.

.

Tuesday, February 21, 2012

അപൂര്‍വം: സുന്ദരം

ഇന്ത്യയില്‍ അത്യപൂര്‍വമായി കാണുന്നതും ഏഷ്യന്‍ വാട്ടര്‍ ഫാള്‍ സെന്‍സസില്‍ വംശനാശ ഭീഷണി നേരിടുന്നതുമായി രേഖപ്പെടുത്തിയ ദേശാടനക്കിളികളെ മാവൂരില്‍ കണ്ടെത്തി. മാവൂരിലെ തെങ്ങിലക്കടവിനും കല്‍പ്പള്ളിക്കും പള്ളിയോളിനും ഇടയ്ക്കുള്ള ഹെക്ടര്‍ കണക്കിനു നീര്‍ത്തടങ്ങളിലെത്തുന്ന ദേശാടനക്കിളികളെക്കുറിച്ച് മലബാര്‍ നാച്ചുറല്‍ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. വംശനാഷ ഭീഷണിയുള്ള ഡാര്‍ട്ടര്‍ പക്ഷികള്‍ 38 എണ്ണം മാവൂരിലെ നീര്‍ത്തടങ്ങളിലുണ്ട്.

രണ്ടായിരത്തോളം കോട്ടണ്‍ ടീല്‍, (പച്ച എരണ്ട) സൈബീരിയയില്‍ നിന്നെത്തുന്ന ഗാര്‍ഗിനികളും വിസിലിങ് ഡക്ക്(ചൂളന്‍ എരണ്ട) കളും മാവൂരില്‍ എത്തിയതായും കണ്ടെത്തി. ഇവയെ കൂടാതെ കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന പക്ഷിക്കൂട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിരുന്നെത്തുന്നതും ഇവിടെയാണ്.

നീലക്കോഴി, താമരക്കോഴി, മഞ്ഞക്കണ്ണി തിത്തിരി, പട്ടവാലന്‍ ഗോഡ്വിറ്റ്, വിസ്ക്കേഡ് ടേണ്‍, പാതിരാകൊക്ക്, പര്‍പ്പിള്‍ ഹെറോണ്‍, ഓപ്പണ്‍ ബില്‍ഡ് സ്ട്രോക്ക്, വാലന്‍ താമരക്കോഴി, തുടങ്ങി അന്‍പത് ഇനങ്ങളില്‍ പെട്ട പതിനായിരത്തിലേറെ ദേശാടക്കിളികളെയും പ്രാപിടിയന്‍ പക്ഷികളേയും മൈനകളേയും പഠന -സര്‍വേ സംഘം മാവൂരില്‍ കണ്ടെത്തി. പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ജാഫര്‍ പാലോട്, പി. എസ്. വിജയന്‍, ഹമീദലി വാഴക്കാട്, കെ. ശ്യാം, ജയപ്രകാശ് നിലമ്പൂര്‍, സന്തോഷ് മണാശ്ശേരി, റഫീഖ് ബാബു കൊണ്ടോട്ടി തുടങ്ങിയവരുടെ സംഘങ്ങളാണ് കഴിഞ്ഞ ദിവസം മാവൂരില്‍ സര്‍വേക്കും പഠനത്തിനും നേതൃത്വം നല്‍കിയത്.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് മാവൂരിലെത്തുന്ന പക്ഷികളെക്കുറിച്ച് പഠന സര്‍വേ നടത്തുന്നത്. നീര്‍ത്തട പ്രദേശങ്ങളെ സംരക്ഷിക്കുകയും മണ്ണിട്ട് നികത്തുന്നത് തടയാന്‍ ഗ്രാമപഞ്ചായത്തും സര്‍ക്കാരും തയ്യാറാവണമെന്നും സംഘം ആവശ്യപ്പെട്ടു. ഹിമാലയന്‍ താഴ്വര, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷികളെയും കണ്ടെത്തി.
Manoramaonline >> Environment >> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക