.

.

Wednesday, February 22, 2012

ചതുപ്പുകള്‍ തേടി കാട്ടുപോത്തുകള്‍

സുല്‍ത്താന്‍ബത്തേരി: കനത്ത വേനലില്‍ കാട്ടുതീ പടരാന്‍ തുടങ്ങിയതോടെ ചതുപ്പുകള്‍ തേടി കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തുന്നു. വേനല്‍ച്ചൂട് താങ്ങാന്‍ കഴിയാത്ത വന്യജീവികളില്‍ പ്രധാനപ്പെട്ട ഒരിനമാണ് കാട്ടുപോത്ത്. വേനല്‍ക്കാലത്ത് തീറ്റയും വെള്ളവും കിട്ടാതെ കാട്ടുപോത്തുകള്‍ ചാവുന്നത് പതിവാണ്.

പ്രായമായ കാട്ടുപോത്തുകളെയാണ് ചൂട് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞദിവസം ഏകദേശം 40 വയസ്സ് പ്രായംവരുന്ന കാട്ടുപോത്തിനെ കുറിച്ച്യാട് റെയ്ഞ്ചിലെ കട്ടയാട്ട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

വനത്തിലെ നീരൊഴുക്ക് വറ്റുന്നതോടെയാണ് ചതുപ്പുകള്‍ തേടി കൂട്ടത്തോടെയും ഒറ്റയായും കാട്ടുപോത്തുകള്‍ സഞ്ചരിക്കുക. വനമേഖലയോടു ചേര്‍ന്ന കൃഷിയിടമായിരിക്കും ഇവയുടെ പ്രധാന താവളം. വനത്തിലെ അവശേഷിക്കുന്ന ചതുപ്പുകളിലും കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തും. മുമ്പെങ്ങുമില്ലാത്തവിധം ഇവയുടെ എണ്ണം പെരുകുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന മുതുമലയില്‍ നിന്നും ബന്ദിപ്പൂരില്‍ നിന്നും കൂട്ടത്തോടെയാണ് കാട്ടുപോത്തുകള്‍ വയനാടന്‍ വന്യജീവി സങ്കേതത്തിലെത്തുന്നത്.

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വന്യജിവി സങ്കേതങ്ങളില്‍ ചതുപ്പുകള്‍ വളരെ
കുറവാണ്. അതുകൊണ്ടുതന്നെ വെള്ളം വളരെവേഗത്തില്‍ വറ്റും.

വയനാട് വന്യജീവി സങ്കേതത്തിലേക്ക് കാട്ടുപോത്തുകള്‍ ധാരാളമായി വരാന്‍ കാരണം ഇതാണ്. എന്നാല്‍ ഇത്തവണ മുളംകാടുകള്‍ കൂട്ടത്തോടെ ഉണങ്ങിയത് വയനാടന്‍ കാടുകളില്‍ വേനല്‍ രൂക്ഷമാകാന്‍ കാരണമാകും. മുളങ്കാടുകളിലെ തണല്‍ കാട്ടുപോത്തുകള്‍ക്കും ഏറെ അനുഗ്രഹമായിരുന്നു. വനത്തിലെ തണല്‍ നഷ്ടമാകുന്നതോടെയാണ് വന്യജീവികള്‍ കാടിന് പുറത്തേക്ക് വരിക.
കുടിവെള്ളം തേടി ദിവസങ്ങളോളം അലഞ്ഞ കാട്ടുപോത്തിനെയാണ് കട്ടയാട്ട് കൃഷിയിടത്തോടുചേര്‍ന്ന് ചത്തനിലയില്‍ കണ്ടത്. കാട്ടുപോത്തുകളുടെ തീറ്റയും വെള്ളവും തേടിയുള്ള വരവ് വേട്ടസംഘം സജീവമാകാന്‍ കാരണമാകും.
22 Feb 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക