.

.

Wednesday, February 1, 2012

മരത്തിന് മരുന്നെത്തി

തൃശ്ശൂര്‍: ദേഹം മുഴുവന്‍ പടര്‍ന്നുകയറി ചോരയൂറ്റിക്കുടിക്കുന്ന ഇത്തിക്കണ്ണികളാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ പ്രധാന ശാപം. വേരുകള്‍ തിന്നുതീര്‍ക്കുന്ന ഉറുമ്പിന്‍ പറ്റങ്ങളും. ഇതിനെല്ലാം മറുമരുന്നുമായി കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ ശ്രീമൂലസ്ഥാനത്തെത്തി. ആലിന് അവര്‍ മരുന്നുകുറിച്ച് സുഖചികിത്സ നേര്‍ന്നു.

ക്ഷീണിച്ച മരത്തിന് ആദ്യം കുടിവെള്ളം നല്‍കുകയാണ് കാര്‍ഷിക സര്‍വകലാശാലയില്‍നിന്നെത്തിയ പ്രൊഫ.എ.എം രഞ്ജിത്ത്, ഫാം ഓഫീസറായ സി.ആര്‍. രേഖ എന്നിവര്‍ ചെയ്തത്. പ്രത്യേകം പൈപ്പിട്ട് അതിന്റെ ചുറ്റും വെള്ളം നിറച്ചു. പിന്നെ ഇവര്‍ കൊണ്ടുവന്ന വിദഗ്ദ്ധ തൊഴിലാളി ആലിന്റെ ഒരോ ചില്ലയിലൂം കയറി ഇത്തിക്കണ്ണിയായി പടര്‍ന്നവ അരിഞ്ഞു മാറ്റിത്തുടങ്ങി. വളരെ അദ്ധ്വാനമുള്ള പണിയാണ് ഇത്. വളരെ നീളമുള്ള ചില്ലയിലും മറ്റും വലിഞ്ഞുകയറി എല്ലാം നീക്കിയെടുക്കണം. ഉറുമ്പിന്റെ ശല്യത്തിനും വേരുകള്‍ക്ക് ബലം കിട്ടാനുമെല്ലാം മരുന്നും കുറിച്ചുനല്‍കി.

വടക്കുന്നാഥക്ഷേത്രമൈതാനിയില്‍ നടക്കുന്ന ഗീതാ തത്ത്വസമീക്ഷാ സത്രത്തിനിടെ സ്വാമി ഭൂമാനന്ദതീര്‍ത്ഥയാണ് ആലിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അവസാനമായി അധികൃതരുടെ ശ്രദ്ധക്ഷണിച്ചത്. പ്രഭാഷണത്തിനിടെ ആലിന് വിശ്വാസപ്രകാരം കല്‍പ്പിച്ചുനല്‍കിയ പ്രത്യേക സ്ഥാനവും മറ്റും അദ്ദേഹം വിശദീകരിച്ചു. ഇവിടെയുള്ള ആല്‍മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം നക്ഷത്രമരങ്ങള്‍ എല്ലാം നട്ടുവളര്‍ത്തുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ആലിന്റെ അസുഖം മാറ്റാന്‍ ദേവസ്വം അധികൃതര്‍ മുമ്പുതന്നെ ശ്രമം തുടങ്ങിയിരുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കാര്‍ഷിക സര്‍വകലാശാലയെ വളരെ മുമ്പുതന്നെ ഈ ആവശ്യത്തിനായി സമീപിച്ചു. മരത്തില്‍ പടര്‍ന്നുകയറിയ ഇത്തിക്കണ്ണികള്‍ അരിഞ്ഞുവീഴ്ത്താന്‍ വിദഗ്ദ്ധ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ വൈകിയെന്നാണ് വിശദീകരണം. ശ്രീമൂലസ്ഥാനത്തെ ആലിന് മുകളില്‍ വൈദ്യുതി ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. മരത്തില്‍ ആണിയടിച്ചുകയറ്റിയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഇത് മാറ്റാന്‍ ആവശ്യപ്പെടുമെന്നും കാര്‍ഷിക സര്‍വകലാശാലാ പ്രതിനിധികള്‍ അറിയിച്ചു.
01 Feb 2012 mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക