.

.

Tuesday, February 7, 2012

വരള്‍ച്ച; കാട്ടാനകള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക്

അതിര്‍ത്തി വനങ്ങള്‍ വരണ്ടുണങ്ങുമ്പോള്‍ നനവുള്ള ഇടം തേടി കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് എത്തുന്നു. ജല ലഭ്യതയ്ക്കായി വന്യജീവി സങ്കേതത്തിലങ്ങോളമിങ്ങോളം കുഴിച്ചിട്ട കുളങ്ങളാണ് കടുത്ത വേനലിലും വന്യമൃഗങ്ങളുടെ ദാഹമകറ്റുന്ന പ്രധാന ഘടകമായി തീരുന്നത്.

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക്, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതം, നാഗര്‍ഹൊളെ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം വരള്‍ച്ച രൂക്ഷമായതാണ് ദാഹജലം തേടിയുള്ള മൃഗങ്ങളുടെ പാലായനത്തിന് കാരണമാകുന്നത്. വേനലില്‍ ഇത്തവണ വന്യജീവി സങ്കേതത്തില്‍ നാല് മേഖലകളില്‍ കാട്ടുതീ ഉണ്ടായെങ്കിലും അത് വനമുണങ്ങി സ്വയം കത്തിയതാണെന്ന് വനം വകുപ്പ് കരുതുന്നില്ല. വനത്തില്‍ അതിക്രമിച്ചു കടന്ന് ചിലര്‍ തീയിട്ടതു തന്നെയാണെന്നാണ് നിഗമനം.

വനം വകുപ്പ് കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ന്നുപോന്ന പ്രവൃത്തികളുടെ ഫലമായി 150 തിലധികം കുളങ്ങള്‍ ഇന്ന് നാലു റേഞ്ചുകളിലുമായുണ്ട്. ഇപ്പോള്‍ എല്ലാ കുളങ്ങളിലും ആവശ്യത്തിന് വെള്ളമുണ്ടെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. കെ. സുനില്‍ കുമാര്‍ പറഞ്ഞു.

വരള്‍ച്ച ഈ നില തുടര്‍ന്നാല്‍ ഒരു മാസം കഴിയുന്നതോടെ 25 ശതമാനവും മാര്‍ച്ച് അവസാനത്തോടെ 50 ശതമാനവും കുളങ്ങള്‍ വറ്റാന്‍ സാധ്യതയുണ്ടെന്നും കാട്ടു തീ നേരിടാന്‍ വാച്ചര്‍മാരെ മുഴുവന്‍ സ്ഥലങ്ങളിലും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത ഫയര്‍ലൈനുകള്‍ തീര്‍ക്കുന്നതിലും വഴിയോരക്കാടുകള്‍ വെട്ടുന്നതിലും തടസ്സമായിട്ടുണ്ടെങ്കിലും മുടങ്ങിക്കിടന്ന വാച്ചര്‍മാരുടെ വേതനം മുഴുവനായി കൊടുത്തു തീര്‍ക്കാനായെന്നാണ് അറിയുന്നത്.

കൂടാതെ സങ്കേതത്തിന്റെ അതിര്‍ത്തികളില്‍ മുഴുവന്‍ ഫയര്‍ലൈനുകള്‍ എടുത്തു തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടു തീയുടെ ചൂടിലും വനത്തിലെ കൃത്രിമ ജലസ്രോതസുകള്‍ വന്യമൃഗങ്ങള്‍ക്ക് തുണയാവുന്നുണ്ട്. കാട്ടാനകളുടെ കൂട്ടത്തോടെയുള്ള വരവ് സഞ്ചാരികള്‍ക്കും കണ്‍നിറയെ കാഴ്ചയാവുന്നുണ്ട്.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക