.

.

Sunday, February 12, 2012

കടുവകളെ സംരക്ഷിക്കാന്‍ ഒരു പൂച്ചക്കണ്ണുകാരന്‍

വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കടുവകളെ സംരക്ഷിക്കാന്‍ ഹോളിവുഡിന്റെ 'പൂച്ചക്കണ്ണുകാരന്‍ വരുന്നു. ഇന്ത്യന്‍ കടുവകളുടെ പ്രധാന്യത്തെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള അവബോധം ലോകമെങ്ങും എത്തിക്കാനാണ് ലിയനാര്‍ഡോ ഡി കാപ്രിയോ എത്തുന്നത്. ജയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിലൂടെ താരപദവിയിലെത്തിയ ലിയനാര്‍ഡോ ഡി കാപ്രിയോ ഇന്ത്യന്‍ കടുവകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന വാര്‍ത്ത പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവാ സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ അദ്ദേഹം ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നും അവര്‍ പറയുന്നു. നിലവില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ (WWF) അംബാസിഡറായി പ്രവര്‍ത്തിക്കുകയാണു കാപ്രിയോ.

രണ്ടു വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണു കടുവാ സംരക്ഷണ പദ്ധതികള്‍ രാജ്യത്ത് ഉൌര്‍ജ്ജിതമാക്കിയത്. കടുവാ വേട്ടക്കാരുടെ തോക്കിന്‍ കുഴലില്‍ നിന്നും പരമ്പരാഗത ആചാരക്കാരുടെ കുന്തമുനകളില്‍ നിന്നും കടുവകളെ സംരക്ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ തയാറാക്കിയെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം കണ്ടിരുന്നില്ല. 2009ല്‍ 32 കടുവകളും 2010 ആരംഭത്തില്‍ തന്നെ മുന്നു കടുവകളും തോലിനായി വേട്ടക്കാര്‍ കൊലപ്പെടുത്തിയതായാണ് ഇന്ത്യന്‍ വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ കണക്കുകള്‍.

അടുത്തയിടെ ന്യൂയോര്‍ക്കില്‍ നടന്ന മഴക്കാടുകളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (Coalition for Rainforest Nations) വച്ചു പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ഡി കാപ്രിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണു ഇന്ത്യന്‍ കടുവകളെ സംരക്ഷിക്കാനുള്ള പദ്ധതിയില്‍ പങ്കെടുക്കാന്‍ കാപ്രിയോ തീരുമാനിച്ചത്. കാപ്രിയോ പദ്ധതിയുടെ ഭാഗമാകുന്നതു കടുവാ സംരക്ഷണത്തില്‍ നിര്‍ണായക നേട്ടമാണെന്നു പരിസ്ഥിതി മന്ത്രാലയം കരുതുന്നു. കടുവാ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാപ്രിയോ അടുത്തയിടെ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. ലോകവ്യാപകമായി 3200 കടുവകള്‍ മാത്രമാണു ശേഷിക്കുന്നതെന്നാണു കണക്കുകള്‍. ഇന്ത്യന്‍ കടുവകളുടെ എണ്ണം 1400 മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

ഒരു പ്രമുഖ ചാനലിന്റെ 'സേവ് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പ് ബോളിവുഡിലെ താരരാജാവ് അമിതാഭ് ബച്ചനും പ്രമുഖ മൊബൈല്‍ കമ്പനിയുടെ 'സേവ് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും കടുവാ സംരക്ഷണ പദ്ധതിയുടെ പ്രചാരകനായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത അവബോധം ഹോളിവുഡ് താരത്തിനു സൃഷ്ടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു പരിസ്ഥിതി മന്ത്രാലയം.
നിഷാദ് കുര്യന്‍ Manoramaonline >> Environment >> Green Heroes

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക