂടുകളുടെ നിര്‍മാണ അപാകതകളെക്കുറിച്ച് 'നഗരം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പുറത്ത് നിന്നുള്ള വിദഗ്ദ്ധസമിതിയെവെച്ച് അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട് വണ്ടല്ലൂര്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വൈല്‍ഡ് ലൈഫ് വിഭാഗം തലവനായി വിരമിച്ച ഡോ. മാത്യു സി. ജോണ്‍, വണ്ടല്ലൂര്‍ മൃഗശാലയിലെ ബയോളജിസ്റ്റ് ഡോ. എ. മണിമൊഴി, മൈസൂര്‍ മൃഗശാലയിലെ അസി. ഡയറക്ടര്‍ വെറ്ററിനറി ഡോ. എസ്. സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ വിദഗ്ദ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൃഗശാലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

വകയിരുത്തിയ 200 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപ ആദ്യഘട്ടത്തില്‍ വിനിയോഗിക്കും, ഇതിനുശേഷം ബാക്കിയുള്ള 170 ലക്ഷം രൂപയ്ക്ക് കൂടുകളും മൃഗങ്ങള്‍ക്ക് ആവശ്യമായ പോഷകമൂല്യമുള്ള ഭക്ഷണം നല്‍കാനും തീരുമാനമായതായി മൃഗശാല ഡയറക്ടര്‍ ഡോ. കെ. ഉദയവര്‍മ്മന്‍ പറഞ്ഞു. കിലോമീറ്ററുകള്‍ നടന്ന് മൃഗങ്ങളെ പരിശോധിക്കുകയും പരിചരണം നടത്തുകയുംചെയ്യുന്ന ഏക ഡോക്ടര്‍ക്ക് സഹായിയായി ദിവസക്കൂലിക്ക് ഒരു ഡോക്ടറെ കൂടെ നിയമിക്കും.

അന്യസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും ആദ്യഘട്ടത്തില്‍ പ്രത്യേകം പാര്‍പ്പിക്കും. അവ ഏത് ആവാസ വ്യവസ്ഥയിലാണോ, ഏതുതരം ഭക്ഷണം നല്‍കിയിരുന്നുവോ, അതനുസരിച്ചായിരിക്കും ആദ്യഘട്ടമൊരുക്കുക. തുടര്‍ന്ന് ഇവിടത്തെ ഭക്ഷണരീതികളും. ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടതിനുശേഷം മാത്രമേ മറ്റുള്ളവക്കൊപ്പം പാര്‍പ്പിക്കുകയുള്ളൂ. മൃഗങ്ങളുടെയും പക്ഷികളുടെയും വലിപ്പത്തിനനുസരിച്ചായിരിക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.

അതേസമയം ഇവയുടെ ആരോഗ്യപരമായ കാര്യങ്ങള്‍ നിലനിര്‍ത്താന്‍ വാക്‌സിനേഷന്‍ നടത്തും. രോഗസംക്രമണങ്ങള്‍, മറ്റുരോഗങ്ങള്‍ എന്നിവയുണ്ടോ എന്നറിയാന്‍, പക്ഷികളുടെ വിസര്‍ജ്യം, രക്താംശമുള്ള തൂവല്‍, മൃഗങ്ങളുടെ രക്തം എന്നിവ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലബോറട്ടറിയില്‍ പരിശോധന നടത്തും. മാത്രമല്ല, ഹൈദ്രാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയില്‍ രക്തപരിശോധനയും നടത്തും.

മൃഗങ്ങളെ കൂടുകളില്‍നിന്ന് മാറ്റാനായി മയക്കുവെടിവയ്ക്കാനുള്ള ഉപകരണങ്ങള്‍, പക്ഷികളെയും ചെറിയ മൃഗങ്ങളെയും പിടിക്കാനായി വെടിവയ്ക്കുമ്പോള്‍ പുറത്തേക്ക് വരുന്ന 'ക്യാപ്ച്ചറിങ് നെറ്റ്' പാമ്പുകളെ വേദനയില്ലാതെ പിടിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയും എത്തിച്ചതായി ഡയറക്ടര്‍ പറഞ്ഞു. മൃഗശാലയിലെ പക്ഷികള്‍ക്ക് സ്വതന്ത്ര ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഒരുക്കുന്ന 'ഏവിയറി'യുടെ നിര്‍മാണ ചുമതല 'കോസ്റ്റ് ഫോര്‍ഡ്' എന്ന ഏജന്‍സിക്കായിരിക്കും. സിംഗപ്പുര്‍, തമിഴ്‌നാട് വണ്ടല്ലൂര്‍ എന്നിവിടങ്ങളിലെ ബേര്‍ഡ്‌സ് ഏവിയറിയുടെ മാതൃകകള്‍ കണ്ടു പഠിച്ചശേഷമായിരിക്കും നിര്‍മാണം നടത്തുക. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തോടെ ആയിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ഡയറക്ടര്‍ പറഞ്ഞു.
10 Feb 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക