.

.

Sunday, February 19, 2012

മണ്ണാത്തിക്കിളിയുടെ ദുരിതം പക്ഷിപ്രേമികള്‍ക്ക് നൊമ്പരമായി

ചാവക്കാട്‌: ചാവക്കാട്‌ കടപ്പുറത്ത്‌ പ്ലാസ്റ്റിക്‌ നൂല്‍ കെട്ടിയ കെണിയുടെ കമ്പ് കാലില്‍ മുറുകി ദുരിതമനുഭവിക്കുന്ന മണ്ണാത്തിക്കിളി പക്ഷിപ്രേമികള്‍ക്ക്‌ നൊമ്പരമാകുന്നു. ദ്വാരക ബീച്ച് മുതല്‍ പുത്തന്‍കടപ്പുറം വരെയുള്ള ബീച്ചില്‍ ഒറ്റക്കാലില്‍ കുത്തിനടന്നും, ചിറകിട്ടടിച്ച് ഓടിനടക്കുന്ന മണ്ണാത്തിക്കിളിക്ക് ചികിത്സനല്‍കാന്‍ പക്ഷിനിരീക്ഷകര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും പക്ഷിയെ ഉപദ്രവിച്ചുവെന്ന ആരോപണം ഭയപ്പെടുകയാണ് അവര്‍. ദിവസങ്ങളായി കിളി കടപ്പുറത്ത്‌ തന്നെ കാണപ്പെടുന്നുണ്ട്. ആരെങ്കിലും അടുത്തേക്ക് ചെന്നാല്‍ പ്രത്യേക ശബ്ദമുണ്ടാക്കി ഓടിയകലും. പക്ഷികളെ പിടിക്കാന്‍ മരവടിക്കഷണങ്ങളില്‍ പ്ലാസ്റ്റിക്‌നൂല്‍ ചുറ്റിയുണ്ടാക്കുന്ന പ്രത്യേകതരം കെണിയിലാണ് മണ്ണാത്തിക്കിളിയുടെ കാല്‍ പെട്ടുപോയിരിക്കുന്നത്. പ്ലാസ്റ്റിക്‌നൂലും കമ്പും പക്ഷിയുടെ കാലില്‍ ഇറുകിപ്പിടിച്ചിരിക്കുകയാണ്. കിളിയെ പിടികൂടി പ്ലാസ്റ്റിക്‌ നൂല്‍ മുറിച്ചു കളഞ്ഞാല്‍ മരക്കമ്പ് വേര്‍പെട്ട് പോകും. പ്രശസ്ഥ പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് പക്ഷിയുടെ ചിത്രം തന്‍റെ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയത്‌. പക്ഷിയുടെ കാലില്‍ കമ്പ് തറച്ചുകയറിയതാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. കമ്പ് തറച്ചതായിരുന്നുവെങ്കില്‍ പക്ഷി കാല്‍ കുടയുമ്പോള്‍ തെറിച്ചു പോകുമായിരുന്നു വെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സീസണായാല്‍ ചൈനയില്‍നിന്നാണ് മണ്ണാത്തിക്കിളികള്‍ കേരളകടല്‍തീരത്ത് എത്തുന്നത്. പ്രജനന കാലമായാല്‍ തിരികെ പറന്നുപോകും. കാലില്‍ കെണികുടുങ്ങി നടക്കുന്ന മണ്ണാത്തിക്കിളി ഒറ്റപ്പെട്ട നിലയിലാണ്. കൂടെയുള്ള കിളികളെല്ലാം പറന്നുപോയി. കമ്പും നൂലും വിട്ടുപോയാലെ മണ്ണാത്തിക്കിളി സ്വതന്ത്രയാകൂ. സെപ്തംബര്‍ മാസത്തിലാണ് കിളികള്‍ ചൈനയില്‍നിന്നും കേരളത്തിലെത്തുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തിരിച്ചുപോകും. ഈ സമയത്ത്‌ മണ്ണാത്തിക്കിളിക്ക് തിരിച്ചുപോകാനായില്ലെങ്കില്‍ കാലാവസ്ഥ അതിജീവിക്കാനാവാതെ ചത്ത്‌പോകാനും സാധ്യതയുണ്ട്. പക്ഷിയെ വളവെച്ച് പിടിച്ച് കാലില്‍ ചികിത്സ നടത്താനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് പി പി ശ്രീനിവാസന്‍ പറഞ്ഞു. ചാവക്കാട്‌ കടപ്പുറത്ത്‌ എത്തുന്ന അത്യപൂര്‍വ്വ ദേശാടന പക്ഷികളുടെ അപൂര്‍വ്വങ്ങളായ ഫോട്ടോ ശേഖരം പി പി ശ്രീനിവാസന് സ്വന്തമായുണ്ട്. ഒഴിവുസമയങ്ങളില്‍ മുഴുവന്‍ പക്ഷിനിരീക്ഷണത്തിനായി ചിലവഴിക്കുകയാണ് ദേവസ്വം ജീവനക്കാരനായ ശ്രീനിവാസന്‍.
Chavakkad Online News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക