.

.

Sunday, February 19, 2012

നാടന്‍ നെല്‍വിത്തുകള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് ദെബല്‍ദേബ്‌

തൃശ്ശൂര്‍: വെള്ളത്തില്‍ പതിനെട്ട് അടിയോളം ഉയരത്തില്‍ വളരുന്ന ലക്ഷ്മി, ഒറ്റ നന മാത്രം വേണ്ട മറ്റൊരിനം, ഒരു നെല്‍മണിക്കുള്ളില്‍തന്നെ രണ്ടും മൂന്നും അരി വിളയുന്ന സതി ഇങ്ങനെ ഒട്ടേറെ തനത് നെല്‍വിത്തുകളുടെ അത്ഭുതങ്ങള്‍ക്കിടയിലൂടെയാണ് ദെബല്‍ദേബിന്റെ യാത്ര. മാത്തമറ്റിക്കല്‍ ഇക്കോളജിയില്‍ പി.എച്ച്.ഡി., വിവിധ യൂണിവേഴ്‌സിറ്റികളില്‍ അദ്ധ്യാപനം, വന്യജീവികളെ സംബന്ധിച്ച ആഗോള സംഘടനയുടെ ഉത്തരേന്ത്യന്‍ ഉത്തരവാദിത്വം... ഇതെല്ലാം വേണ്ടെന്നുവെച്ചാണ് ദെബല്‍ വിത്തുകളുടെ ലോകത്തെത്തിയത്. ഇവയുടെ പ്രചാരണത്തിനായുള്ള യാത്രയുടെ ഭാഗമയി ഇദ്ദേഹം തൃശ്ശൂരിലും എത്തി.

ഒഡീഷയിലെ രണ്ടേക്കര്‍ പാടത്ത് 720 തനത് നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും കര്‍ഷകര്‍ക്ക് നല്‍കുകയുമാണ് ഇദ്ദേഹം. കര്‍ഷകര്‍ ഇതിന് വില നല്‍കേണ്ട. പകരം വരും വര്‍ഷം അത്രയും വിത്ത് നല്‍കിയാല്‍ മതി; അടുത്ത കര്‍ഷകര്‍ക്ക് നല്‍കാന്‍.

കൊട്ടിഘോഷിക്കപ്പെട്ട ഹരിതവിപ്ലവമാണ് തനത് വിത്തുകളുടെ അന്തകനായത് എന്നാണ് ദെബലിന്റെ അഭിപ്രായം. ഇതുമൂലം പല പ്രദേശങ്ങളിലെയും കൃഷിതന്നെ നശിച്ചു. വരള്‍ച്ചയെയോ വെള്ളപ്പൊക്കത്തെയോ തീരദേശത്തെ മണ്ണിലെ അമ്ലതയെയോ വെല്ലാവുന്ന വിത്തുകള്‍ പുത്തന്‍ രീതിയില്‍ വികസിക്കപ്പെട്ടിട്ടില്ല. ഇതിനെയെല്ലാം നേരിടാന്‍ശേഷിയുള്ള നാടന്‍ വിത്തുകള്‍ ഓരോ ഭാഗത്തും ധാരാളമുണ്ടെന്ന് ദെബലിന്റെ അനുഭവസാക്ഷ്യം.

ജനിതകവിത്തുകളുടെ ശുദ്ധിക്ക് വലിയ ശ്രദ്ധയാണ് ഇവര്‍ നല്‍കുന്നത്. കൂടിക്കലരാതിരിക്കാന്‍ നടീലും വിളവെടുപ്പുമെല്ലാം ക്രമീകരിക്കുന്നു. 1977 ലാണ് വൃഹി എന്ന പേരില്‍ കൂട്ടായ്മയ്ക്ക് ദെബല്‍ തുടക്കമിടുന്നത്. ആദ്യം പശ്ചിമ ബംഗാളിലായിരുന്നു കേന്ദ്രം. പിന്നെ ഒഡീഷയിലേക്കുമാറ്റി.

ഹരിതവിപ്ലവവും ശാസ്ത്രജ്ഞരുടെ ഇടപെടലുകളും കര്‍ഷകരുടെ മനോഭാവത്തില്‍ ആശാസ്യമല്ലാത്ത മാറ്റം വരുത്തിയതായി ദെബല്‍ പറയുന്നു. അമിത ലാഭത്തിനായുള്ള ആഗ്രഹവും കിട്ടുന്ന പണംകൊണ്ട് ഉപഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനുള്ള വ്യഗ്രതയുമാണ് അവര്‍ക്കിപ്പോള്‍. പുത്തന്‍ വിത്തുകള്‍ക്ക് ഉത്പാദനക്ഷമത ഏറെയാണ് എന്ന പ്രചാരണം ശരിയല്ല. വിത്തുകളുടെ വൈവിധ്യം ഇല്ലാതാകുന്നത് മറ്റു പലതിനെയും ബാധിക്കുന്നു. ഉത്സവങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണം, വിനോദം തുടങ്ങിയവയെയെല്ലാം ഇത് ബാധിക്കുന്നു.

ഇഡ്ഡലി നിര്‍മാണത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന ഒരിനം അരി ഉണ്ടായിരുന്നു തമിഴ്‌നാട്ടില്‍. അത് ഇപ്പോള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്നു. ഉത്സവച്ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്ന പല ഇനങ്ങളും കിട്ടാതായിരിക്കുന്നു. പലതരം കളികളും പാട്ടുകളും എല്ലാം ഇത്തരത്തില്‍ അപ്രത്യക്ഷമാകുന്നുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മാവിന്റെ വില ചോദിച്ചാല്‍ തടിയുടെയും അതില്‍ അപ്പോഴുള്ള മാങ്ങകളുടെയും വിലമാത്രം കാണുന്നരീതിയാണ് ഇപ്പോഴുള്ളത്. അതിന്റെ നിലനില്‍പ്പിന് തന്നെ ഒരു വിലയുള്ളതായി മറന്നുപോകുന്നു.

ഒരു സംഘടനയില്‍നിന്നും ധനസഹായം വാങ്ങാതെയാണ് ദെബലിന്റെ പ്രവര്‍ത്തനം. വിദേശത്തും മറ്റും അദ്ധ്യാപകനായി പോയപ്പോള്‍ കിട്ടിയ വരുമാനമാണ് ഇതിന്റെ എല്ലാം മുതല്‍ മുടക്ക്. തനത് വിത്തുകളുടെ പ്രചാരണത്തിനായി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അവയുടെ പകര്‍പ്പവകാശം കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിട്ടുകൊടുത്തിരിക്കുകയാണ്. വിവിധ സംഘടനകള്‍ നടത്തുന്ന നാടന്‍ വിത്ത് സംരക്ഷണസന്ദേശയാത്രയ്ക്കായിട്ടാണ് ഇദ്ദേഹം കേരളത്തില്‍ എത്തിയത്.

കാസര്‍കോട്ടുനിന്ന് തുടങ്ങിയ യാത്ര ഞായറാഴ്ച തൃശ്ശൂരില്‍ സമാപിക്കും. കേരള വര്‍മ കോളേജില്‍ നടക്കുന്ന സമാപന സമ്മേളനത്തിലും ദെബല്‍ ദേബ് പങ്കെടുക്കും.
19 Feb 2012 Mathrubhumi (കെ.കെ.ശ്രീരാജ്‌)

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക