.

.

Thursday, February 2, 2012

വനവത്കരണ പദ്ധതികള്‍ താളം തെറ്റി

തിരുനെല്ലി: പശ്ചിമഘട്ടത്തിന് അതിരു നില്‍ക്കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഢി. ഏതുവേനലിലും കുളിരു പകര്‍ന്നൊഴുകിയിരുന്ന കാട്ടരുവികളും ശീതളമായ കാലാവസ്ഥയും പതിറ്റാണ്ടുകളോളം വയനാടിനെ മറ്റു നാടുകളില്‍ നിന്ന് വേര്‍തിരിച്ചു. ശരാശരി താപനില 15 ഡിഗ്രി സെന്റി ഗ്രേഡില്‍ നിലനിന്നിരുന്ന വേനല്‍ച്ചൂട് ഇപ്പോള്‍ ഇരുപത്തിയഞ്ചിലേക്ക് ഉയരുകയാണ്. സദാസമയവും ഉറവ വറ്റാതെ പാപനാശിനിയിലൂടെ ഒഴുകിയിരുന്ന കാളിന്ദിയും ജനവരി പിന്നിട്ടതോടെ നീര്‍ച്ചാലുകളായി മാറി. നഷ്ടമാകുന്ന ഹരിത വനങ്ങളുടെ കണക്കുകളാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കബനിയുടെ ഉത്ഭവസ്ഥാനമായ തൊണ്ടാര്‍മുടി തുടങ്ങി വയനാടിനെ വളഞ്ഞു നില്‍ക്കുന്ന മലനിരകളാണ് നൂറോളം കാട്ടരുവികളുടെ ജലസ്രോതസ്സ്. അതിരുകടന്ന വനംകൊള്ളയും കാട്ടുതീയും വര്‍ഷംതോറും മലനിരകളിലേക്ക് പടര്‍ന്നുകയറിയതോടെ ഇവ മൊട്ടക്കുന്നുകളായി.

വിസ്തൃതിയില്‍ ഏറെയുള്ള സ്വാഭാവിക വനഭൂമി സംരക്ഷിക്കാന്‍ പദ്ധതികള്‍ വര്‍ഷംതോറും വരുമ്പോഴും ചോലവന സംരക്ഷണത്തിന് യാതൊരു നടപടിയുമില്ല. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള ബാണാസുര മലയില്‍ ചോലവനങ്ങള്‍ ധാരളമുണ്ടായിരുന്നു. ചെമ്പ്ര മലനിരകളേക്കാള്‍ സമ്പന്നവും ജൈവ സമ്പുഷ്ടവുമായിരുന്നു ഇവിടത്തെ കാടുകള്‍.

പുളിഞ്ഞാലില്‍ നിന്ന് അധികം ദൂരത്തല്ലാത്ത ഉറക്കം ചോല ഇതില്‍ പ്രധാനപ്പെട്ടതാണ്. ജനവരി പിന്നിട്ട് വേനല്‍ കനക്കുന്നതോടെ ഈ കാട്ടുചോലയിലും കാട്ടുതീ പതിവു തെറ്റാതെ എത്തും. വന്‍മരങ്ങള്‍ വരെ ചാമ്പലാക്കിയാണ് തീ പിന്‍വാങ്ങുക. പേരിനു മാത്രമാണ് ഇപ്പോള്‍ ഈ ചോലവനങ്ങളുടെ നിലനില്പ്.

വനംവകുപ്പ് ഏര്‍പ്പെടുത്തുന്ന ഫയര്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കുന്നില്ല എന്നാണ് ആരോപണം. പുല്‍മേടുകളില്‍ നിന്ന് ആഞ്ഞുവീശുന്ന കാറ്റില്‍ കാടുകളിലേക്ക് തീ പടര്‍ന്നു കയറുകയാണ്. മൊട്ടക്കുന്നുകളായി മാറുന്ന മലനിരകളില്‍ വനവത്കരണ പദ്ധതികളും വേണ്ടത്ര പുരോഗമിക്കുന്നില്ല. 1988-ല്‍ നിലവില്‍ വന്ന വനനയത്തിന്റെ ഭാഗമായി അരങ്ങേറുന്ന ജനപങ്കാളിത്ത വനവത്കരണവും മലനിരകള്‍ക്ക് ഹരിതകാന്തി നല്‍കുന്നില്ല. ഭൂരിപക്ഷം ആദിവാസികള്‍ അംഗങ്ങളായിട്ടുള്ള വനസംരക്ഷണ സമിതിയില്‍ പലര്‍ക്കും അധ്വാനിച്ച തുകയ്ക്ക് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വടക്കേ വയനാട്ടില്‍ നിലവിലുള്ള 17 വനസംരക്ഷണസമിതികള്‍ മുഖേന 2004-05 വര്‍ഷത്തില്‍ 540 ഹെക്ടര്‍ സ്ഥലത്ത് വനം വികസിപ്പിച്ചു എന്നാണ് കണക്ക്. ചൂരല്‍, ഔഷധമരങ്ങള്‍ തുടങ്ങിയവയാണ് ഈ സ്ഥലത്ത് വെച്ചുപിടിപ്പിച്ചത്. എന്നാല്‍ വന്‍തുക ചെലവാക്കി നടത്തിയ ഈ വനവത്കരണം പാഴ്‌വേലയായി. തൈകളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ തന്നെ നശിച്ചുപോവുകയായിരുന്നു.

വടക്കെ വയനാട്ടില്‍ മാത്രം 750ഹെക്ടര്‍ സ്ഥലം വനവത്കരിക്കാന്‍ പത്താം പഞ്ചവത്സര പദ്ധതിയില്‍ 246.61ലക്ഷം രൂപയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്ന ഈ പദ്ധതിയില്‍ ആറ് രീതിയിലുള്ള വനവത്കരണമാണ് നിര്‍ദേശിച്ചത്. സ്വാഭാവിക വനം വളര്‍ത്തല്‍, കൃത്രിമ വനവത്കരണം, മുളങ്കാടുകള്‍, ചൂരല്‍, ഔഷധവൃക്ഷം വെച്ചുപിടിപ്പിക്കല്‍, തടിയേതര വൃക്ഷത്തൈകള്‍ നടല്‍ എന്നിവയാണവ.

മംഗലശ്ശേരിമലയില്‍ 35 ഹെക്ടറും പെരിഞ്ചേരിമലയില്‍ 45 ഹെക്ടറും വനവ്യാപ്തി ഉണ്ടാക്കിയതായി വനംവകുപ്പ് അവകാശപ്പെടുന്നു. മുന്‍പത്തേക്കാളും തരിശ്ശായിനില്‍ക്കുന്ന മലനിരകളാണ് ഇവിടെ ഇന്ന് കാണാനുള്ളത്. മാനന്തവാടി, പേരിയ, ബേഗൂര്‍ റെയിഞ്ചുകളില്‍ മാത്രമായി വനവത്കരണത്തിന് അനുവദിച്ചത് 91,03.387 രൂപയാണ്. വനസംരക്ഷണ പദ്ധതികള്‍ക്കായി 41,40,618 രൂപ വീതിച്ചു നല്‍കി. ഈ പണം എങ്ങനെ ചെലവാക്കി എന്നതിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല.

വന,വന്യജീവി സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം വന്നെത്തുന്നത്. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് ആസൂത്രിത പദ്ധതികളാണ് ഇതിന് ആവശ്യം. യൂക്കാലിപ്റ്റസ്, തേക്ക് തുടങ്ങിയവയുടെ വ്യാപനം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത്. കാടിനെ കൂടുതല്‍ വരണ്ടതാക്കുന്ന തേക്കിന്‍കാടുകള്‍ കാട്ടുതീയെ ക്ഷണിച്ചുവരുത്തുന്നു.

കാട്ടരുവികള്‍ വേനല്‍ തുടങ്ങുന്നതോടെ കണ്ണടയ്ക്കുന്നതിനാല്‍ വയനാട്ടിലെ തോടുകളും പുഴകളും മെലിഞ്ഞുണങ്ങുന്നു. നാടൊട്ടുക്കും വരള്‍ച്ച പ്രതിവര്‍ഷം വ്യാപിക്കുമ്പോള്‍ കൃഷിയിടങ്ങളും മരുപ്പറമ്പായി മാറുന്നതാണ് കാഴ്ച. സ്വാഭാവിക വനത്തിന്റെ സംരക്ഷണവും വ്യാപനവുമാണ് ഇതിനുള്ള പരിഹാരം.
02 Feb 2012 mathrubhumi Wayandu News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക