.

.

Saturday, February 4, 2012

മത്സ്യരോഗം പഴങ്കഥ അപ്പര്‍ കുട്ടനാട്ടില്‍ നീറ്റുമീന്‍ ചാകര

ഹരിപ്പാട്: മത്സ്യരോഗം പഴങ്കഥയായതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കൊയ്ത്ത്. ഒരുകിലോഗ്രാമിനോടടുത്ത് തൂക്കമുള്ള വരാലും മുശിയും കല്ലേമുട്ടിയുമൊക്കെയാണ് അപ്പര്‍കുട്ടനാട്ടിലെ തോടുകളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ പിടിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പുവരെ മത്സ്യരോഗം നിമിത്തം വരാലും മുശിയുമൊക്കെ ഇവിടെ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ഏറെ ബുദ്ധിമുട്ടി മത്സ്യം പിടിച്ചാലും ആവശ്യക്കാരില്ലാത്ത സ്ഥിതിയുമുണ്ടായി. നീറ്റുമീന്‍ എന്നറിയപ്പെടുന്ന ഉള്‍നാടന്‍ മത്സ്യങ്ങള്‍ രോഗംമൂലം വംശനാശഭീഷണിയിലാണെന്ന ആശങ്കയും ഉയര്‍ന്നു. എന്നാലിതിനൊന്നും അടിസ്ഥാനമില്ലെന്നാണ് അപ്പര്‍കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളിലെ ഇപ്പോഴത്തെ ചാകരക്കൊയ്ത്ത് തെളിയിക്കുന്നത്.

പരമ്പരാഗത വീശുവല ഉപയോഗിച്ചാണ് ഇപ്പോള്‍ വ്യാപകമായി മത്സ്യം പിടിക്കുന്നത്. ഇതിനൊപ്പം കടലിലെ മിനി ട്രോളിങ്ങിനെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കാടുവലയും ബംഗാളികള്‍ ഉപയോഗിക്കുന്ന ഉടക്കുവലയുമുണ്ട്. കരയില്‍നിന്ന് മത്സ്യലഭ്യത നോക്കിക്കണ്ടശേഷം വെള്ളത്തിലേക്ക് വീശിയെറിയുന്നതാണ് വീശുവല.

ഒന്‍പതുപേര്‍ കയറുന്ന വള്ളം ആറുകളില്‍ കുറുകെയിട്ടശേഷം നീളമുള്ള വല വലിച്ചുനീട്ടുന്നതും തുടര്‍ന്ന് തീരത്തോടുചേര്‍ത്ത് വലിച്ചുകയറ്റുന്നതുമാണ് കാടുവലപ്രയോഗം. ചെറുതും വലുതുമായ മത്സ്യങ്ങളെല്ലാം ഈ വലയില്‍ കുടുങ്ങും.

ബംഗാള്‍ മത്സ്യത്തൊഴിലാളികള്‍ വിജയകരമായി നടത്തുന്നതാണ് ഉടക്കുവലയിടീല്‍. കുട്ടകൊണ്ടുള്ള വള്ളത്തില്‍ കയറി ആഴമുള്ള ഭാഗങ്ങളില്‍ വലവിരിക്കുന്ന ഇവര്‍ വാള ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടും. രാവിലെ ആറുമണിയോടെ വെള്ളത്തില്‍ ഇറങ്ങുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വൈകുന്നേരത്തോടെ ജോലി അവസാനിപ്പിക്കുമ്പോള്‍ ആളൊന്നിന് 1000 രൂപയുടെയെങ്കിലും വരുമാനം ഉറപ്പാണ്.

കുളങ്ങളുംമറ്റും വറ്റിച്ച് മീന്‍ പിടിക്കുന്നതും വ്യാപകമായിട്ടുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് കുളം വറ്റിച്ചശേഷം നാട്ടുകാര്‍ ചേര്‍ന്ന് മീന്‍ പിടിക്കുകയാണ് പതിവ്.

പിലാപ്പുഴഭാഗത്ത് കഴിഞ്ഞദിവസം കുളം വറ്റിച്ചപ്പോള്‍ വന്‍തോതില്‍ കാരിമത്സ്യം കിട്ടിയിരുന്നു. മത്സ്യങ്ങള്‍ രോഗം ബാധിച്ച് ചത്തൊടുങ്ങിയതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷവും താറാവുവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മറ്റു ജോലികളിലേക്ക് തിരിഞ്ഞു. നാമമാത്രമായി കിട്ടിയിരുന്ന മത്സ്യം പിടിച്ച് ജിവിച്ചിരുന്നവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇപ്പോഴത്തെ മത്സ്യച്ചാകരയുടെ ഗുണഭോക്താക്കള്‍.
04 Feb 2012 Mathrubhumi Alappuzha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക