.

.

Friday, February 24, 2012

കാട് അന്യമായെങ്കിലും നാട്ടില്‍ ഇവന് പരമസുഖം

ഫറോക്ക് ചുങ്കത്തെ മത്സ്യമാര്‍ക്കറ്റിലെ വില്പനക്കാര്‍ക്കും കടക്കാര്‍ക്കും പ്രിയങ്കരനായി മാറുകയാണ് ഈ കാട്ടുപൂച്ച. മൂന്ന് മാസം മുമ്പ് വഴിതെറ്റിയെത്തിയ വനവാസിയാണ് നാട്ടിലെ കച്ചവടക്കാരുമായി സൗഹൃദം സ്ഥാപിച്ചിരിക്കുന്നത്. ഭക്ഷണവും സുരക്ഷിതത്വവും ലഭിക്കുന്നതിനാല്‍ കാട്ടിലെന്നപോലെയാണ് ഇവന്‍ ചുങ്കം അങ്ങാടിയില്‍ വിലസുന്നത്.

ഏതോ വീട്ടുകാര്‍ വളര്‍ത്തി ഉപേക്ഷിച്ച പൂച്ചയാണെന്ന ധാരണയിലാണ് ഈ മാര്‍ജാരന് കച്ചവടക്കാരുടെ അനുകമ്പ ലഭിക്കുന്നത്. മാര്‍ക്കറ്റിലെ മറ്റ് പൂച്ചകളെക്കാളെല്ലാം മാന്യനും സ്വഭാവശുദ്ധിയുള്ളവനുമാണ് ഇവനെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. മാര്‍ക്കറ്റില്‍ അലഞ്ഞ്തിരിയാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമായെങ്കിലും ഇതുവരെയും മത്സ്യം മോഷ്ടിക്കാനോ കടിപിടികൂടി ബഹളം കൂട്ടുകയോ ചെയ്യാത്തതാണ് ഇവനെ കച്ചവടക്കാര്‍ക്കും പ്രിയങ്കരനാക്കുന്നത്. മാര്‍ക്കറ്റിലുള്ളവര്‍ക്കും ഇത് കാട്ടുപൂച്ചയാണെന്ന് അറിയില്ല. വിശന്നാല്‍ മത്സ്യവില്പന മേശയുടെ അടുക്കലെത്തി കാലില്‍ തോണ്ടുകയാണ് പതിവെന്ന് മത്സ്യവില്പനക്കാരായ ബഷീറും ബിച്ചുട്ടിയും പറഞ്ഞു. മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ നല്ല വലിപ്പമുണ്ടായിരുന്നു. ഇപ്പോള്‍ അല്പം ക്ഷീണിച്ചിട്ടുണ്ടെങ്കിലും ആള്‍ ഉഷാര്‍ തന്നെയാണ്. മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ നാച്വറല്‍ എജ്യുക്കേഷന്‍ ഓഫീസറും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലെ അസി. പ്രൊഫസറുമായ ഡോ.കെ.കിഷോര്‍കുമാറാണ് ഇത് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. ഉത്തര ആഫ്രിക്കന്‍ പ്രദേശങ്ങള്‍, ദക്ഷിണ-പശ്ചിമേഷ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം രാജ്യങ്ങളിലെ അര്‍ധ നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങള്‍, കുറ്റിക്കാടുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരാറ്. കേരളത്തില്‍ ചിലയിടങ്ങളില്‍ ഇവയെ പോങ്ങാന്‍പൂച്ച, കോങ്ങാന്‍ എന്നും വിളിക്കുന്നു. നാട്ടിലെ പൂച്ചകളേക്കാള്‍ വലുതായ ഇവയുടെ തലയും ഉടലും ചേര്‍ന്ന് 56-64 സെ.മീ. വരെ നീളമുണ്ടാകും. വാലിന് 20-30 സെ.മീ. നീളമാണ് സാധാരണ കണ്ടുവരാറ്. 30-35 സെ.മീ. ഉയരമുണ്ടാകുന്ന ഇവയ്ക്ക് അഞ്ച് മുതല്‍ ആറ് കിലോവരെ ഭാരവുമുണ്ടാകും. വിളര്‍ത്ത മഞ്ഞ നിറത്തിലുള്ള ശരീരം, നീണ്ട കാലുകള്‍, കൂര്‍ത്ത ശരീരം, കാല്‍മുട്ട്‌വരെ മാത്രം നീണ്ട വാല്‍, വാലിന്റെ അറ്റത്തെ കറുത്ത വളയങ്ങള്‍ എന്നിവ സവിശേഷതയാണ്. കാലുകളുടെ മുന്‍ഭാഗത്തും കുറുകെയും വരകളുണ്ട്. പകല്‍ സഞ്ചാരിയാണെങ്കിലും രാവിലെയും വൈകിട്ടുമാണ് ഇരതേടല്‍. എലികള്‍, ചെറു സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, തവളകള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. കോഴികളെ ആക്രമിക്കുന്ന സ്വഭാവവുമുണ്ട്.

നാട്ടിലെ കുറ്റിക്കാടുകളുള്ള പ്രദേശങ്ങളില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും ഇവ മനുഷ്യരുമായി ഇണങ്ങാറില്ല. പൊതുവെ ശൗര്യമുള്ളതാണ് സ്വഭാവം. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി വളരെ സൗഹൃദം നിറഞ്ഞതാണ് ചുങ്കം അങ്ങാടിയില്‍ വിലസുന്ന കാട്ടുപൂച്ചയുടെ സ്വഭാവം. ആവാസവ്യവസ്ഥയുടെ നാശവും തുകലിന് വേണ്ടിയുള്ള വേട്ടയാടലുംമൂലം ഇവയുടെ അംഗസംഖ്യ വര്‍ഷംതോറും കുറഞ്ഞുവരികയാണ്.
24 Feb 2012 Mathrubhumi Kozhikkod News പി.വി.സനില്‍കുമാര്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക