.

.

Thursday, February 16, 2012

വയനാടന്‍ കാഴ്ചകള്‍ തേടി സഞ്ചാരിപ്രവാഹം

കല്പറ്റ: വയനാടിന്റെ ഹരിത സമതലം തേടി സഞ്ചാരികളുടെ വരവ് കുതിച്ചുയരുന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ പതിനെട്ടു ശതമാനം വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 9987 വിദേശ സഞ്ചാരികളാണ് 2011 ല്‍ വയനാട് കണ്ടുമടങ്ങിയത്. 8450 പേരായിരുന്നു 2010ല്‍ വയനാട്ടിലെത്തിയ വിദേശികള്‍. 2006- ലേതിനേക്കാള്‍ 10.77 ശതമാനം വളര്‍ച്ചയാണ് അന്തര്‍ദേശീയ ടൂറിസ്റ്റുകളുടെ വരവില്‍ ഉണ്ടായത്. 2012 ലെ ജനവരിയില്‍ മാത്രം 1820 വിദേശ വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്ക് വിരുന്നെത്തി. ദിവസേന 90 വിദേശികള്‍ ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ എത്തുന്ന തരത്തിലേക്കാണ് വയനാട് വളര്‍ന്നിരിക്കുന്നത്.

വയനാടിന്റെ കളിപ്പൊയ്കയായ പൂക്കോട് തടാകം കാണാനാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഡി.ടി.പി.സി.യുടെ കണക്ക് പ്രകാരം 5,03,949 സഞ്ചാരികള്‍ 2011 ല്‍ ഇവിടം സന്ദര്‍ശിച്ചു. മൂന്ന് കുന്നുകള്‍ക്കിടയില്‍ കണ്ണാടിപോലെ തിളങ്ങുന്ന ജലാശയത്തില്‍ ബോട്ടുയാത്ര ചെയ്യാനാണ് സഞ്ചാരികള്‍ക്ക് ഏറെ താത്പര്യം. വയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറ്റവും ആദ്യം ഇടം തേടിയ പൂക്കോടിന് സമാനതകളില്ലാത്ത സവിശേഷതയാണുള്ളത്.

എടയ്ക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങള്‍ കാണാന്‍ 4,64,366 സഞ്ചാരികളാണ് മലകയറി വന്നത്. അറ്റകുറ്റപ്പണികള്‍ക്കായി സന്ദര്‍ശകരെ നിയന്ത്രിച്ചിട്ടും ഇടവേളകളില്‍ വന്നു മടങ്ങിയത് ഇത്രയധികം വിനോദ സഞ്ചാരികള്‍. 2010 ല്‍ 2,29,564 പേരാണ് ഇവിടെ എത്തിയത്. ശിലായുഗകാലത്തെ കൊത്തു ലിഖിതങ്ങള്‍ ചരിത്രകാരന്മാര്‍ക്ക് പുറമെ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെയും പ്രിയ വിനോദ കേന്ദ്രമാണ്.

ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ കുറവയില്‍ പ്രതിദിനം 4500 സഞ്ചാരികള്‍ വരെ വന്നു മടങ്ങി. കൃത്രിമങ്ങളുടെ കലര്‍പ്പില്ലാത്ത ഹരിത ദ്വീപില്‍ സ്വഭാവിക വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകളാണ് ഇതള്‍ വിരിയുന്നത്. ബോട്ടുകളും മുളം ചങ്ങാടങ്ങളും കടന്ന് വന്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന കാട്ടുപാതയിലൂടെ നടന്ന് കുറുവയുടെ ജൈവ വൈവിധ്യമാണ് ടൂറിസ്റ്റുകള്‍ ആസ്വദിക്കുന്നത്.വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഒഴിവാക്കാന്‍ പറ്റാത്ത വിനോദ കേന്ദ്രമായി വന്യജീവി സങ്കേതങ്ങള്‍ മാറിക്കഴിഞ്ഞു. തോല്‍പ്പെട്ടിയിലേക്കും മുത്തങ്ങയിലേക്കുമാണ് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെയും വൈകിട്ടുമായി നൂറുകണക്കിന് സഞ്ചാരികള്‍ വയനാടന്‍ കാടിനെയും വന്യമൃഗങ്ങളെയും അടുത്തറിയുന്നു.

ബാണാസുര സാഗര്‍ അണക്കെട്ട് വശ്യതയാര്‍ന്ന ദൃശ്യാനുഭവമാണ് നല്‍കുന്നത്. കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന കുന്നുകളും അതിനെ വലം വെക്കുന്ന ബോട്ടുയാത്രയും ഏവര്‍ക്കും അവിസ്മരണീയ അനുഭവങ്ങള്‍ നല്‍കും. രാജ്യത്ത് ഏറ്റവും സാധ്യതയുള്ള അന്‍പത് വിനോദ കേന്ദ്രങ്ങളില്‍ പതിമൂന്നാം സ്ഥാനമാണ് ബാണാസുര സാഗറിനുള്ളത്. പ്രതിദിനം 4000 സഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നു.

ചെമ്പ്രപീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തന്‍പാറ, മീന്‍മൂട്ടി, ബാണാസുര സ്‌നോഫോള്‍സ്എന്നിവിടങ്ങളിലൊക്കെ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ എത്തുന്നുണ്ട് ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ ഐ.ടി.ഹബ്ബുകളില്‍ നിന്നാണ് കൂടുതലായി ആഭ്യന്തര സഞ്ചാരികള്‍ വയനാട്ടിലേക്ക് യാത്ര തീരുമാനിക്കുന്നത്. വടക്കേ ഇന്ത്യയിലും വയനാട് അറിയപ്പെടാന്‍ തുടങ്ങിയതിന്റെ ഫലമായി ജില്ലയിലെ റിസോര്‍ട്ടുകള്‍ ഇവരെ വല വീശിപിടിക്കുന്നുണ്ട്. വയനാടിന്റെ സ്വന്തം ഉത്പന്ന വില്‍പ്പന വിപണിയിലും ഇത് ചലനമുണ്ടാക്കുന്നു. കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള വിപണി പച്ചപിടിക്കുന്നതായി വൈത്തിരി വില്ലേജ് ക്രാഫ്ട് ഉടമയായ സുജേഷ് മംഗലശ്ശേരി പറയുന്നു.

222 അംഗീകൃത സ്ഥാപനങ്ങള്‍ സഞ്ചാരികള്‍ക്ക് വയനാട്ടില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. 24 റിസോര്‍ട്ടുകളും 142 ഹോംസ്റ്റേയും 11 ഡോര്‍മിറ്ററികളും, 45 വില്ലകളും പ്രവര്‍ത്തിക്കുന്നു. 2009-10 കാലഘട്ടത്തില്‍ 82 സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് സൗകര്യങ്ങളും മൂന്നിരട്ടി വര്‍ധിച്ചത്.

സഞ്ചാരികളുടെ വര്‍ധന പ്രതിവര്‍ഷം ഉണ്ടാകുമ്പോഴും അതിനനുസരിച്ച് വിനോദ കേന്ദ്രങ്ങള്‍ മോടിയാകുന്നില്ല. പലയിടങ്ങളും അടിസ്ഥാന സൗകര്യവികസനത്തിന് ഇന്നും മടിച്ചു നില്‍ക്കുന്നു. ചീങ്ങേരി പാറ പുതിയ വിനോദകേന്ദ്രമായി മാറ്റാനുള്ള ഒരുക്കത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ .ഏഴുകോടി രൂപയുടെ പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ബത്തേരി ടൗണ്‍ സ്‌ക്വയര്‍ നിര്‍മിതിക്ക് 2കോടിരൂപയുടെ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. മാവിലാംതോട് പ്രൊജക്ട്, പഴശ്ശിടൂറിസ്റ്റ് റിസോര്‍ട്ട്, കര്‍ളാട് തടാകം വികസനം, മണിച്ചിറ പാര്‍ക്ക് എന്നിവയെല്ലാം അധികൃതരുടെ അവഗണനകൊണ്ട് മന്ദഗതിയിലാണ്. ഉത്തരവാദിത്ത ടൂറിസം മേഖലയും വേണ്ടത്ര ശ്രദ്ധലഭിക്കാതെ മങ്ങലേറ്റു. ശാസ്ത്രീയ പഠനങ്ങളും മികവുറ്റ പദ്ധതികളുമാണ് വയനാടിന് അനിവാര്യം.
16 Feb 2012 Mathrubhumi Wayanad News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക